ad
Deshabhimani

​ഇടപെടൽ ശാസ്ത്രബോധമുള്ള 
ജനതയെ വളർത്താൻ

print edition കേരള ശാസ്ത്ര കോണ്‍ഗ്രസിന് തുടക്കം ; ദേശീയതലത്തിൽ കേരളത്തിന്റെ ബദലും പ്രതിരോധവും

Kerala Science Congress

കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ആദ്യ ദിനത്തിൽ നടന്ന സയന്‍സ് മീറ്റ് ഓൾ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ 
എഡ്യൂക്കേഷന്‍ മുന്‍ ചെയര്‍മാന്‍ പ്രൊഫ. ടി ജി സീതാറാം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 31, 2026, 02:28 AM | 3 min read


കൊച്ചി

കേന്ദ്രസർക്കാർ ഇന്ത്യൻ ശാസ്‌ത്ര കോൺഗ്രസ്‌ ഉപേക്ഷിച്ചിട്ട്‌ മൂന്നുവർഷം പിന്നിടുന്പോൾ രാജ്യത്തിന്റെയാകെ സവിശേഷ ശ്രദ്ധനേടുകയാണ്‌, കൊച്ചിയിൽ ആരംഭിച്ച 38–ാമത്‌ കേരള ശാസ്‌ത്ര കോൺഗ്രസ്‌. ഇവിടെ ഉയരുന്ന ശാസ്‌ത്രചിന്തയ്‌ക്കും അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾക്കുമൊപ്പം പ്രസരിക്കുന്ന രാഷ്‌ട്രീയ സന്ദേശമാണ്‌ സമകാല ഇന്ത്യൻ സാഹചര്യങ്ങളിൽ കേരള ശാസ്‌ത്ര കോൺഗ്രസിനെ കൂടുതൽ പ്രസക്തമാക്കുന്നത്‌. എറണാകുളം സെന്റ്‌ ആൽബർട്‌സ്‌ കോളേജിൽ ആരംഭിച്ച ശാസ്‌ത്ര കോൺഗ്രസിന്റെയും ദേശീയ ശാസ്‌ത്ര പ്രദർശനത്തിന്റെയും ഒ‍ൗപചാരിക ഉദ്‌ഘാടനം ഞായറാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.


ഒരു നൂറ്റാണ്ടിലേറെ രാജ്യത്തെ ഏറ്റവും ഉയർന്ന അക്കാദമിക് വേദിയായിരുന്ന ഇന്ത്യൻ ശാസ്‌ത്ര കോൺഗ്രസ് നാലുവർഷമായി കേന്ദ്രസർക്കാർ സംഘടിപ്പിച്ചിട്ടില്ല. കേന്ദ്ര ഇടപെടൽമൂലം ശാസ്‌ത്ര സാങ്കേതിക മന്ത്രാലയം പിന്തുണ പിൻവലിച്ചതോടെയാണ്‌ 108 പതിപ്പ്‌ പൂർത്തിയാക്കിയ ഇന്ത്യൻ ശാസ്‌ത്ര കോൺഗ്രസ് ഇല്ലാതായത്‌. ഇ‍ൗ സാഹചര്യത്തിൽ, കേരളം സംഘടിപ്പിക്കുന്ന ശാസ്ത്ര കോൺഗ്രസ്‌ ശാസ്ത്രീയ സ്വയംഭരണത്തിന്റെയും ഫെഡറലിസത്തിന്റെയും ഏറ്റവും ഉയർന്ന തലത്തിലുള്ള വേദിയായി മാറുകയാണ്‌. രാജ്യത്തെന്പാടുംനിന്നുള്ള ശാസ്‌ത്ര സാങ്കേതിക രംഗത്തെ പ്രഗല്‌ഭരെ പങ്കെടുപ്പിച്ചാണ്‌ മഹാ സംരംഭം ഒരുക്കിയിട്ടുള്ളത്‌.


