print edition സെക്രട്ടറിയറ്റിൽ നിയന്ത്രണം കടുപ്പിച്ചു; ‘ലാളിത്യം’ വാക്കിലൊതുങ്ങി

തിരുവനന്തപുരം: സെക്രട്ടറിയറ്റ് നോർത്ത് കവാടം തുറന്നു, അതിസുരക്ഷാ മേഖലയായ സെക്രട്ടറിയറ്റിൽ ആർക്കും എപ്പോഴും പ്രവേശനം, മന്ത്രിമാരുടെ ഓഫീസുകളിൽ നിയന്ത്രണങ്ങളില്ല– യുഡിഎഫ് അധികാരത്തിലേറിയശേഷം മാധ്യമങ്ങളുടെ പ്രകീർത്തനങ്ങൾ ഇങ്ങനെയായിരുന്നു. ആഴ്ചകൾ പിന്നിട്ടതോടെ ലാളിത്യത്തെപ്പറ്റി വാതോരാതെ പറഞ്ഞവർ തന്നെ വിമർശിച്ചുതുടങ്ങി.
സെക്രട്ടറിയറ്റിൽ നിയന്ത്രണം കടുപ്പിച്ചെന്ന് മാത്രമല്ല, മന്ത്രിമാരിൽനിന്നുവരെ മാധ്യമപ്രവർത്തകർക്ക് കയ്‌പേറിയ അനുഭവങ്ങളുണ്ടായി. സൗജന്യയാത്ര ഉദ്‌ഘാടനം ചിത്രീകരിക്കാൻ കെഎസ്‌ആർടിസി ബസിൽ കയറിയ ദൃശ്യമാധ്യമ പ്രവർത്തകനെ ഗതാഗത മന്ത്രി സി പി ജോൺ ഇറക്കിവിട്ടതാണ് അതിലൊന്ന്.
സെക്രട്ടറിയറ്റിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ള പ്രധാനപ്പെട്ട മന്ത്രിമാരുടെ ഓഫീസ് പ്രവർത്തിക്കുന്നത് നോർത്ത് ബ്ലോക്കിലാണ്. സമരങ്ങൾ നടക്കാറുള്ള നോർത്ത് കവാടം അടച്ചിടാറാണ് പതിവ്. യുഡിഎഫ് അധികാരത്തിലെത്തിയതോടെ കവാടം തുറന്നു എന്ന് മാധ്യമങ്ങൾ ആഘോഷിച്ചു.
സെക്രട്ടറിയറ്റിനുള്ളിലേക്ക് കോൺഗ്രസുകാർ കൂട്ടത്തോടെ കയറിയപ്പോൾ അതിനെ പ്രോത്സാഹിപ്പിച്ച മന്ത്രിമാർ, സെക്രട്ടറിയറ്റ് രാവണൻ കോട്ട അല്ലാതായി എന്നും പറഞ്ഞു. എന്നാൽ, ഇൗ സ്ഥിതി മാറാൻ ദിവസങ്ങൾ വേണ്ടിവന്നില്ല. നോർത്ത് കവാടം തുറക്കാതെയായി. മന്ത്രിമാരുടെ ഓഫീസുകളിലേക്കുള്ള സന്ദർശന സമയം നേരത്തേതുപോലെ പകൽ മൂന്നുമുതൽ അഞ്ചുവരെയാക്കി.
ഇപ്പോൾ, പിആർഡി അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്കുപോലും പ്രവേശനത്തിന് പ്രത്യേക അനുമതി വേണം. മാധ്യമങ്ങളുടെ എല്ലാ ചോദ്യത്തിനും മറുപടിയുണ്ടാകുമെന്ന് ആവർത്തിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ഇപ്പോൾ ഇഷ്ടമില്ലാത്ത ചോദ്യങ്ങൾക്ക് മുഖം കൊടുക്കാതെയായി.










0 comments