ad
Deshabhimani

print edition ശാസ്ത്രീയ ബദലുയർത്തി 
ശാസ്‌ത്ര കോൺഗ്രസ്‌ ; കേരള ശാസ്‌ത്ര കോണ്‍ഗ്രസ്‌ സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 03, 2026, 01:23 AM | 1 min read


കൊച്ചി​

നവകേരളത്തിന്‌ ശാസ്‌ത്രവെളിച്ചം പകർന്ന്, 38–-ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന് ഉജ്വല സമാപനം. ശാസ്ത്രീയ ഗവേഷണങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുന്ന പുതുമയുള്ള ആശയങ്ങളുടെ ചർച്ചാകേന്ദ്രമായി നാലുദിവസത്തെ ശാസ്ത്ര കോണ്‍ഗ്രസ്‌. എറണാകുളം സെന്റ്‌ ആൽബർട്‌സ്‌ കോളേജിൽ കേരള സംസ്ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി ക‍ൗൺസിലിന്റെ (കെഎസ്‌സിഎസ്‌ടിഇ) ആഭിമുഖ്യത്തിലാണ്‌ ശാസ്‌ത്ര കോൺഗ്രസ്‌ സംഘടിപ്പിച്ചത്‌.


ദേശീയ ശാസ്‌ത്ര മീറ്റ്, ദേശീയ ശാസ്‌ത്ര പ്രദർശനം, വിവിധ സാങ്കേതിക സെഷനുകൾ, പോസ്റ്റർ അവതരണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് ശാസ്‌ത്ര കോൺഗ്രസിന്റെ ഭാഗമായി നടന്നത്. പ്രാദേശികപ്രശ്നങ്ങൾക്ക് ശാസ്ത്രീയപരിഹാരം തേടുന്ന ‘സൈസോൾ' മത്സരം, കുട്ടികളും ശാസ്ത്രജ്ഞരും തമ്മിലുള്ള സംവാദമായ ‘വാക് വിത്ത് സയന്റിസ്റ്റ്', ചോദ്യോത്തര വേളകൾ തുടങ്ങിയവ വിജ്ഞാനപ്രദമായി. 11 സംസ്ഥാനങ്ങളിൽനിന്നുള്ള ശാസ്ത്ര കൗൺസിൽ പ്രതിനിധികളും കേന്ദ്രസർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർഥികളുമടക്കം രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു. സംസ്ഥാന ആവശ്യങ്ങള്‍ ദേശീയ ലക്ഷ്യങ്ങളുമായി ഏകോപിപ്പിക്കുന്ന കേരള മാതൃകയായി ശാസ്‌ത്ര കോൺഗ്രസ്‌ മാറി. ശാസ്ത്രത്തെ ജനജീവിതവുമായി ബന്ധിപ്പിച്ച വികസനമാതൃകയിലൂടെ കേരളം രാജ്യത്തിന് മാതൃകയാണെന്ന്‌ ശാസ്‌ത്ര കോൺഗ്രസ്‌ വിലയിരുത്തി.


​സമാപന സമ്മേളനത്തിൽ കലക്‌ടർ ജി പ്രിയങ്ക മുഖ്യപ്രഭാഷണം നടത്തി. ശാസ്‌ത്ര കോൺഗ്രസ്‌ പ്രസിഡന്റ്‌ പ്രൊഫ. കെ പി സുധീർ അധ്യക്ഷനായി. ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗണ്‍സില്‍-–നാറ്റ്പാക് ഡയറക്ടര്‍ ഡോ. ആർ ആശാലത റിപ്പോർട്ട്‌ അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ, കുഫോസ്‌ വിസി പ്രൊഫ. എ ബിജുകുമാർ, കുസാറ്റ്‌ വിസി പ്രൊഫ. എം ജുനൈദ്‌ ബുഷിരി, എംജി സർവകലാശാല വിസി പ്രൊഫ. സി ടി അരവിന്ദകുമാർ, ശാസ്‌ത്ര കോൺഗ്രസ്‌ ജനറൽ കൺവീനർ പ്രൊഫ. എ സാബു, ജോയിന്റ്‌ കൺവീനർ ഡോ. സി അരുണൻ, സെന്റ് ആൽബര്‍ട്സ് കോളേജ് പ്രിന്‍സിപ്പൽ ഡോ. ജോസഫ് ജസ്റ്റിന്‍ റിബെല്ലോ തുടങ്ങിയവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home