ഐഐഎസ്‌-സി, ഐഐടി തുടങ്ങിയ പ്രമുഖ കേന്ദ്ര സ്ഥാപനങ്ങളെയും ശാസ്‌ത്ര കോൺഗ്രസ്‌ വേദിയിലേക്ക്‌ ക്ഷണിച്ചതിലൂടെ, ശാസ്ത്രീയ അന്വേഷണങ്ങളുടെ രക്ഷാധികാരി എന്ന നിലയിലുള്ള പങ്കിൽനിന്ന് കേന്ദ്രം പിന്മാറിയാൽ, ആ സ്ഥാനം ഏറ്റെടുക്കാൻ സംസ്ഥാനങ്ങൾ തയ്യാറാണെന്ന സന്ദേശവും കേരളം നൽകുന്നു.

യുക്തിചിന്ത രാഷ്ട്രീയ ആയുധമായ കേരളത്തിന്റെ സവിശേഷ രാഷ്ട്രീയ അന്തരീക്ഷത്തിൽ, ശാസ്ത്രബോധം മതനിരപേക്ഷതയുടെയും യുക്തിചിന്തയുടെയും പര്യായമായാണ് പ്രയോഗിക്കപ്പെടുന്നത്‌. മിഥ്യകളെ പൊളിച്ചെഴുതുക, തെറ്റായ വിവരങ്ങളെ ചെറുക്കുക എന്നിവയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങളെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ ദേശീയതലത്തിൽ മുറുകുന്പോൾ, ബദൽ രാഷ്ട്രീയത്തിലാണ്‌ കേരളത്തിന്റെ ഉ‍ൗന്നൽ. നെഹ്‌റുവിയൻ ശാസ്ത്ര പാരമ്പര്യത്തിന്റെ കോട്ടയായി സംസ്ഥാനത്തെ അവതരിപ്പിക്കുന്നതിലൂടെ, കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെയുള്ള ശാസ്‌ത്രീയ ബദലായും ഇത്‌ മാറുന്നു.


​ഇടപെടൽ ശാസ്ത്രബോധമുള്ള 
ജനതയെ വളർത്താൻ

ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിലെ ദീർഘവീക്ഷണം, ശാസ്ത്രബോധമുള്ള ജനതയെ വളർത്തുന്നതിൽ സംസ്ഥാനത്തിനുള്ള പങ്കിനെ ഉ‍ൗട്ടിയുറപ്പിക്കുകയാണെന്ന്‌ കേരള ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി ക‍ൗൺസിൽ (കെഎസ്‌-സി എസ്ടിഇ) മെന്പർ സെക്രട്ടറി പ്രൊഫ. എ സാബു പറഞ്ഞു. വെറും വിദ്യാഭ്യാസത്തെക്കുറിച്ചല്ല, മറിച്ച് ആധുനികവും ഹൈടെക്കുമായ ഭാവി നിർമിക്കുന്ന ശിൽപ്പിയായി സർക്കാരിനെ ജനങ്ങൾക്കിടയിൽ പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യംകൂടി ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.


തൊട്ടറിയാം ഭൂഗോളത്തിന്റെ സ്‌പന്ദനം

"നോട്ട്‌ എക്‌സി'ൽ പിടിച്ചുനോക്കി സംശയമേതുമില്ലാതെ കാഴ്‌ചപരിമിതനായ ആന്റണി 100 രൂപ നോട്ട്‌ എടുത്തുനീട്ടി, ചുറ്റുംനിന്ന എല്ലാവരും കൈയടിച്ചു. സന്തോഷത്തോടെ അവനും ചിരിച്ചു, മുന്നിലുള്ള ഇരുട്ടിനെ മറികടന്ന്‌ നേടിയ പുഞ്ചിരി. കണക്കിനെ തൊട്ടറിഞ്ഞ്‌ പഠിക്കുകയാണ്‌ കുട്ടികൾ, "സ്‌പർശഗണിത'ത്തിലൂടെ. കാഴ്‌ചപരിമിതിയുള്ള കുട്ടികൾക്കായി കേരള സംസ്ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി ക‍ൗൺസിൽ (കെഎസ്‌സിഎസ്‌ടിഇ) തയ്യാറാക്കിയതാണ്‌ "സ്‌പർശഗണിതം'. ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ്‌ ഓപ്പൺ സോഴ്‌സ്‌ സൊല്യൂഷൻ (ഐസിഎഫ്‌ഒഎസ്‌എസ്‌) സഹായത്തോടെ നിർമിച്ച നോട്ടുകൾ തൊട്ടറിയാൻ സഹായിക്കുന്ന "നോട്ട്‌ എക്‌സ്‌' ഇതിൽ എടുത്തുപറയേണ്ടത്‌. ചെറിയ പേഴ്‌സുപോലെയിരിക്കുന്ന നോട്ട്‌ എക്‌സ്‌ ഓരോ നോട്ടിന്റെയും വലിപ്പമനുസരിച്ച്‌ തിരിച്ചറിയാൻ കുട്ടികളെ സഹായിക്കും. ബ്രെയിലി ലിപിയിൽ സംഖ്യകളും സൂചിപ്പിച്ചിട്ടുണ്ടാകും. കേരള ശാസ്‌ത്ര കോൺഗ്രസിന്റെ ഭാഗമായുള്ള ശാസ്‌ത്രപ്രദർനത്തിലെ "സ്‌പർശഗണിത'ത്തിനായി പ്രത്യേക സ്റ്റാളുണ്ട്‌.


