ad
Deshabhimani

കേരള ശാസ്‌ത്ര കോൺഗ്രസ്‌

print edition വേണ്ടത്‌ ശരിയായ ശാസ്‌ത്രബോധവും ചരിത്രബോധവും: മുഖ്യമന്ത്രി

SCIENCE CONGRESS

38–ാമത് കേരള ശാസ്ത്ര കോൺഗ്രസ്‌ എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിറ്റൽ ദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Feb 02, 2026, 12:01 AM | 2 min read

കൊച്ചി: ശാസ്‌ത്ര ചരിത്രത്തെ കെട്ടുകഥകളും കേട്ടുകേൾവികളുമായി ബന്ധപ്പെടുത്താനുള്ള ശ്രമം നടക്കുന്പോൾ സമൂഹത്തിന്‌ ശരിയായ ശാസ്‌ത്രബോധവും ചരിത്രബോധവും പകരേണ്ടത്‌ അനിവാര്യമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കാനും സമൂഹത്തിൽ ശാസ്‌ത്രീയചിന്തയും യുക്തിബോധവും വളർത്താനും കേരള ശാസ്‌ത്ര കോൺഗ്രസുകൾക്കായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 38–ാമത്‌ കേരള ശാസ്‌ത്ര കോൺഗ്രസും ദേശീയ ശാസ്‌ത്രപ്രദർശനവും കൊച്ചിയിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


​രാജ്യത്ത്‌ ശാസ്‌ത്രീയ ചിന്താഗതിക്കും യുക്തിബോധത്തിനുംമേൽ ചാതുർവർണ്യത്തിന്റെയും ജാതിവിവേചനത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാർമേഘം പടരുകയാണ്‌. ഐതിഹ്യങ്ങളിലെയും പുരാവൃത്തങ്ങളിലെയും കഥകളെ പണ്ടേ ഇവിടെയുണ്ടായിരുന്ന കണ്ടുപിടിത്തമാക്കിമാറ്റി പ്രചരിപ്പിക്കുന്നു. അന്ധവിശ്വാസങ്ങളെ പുനരുജ്ജീവിപ്പിച്ച്‌ ശാസ്‌ത്രാവബോധത്തെ ഇല്ലാതാക്കാനാണ്‌ ശ്രമം. ശാസ്‌ത്രത്തിന്റെ ശേഷിയിൽ വിശ്വാസമർപ്പിച്ച്‌ മാനവികപക്ഷത്ത്‌ ഉറച്ചുനിന്നാലേ ഇത്തരം നീക്കങ്ങളെ ചെറുക്കാനാകൂ. അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും ശാസ്‌ത്രം ചോദ്യംചെയ്‌തു. സ്‌ത്രീവിരുദ്ധതയുടെ ഇരിപ്പിടങ്ങളായ പല അനാചാരങ്ങളും തുടച്ചുനീക്കപ്പെട്ടു.


ശാസ്‌ത്രാവബോധത്തിന്റെ പാതയിൽ അചഞ്ചലമായി സഞ്ചരിച്ച ചരിത്രമാണ്‌ കേരള ശാസ്‌ത്ര കോൺഗ്രസിനുള്ളത്‌. ശാസ്‌ത്രം ഭരണത്തിന്റെ ഭാഗമായതിലൂടെ പത്തുവർഷത്തിൽ കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടായി. പരിമിത വിഭവശേഷിയിൽനിന്നുകൊണ്ട്‌ ശക്തമായ മാതൃകകൾ അവതരിപ്പിക്കാനുമായി. ശാസ്‌ത്ര കോൺഗ്രസിൽ രൂപപ്പെട്ട ആശയങ്ങൾ സാമൂഹ്യ വികാസത്തിനും വ്യാവസായിക വളർച്ചയ്‌ക്കും വലിയ സംഭാവന നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.


ശാസ്‌ത്രപുരസ്‌കാരങ്ങൾ 
മുഖ്യമന്ത്രി സമ്മാനിച്ചു


കൊച്ചി: കേരള ശാസ്‌ത്ര കോൺഗ്രസ്‌ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ശാസ്‌ത്രപുരസ്‌കാരങ്ങൾ സമ്മാനിച്ചു. 2024ലെ കേരള ശാസ്ത്രപുരസ്‌കാരത്തിന് അര്‍ഹയായ ഡോ. ടെസി തോമസ്‌ ഉൾപ്പെടെയുള്ള പ്രതിഭകൾ മുഖ്യമന്ത്രിയിൽനിന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങി.


മിസൈൽ വനിത എന്നറിയപ്പെടുന്ന ഡോ. ടെസി തോമസ്‌ ആമുഖം ആവശ്യമില്ലാത്ത, മലയാളികൾക്കാകെ അഭിമാനമായ ശാസ്‌ത്രജ്ഞയാണെന്ന്‌ പുരസ്‌കാരം സമ്മാനിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരം, മികച്ച ശാസ്ത്രജ്ഞ പുരസ്‌കാരം, ശാസ്ത്രസാഹിത്യ, മാധ്യമ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതിക പുരസ്‌കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു.


വ്യവസായമന്ത്രി പി രാജീവ് ആമുഖപ്രഭാഷണം നടത്തി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ മുഖ്യാതിഥിയായി.

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീര്‍ അധ്യക്ഷനായി. സയന്‍സ് കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്‌സണ്‍കൂടിയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ മുന്‍ ഡയറക്ടര്‍ പ്രൊഫ. പി ബലറാം, മേയര്‍ വി കെ മിനിമോള്‍, ടി ജെ വിനോദ്‌ എംഎല്‍എ, ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ. എ സാബു, ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ നാറ്റ്പാക് ഡയറക്ടര്‍ ഡോ. ആർ ആശാലത, സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പൽ ഡോ. ജോസഫ് ജസ്റ്റിന്‍ റിബെല്ലോ, മാനേജര്‍ റവ. ഡോ. ആന്റണി തോപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home