നവകേരളത്തിന് ശാസ്‌ത്രവെളിച്ചം പകർന്ന് കേരള ശാസ്‌ത്ര കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി : നവകേരളത്തിന് ശാസ്‌ത്രവെളിച്ചം പകർന്ന് മുപ്പത്തിയെട്ടാമത് കേരള ശാസ്‌ത്ര കോണ്‍ഗ്രസിന് ഔദ്യോഗിക തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എറണാകുളം സെന്റ് ആൽബർട്സ് കോളേജിലാണ് സയൻസ് കോൺഗ്രസ്.കേരള സർക്കാർ സ്ഥാപനമായ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (കെ എസ് സി എസ് ടി ഇ ) നേതൃത്വത്തിലാണ് ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്. വ്യവസായമന്ത്രി പി രാജീവ് ആമുഖപ്രസംഗം നടത്തി. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീര്‍ അധ്യക്ഷനായി. 2024ലെ കേരള ശാസ്ത്ര പുരസ്‌കാരം ഡോ. ടെസി തോമസിന് മുഖ്യമന്ത്രി സമ്മാനിച്ചു. കേരള സർക്കാരിന്റെ മറ്റ് ശാസ്ത്ര സാങ്കേതിക പുരസ്‌കാരങ്ങളും സമ്മാനിച്ചു.
ശനിയാഴ്‌ച നടന്ന സമാന്തര സാങ്കേതിക സെഷനുകളില്‍ പ്രമുഖ ശാസ്ത്രജ്ഞരും അക്കാദമിക വിദഗ്ധരും പേപ്പറുകൾ അവതരിപ്പിച്ചു. കൃഷി-–ഭക്ഷ്യ ശാസ്ത്ര സെഷനില്‍ പ്രൊഫ. ജിജു പി അലക്‌സും ബയോടെക്‌നോളജി സെഷനില്‍ ഡോ. രാജീവ് കെ സുകുമാരനും രാസശാസ്ത്ര സെഷനില്‍ പ്രൊഫ. എ അനൂപും സംസാരിച്ചു. വിവിധ സെഷനുകളിൽ പ്രൊഫ. പി ആർ ബിജു, പ്രൊഫ. ജോബി കെ ജോസ്, ഡോ. ജാക്‌സണ്‍ ജെയിംസ്, ഡോ. കെ ആർ മഹേന്ദ്രന്‍, പ്രൊഫ. ഉഷ കെ അരവിന്ദ്, ഡോ. പ്രമോദ് ജി കൃഷ്ണന്‍, പ്രൊഫ. വത്സമ്മ ജോസഫ്, ഡോ. ഡി ശിവാനന്ദ പൈ, പ്രൊഫ. കെ ആർ പ്രവീണ്‍ കൃഷ്ണ, പ്രൊഫ. കെ പി സുധീര്‍ തുടങ്ങിയവരും സംസാരിച്ചു.
കുഫോസ് സംഘടിപ്പിച്ച പ്രത്യേക പാനൽചർച്ചയിൽ ബ്ലൂ ഇക്കണോമി, ജൈവവിഭവങ്ങൾ, ശാസ്ത്രാധിഷ്ഠിത വികസനം എന്നിവയുടെ പങ്ക് വിലയിരുത്തി പ്രമുഖ ശാസ്ത്രജ്ഞരും മേഖലയിലെ വിദഗ്ധരും പങ്കെടുത്തു. കാർഷികഭക്ഷ്യ ശാസ്ത്രം, ബയോടെക്‌നോളജി, പരിസ്ഥിതി ശാസ്ത്രം, ആരോഗ്യ ശാസ്ത്രം, ഭൗതിക ശാസ്ത്രം, എൻജിനീയറിങ്ങും സാങ്കേതികവിദ്യയും, മത്സ്യബന്ധന-മൃഗസംരക്ഷണ ശാസ്ത്രം, ശാസ്ത്രീയ സാമൂഹിക ഉത്തരവാദിത്വം എന്നിവ ഉൾപ്പെടെ 13 വിഷയമേഖലകളിലായാണ് സാങ്കേതിക സെഷനുകൾ നടക്കുന്നത്.
ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. പ്രദർശനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 165സ്ഥാപനങ്ങളും സംഘടനകളും പങ്കെടുക്കുന്നു. ദേശീയ ഗവേഷണ സ്ഥാപനങ്ങൾ, സംസ്ഥാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ വകുപ്പുകൾ, എൻജിഒ കൾ, ഇൻക്യുബേറ്ററുകൾ, സ്റ്റാർട്ടപ്പുകൾ, വിവിധ സംസ്ഥാന ശാസ്ത്ര കൗൺസിലുകൾ എന്നിവയുടെ വിപുലമായ പങ്കാളിത്തം പ്രദർശനത്തിന്റെ പ്രത്യേകതയായിരിക്കും. സമുദ്ര ശാസ്ത്രം, ബ്ലൂ ഇക്കണോമി, കാലാവസ്ഥാ മാറ്റം, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലെ നവീന ഗവേഷണങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും നേരിട്ട് പരിചയപ്പെടാൻ ദേശീയ ശാസ്ത്ര പ്രദർശനം വേദിയാകും.










0 comments