സംഖ്യകളെ തൊട്ടറിഞ്ഞ്‌ മുന്നോട്ടുപോകാൻ സാധിക്കുന്ന പാമ്പും കോണിയും കളിയുടെ ബോർഡ്‌, കണക്കിലെ സ്ഥാനവില കണ്ടെത്താനുള്ള ബോർഡ്‌ ഇവയെല്ലാം കുട്ടികൾക്കായി നൽകിയിട്ടുണ്ട്‌. ആലുവ സ്കൂൾ ഫോർ ബ്ലൈൻഡിലെ നാലാംക്ലാസ്‌ വിദ്യാർഥി ആന്റണി ആൽജിനും കൂട്ടുകാരുമാണ്‌ ആദ്യദിനം വളന്റിയർമാർക്കൊപ്പം സ്റ്റാളിൽ ഉണ്ടായിരുന്നത്‌.


chess
കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി ആരംഭിച്ച സയന്‍സ് 
എക്-സ്‌പോയിൽ ‘സ്-പര്‍ശഗണിതം’ സ്റ്റാളിലെ ഇന്ററാക്ടീവ് സോണിൽ സന്ദര്‍ശകര്‍ക്കൊപ്പം ചെസ് കളിക്കുന്ന കാഴ്ചപരിമിതിയുള്ള വിദ്യാർഥി
വി എ മുഹമ്മദ്


കുട്ടിശാസ്‌ത്രജ്ഞരുടെ ലോകം

മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടായാൽ മണ്ണിനടിയിൽപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനുള്ള കണ്ടുപിടിത്തവുമായാണ്‌ എൻ എ മുഹമ്മദ്‌ യാസിൻ ശാസ്‌ത്ര കോൺഗ്രസിൽ എത്തിയിരിക്കുന്നത്‌. ഡ്രോണിൽ ഘടിപ്പിച്ച്‌ പ്രവർത്തിപ്പിക്കാനാകുന്ന യന്ത്രം മണ്ണിനടിയിൽപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കുമെന്ന്‌ യാസിൻ പറഞ്ഞു. തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ കുട്ടികൾക്കായുള്ള രക്ഷാപ്രവർത്തനങ്ങൾക്കിടെ മരിച്ച നാവികസേന മുൻ ഉദ്യോഗസ്ഥൻ സമൻ കുനാനോടുള്ള ആദരസൂചകമായി "സമൻ കുനാൻ' എന്നാണ്‌ യന്ത്രത്തിന്‌ പേര്‌ നൽകിയിരിക്കുന്നത്‌. കേരള ദുരന്തനിവാരണ അതോറിറ്റിയുമായി കണ്ടുപിടിത്തെക്കുറിച്ച്‌ ചർച്ച നടത്തിയിട്ടുണ്ട്‌ യാസിൻ. കുട്ടിശാസ്‌ത്രജ്ഞരുടെ നിരതന്നെയുണ്ട്‌ "കല്‍പ്പന ചൗള സയന്‍സ് സെന്ററിൽ'. അവരുടെ പുതിയ ആശയങ്ങളുമായി യങ് ഇന്നൊവേറ്റേഴ്‌സ്‌ പ്രോഗ്രാമിന്റെ വലിയ സ്റ്റാളാണ്‌ കേരള ശാസ്‌ത്ര കോൺഗ്രസിന്റെ ഭാഗമായുള്ള ശാസ്‌ത്രപ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്‌.


ശാസ്‌ത്ര ക‍ൗതുകങ്ങളുമായി 
"കല്‍പ്പന ചൗള സയന്‍സ് സെന്റര്‍'

ശാസ്‌ത്ര ക‍ൗതുകങ്ങളുടെ വിശാലലോകം തുറന്നിടുകയാണ്‌ കേരള ശാസ്‌ത്ര കോൺഗ്രസിന്റെ ഭാഗമായുള്ള സയൻസ്‌ എക്‌സ്‌പോ. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് എച്ച്‌എസ്‌എസ്‌ ഗ്ര‍ൗണ്ടിൽ ആരംഭിച്ച എക്‌സ്‌പോയ്‌ക്ക്‌ ആദ്യദിനംതന്നെ വലിയ സ്വീകാര്യതയാണ്‌ ലഭിച്ചത്‌.


"ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങളിലേക്കെത്തിക്കുക' എന്ന ലക്ഷ്യത്തോടെയാണ്‌ കല്‍പ്പന ചൗള സയന്‍സ് സെന്റര്‍ എന്ന പേരിലുള്ള പ്രദർശനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 180ലധികം സ്ഥാപനങ്ങളും സംഘടനകളും പങ്കാളികളാണ്‌. തത്സമയ സാങ്കേതിക പ്രകടനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകളും ഇന്‍ക്യുബേറ്ററുകളും, വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടിയുള്ള ഇന്ററാക്ടീവ് ശാസ്ത്രപ്രദര്‍ശനങ്ങള്‍ എന്നിവയാണ് പ്രധാന ആകർഷണം. രാജ്യത്തെ ശാസ്ത്രസാങ്കേതിക രംഗത്തെ മുന്‍നിര സ്ഥാപനങ്ങളെ ഒരുമിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ദേശീയ ഗവേഷണ സ്ഥാപനങ്ങള്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, എന്‍ജിഒകള്‍, ഇന്‍ക്യുബേറ്ററുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വിവിധ സംസ്ഥാന ശാസ്ത്ര കൗണ്‍സിലുകള്‍ തുടങ്ങിയവരെല്ലാം ഭാഗമാണ്‌. ബഹിരാകാശം, സമുദ്രശാസ്ത്രം, നീല സമ്പദ്‌വ്യവസ്ഥ, കാലാവസ്ഥാ മാറ്റം, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര വികസനം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ പുതിയ ഗവേഷണങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും നേരിട്ടറിയാനുള്ള അവസരംകൂടിയാണ്‌ പ്രദർശനം.


science
കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി ആരംഭിച്ച സയന്‍സ് എക്സ്‌പോ മേയർ വി കെ മിനിമോൾ 
ഉദ്‌ഘാടനം ചെയ്യുന്നു


എക്സ്‌പോ കൊച്ചി മേയര്‍ വി കെ മിനിമോള്‍ ഉദ്ഘാടനം ചെയ്തു. കെഎസ്‌സിഎസ്‌ടിഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീര്‍ അധ്യക്ഷനായി. കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ്‌ ഉപദേഷ്ടാവ് ഡോ. നിഷ മെന്‍ഡിരാറ്റ, സെന്റ് ആല്‍ബര്‍ട്‌സ് എച്ച്‌എസ്‌എസ്‌ പ്രിന്‍സിപ്പല്‍ ബില്‍ഫി സെബാസ്റ്റ്യന്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ. എ സാബു, സെന്റ് ആല്‍ബര്‍ട്സ് കോളേജ് മാനേജര്‍ ഡോ. ആന്റണി തോപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫെബ്രുവരി രണ്ടുവരെ രാവിലെ ഒമ്പതുമുതൽ വൈകിട്ട് ഏഴുവരെയുള്ള പ്രദർശനത്തിൽ പ്രവേശനം സ‍ൗജന്യമാണ്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home