മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
print edition നവകേരളത്തിന് ശാസ്‌ത്രവെളിച്ചം പകർന്ന് കേരള ശാസ്‌ത്ര കോണ്‍ഗ്രസ്

കോട്ടയം ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്‌റ്റഡീസ് സ്റ്റാളിൽ ‘എക്കോ റണ്ണർ’ വീഡിയോ ഗെയിം പരിചയപ്പെടുത്തുന്നു
കൊച്ചി
നവകേരളത്തിന് ശാസ്‌ത്രവെളിച്ചം പകർന്ന മുപ്പത്തിയെട്ടാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്‌ച നിര്‍വഹിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ വ്യവസായമന്ത്രി പി രാജീവ് ആമുഖപ്രസംഗം നടത്തും. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീര്‍ അധ്യക്ഷനാകും. 2024ലെ കേരള ശാസ്ത്ര പുരസ്‌കാരം ഡോ. ടെസി തോമസിന് മുഖ്യമന്ത്രി സമ്മാനിക്കും.
ശനിയാഴ്‌ച സമാന്തര സാങ്കേതിക സെഷനുകളില്‍ പ്രമുഖ ശാസ്ത്രജ്ഞരും അക്കാദമിക വിദഗ്ധരും പേപ്പറുകൾ അവതരിപ്പിച്ചു. കൃഷി-–ഭക്ഷ്യ ശാസ്ത്ര സെഷനില്‍ പ്രൊഫ. ജിജു പി അലക്‌സും ബയോടെക്‌നോളജി സെഷനില്‍ ഡോ. രാജീവ് കെ സുകുമാരനും രാസശാസ്ത്ര സെഷനില്‍ പ്രൊഫ. എ അനൂപും സംസാരിച്ചു. വിവിധ സെഷനുകളിൽ പ്രൊഫ. പി ആർ ബിജു, പ്രൊഫ. ജോബി കെ ജോസ്, ഡോ. ജാക്‌സണ്‍ ജെയിംസ്, ഡോ. കെ ആർ മഹേന്ദ്രന്‍, പ്രൊഫ. ഉഷ കെ അരവിന്ദ്, ഡോ. പ്രമോദ് ജി കൃഷ്ണന്‍, പ്രൊഫ. വത്സമ്മ ജോസഫ്, ഡോ. ഡി ശിവാനന്ദ പൈ, പ്രൊഫ. കെ ആർ പ്രവീണ്‍ കൃഷ്ണ, പ്രൊഫ. കെ പി സുധീര്‍ തുടങ്ങിയവരും സംസാരിച്ചു.
കുഫോസ് സംഘടിപ്പിച്ച പ്രത്യേക പാനൽചർച്ചയിൽ ബ്ലൂ ഇക്കണോമി, ജൈവവിഭവങ്ങൾ, ശാസ്ത്രാധിഷ്ഠിത വികസനം എന്നിവയുടെ പങ്ക് വിലയിരുത്തി പ്രമുഖ ശാസ്ത്രജ്ഞരും മേഖലയിലെ വിദഗ്ധരും പങ്കെടുത്തു. കുഫോസ് വൈസ് ചാൻസലർ ഡോ. എ ബിജുകുമാർ അധ്യക്ഷനായി.
നൂതന ആശയങ്ങളുടെ വേദിയായി ‘സൈസോൾ’
കേരളത്തിലെ യുവപ്രതിഭകൾ ശാസ്ത്രാധിഷ്ഠിത നൂതന ആശയങ്ങള്‍ അവതരിപ്പിച്ച ‘സൈസോള്‍’ കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ശ്രദ്ധാകേന്ദ്രമായി. എറണാകുളം ജില്ല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരമാകുന്ന ആശയങ്ങള്‍ നിര്‍ദേശിക്കുന്ന മത്സരമാണ് ‘സൈസോള്‍’ അഥവാ സയന്റിഫിക് സൊല്യൂഷന്‍.
തെറ്റിദ്ധരിപ്പിച്ച് പാനീയങ്ങളിലും ജൈവസാമ്പിളുകളിലും എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകള്‍ കലര്‍ത്തി നല്‍കുന്നത് കണ്ടെത്താനുള്ള സംവിധാനം ഇവിടെ പരിചയപ്പെടുത്തി. പോര്‍ട്ടബിള്‍ പാച്ച്‌ലാറ്ററല്‍ ഫ്ലോ സ്ട്രിപ്പ് അധിഷ്ഠിത സെന്‍സര്‍ സംവിധാനമാണ് കുസാറ്റിലെ കശ്യപ് കെ രഞ്ജിത്ത്, ലീന്‍ മരിയന്‍, എൻ എസ് അനുകൃഷ്ണ, ഒ വി ശ്രേയ എന്നിവര്‍ അവതരിപ്പിച്ചത്. ഗർഭനിർണയം നടത്തുന്ന സ്‌ട്രിപ്പുകളുടെ മാതൃകയിലാണിവ.
സ്മാര്‍ട്ട്ഫോൺ കാമറ ഉപയോഗിച്ച് കണ്ണിന്റെ ‘പ്യൂപ്പില്‍’ വിശകലനം ചെയ്ത് മയക്കുമരുന്ന് ഉപയോഗസാധ്യത കണ്ടെത്തുന്ന പ്രാഥമിക സ്‌ക്രീനിങ് സംവിധാനമായ ‘ഓപ്റ്റിട്രേസ്' രാജഗിരി സ്‌കൂള്‍ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ എസ് സാരംഗ്, കെ എസ് സൂര്യദാസ്, റോയ് ലിജോ ചിറ്റിശേരി, സി ജെ മുഹമ്മദ് ആദില്‍ എന്നിവർ അവതരിപ്പിച്ചു.
പാലക്കാട് ഗവ. എൻജിനീയറിങ് വിദ്യാർഥിനി ആർ ദര്‍ശന അവതരിപ്പിച്ച എഐ അധിഷ്ഠിത അകൗസ്റ്റിക് മോണിറ്ററിങ് സംവിധാനം ശ്രദ്ധേയമായി. നിശ്ചലജലാശയങ്ങളില്‍ കൊതുകിന്റെ ലാര്‍വകളെ ശബ്ദതരംഗങ്ങള്‍ വിശകലനംചെയ്ത് കണ്ടെത്തുന്ന സംവിധാനം ഡെങ്കിപ്പനിപോലുള്ളവ തടയാന്‍ സഹായകമാകും.
ആംബുലന്‍സുകള്‍ക്ക് തടസ്സമില്ലാതെ കൊച്ചിയിലൂടെ സഞ്ചരിക്കുന്നതിന് ട്രാഫിക് സിഗ്നലുകളെ നിയന്ത്രിക്കാനുള്ള സംവിധാനമാണ് തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളേജിലെ ഗൗതമും അക്ഷയും അവതരിപ്പിച്ചത്. മത്സരവിജയികളെ തിങ്കളാഴ്‌ച സമാപന സെഷനില്‍ പ്രഖ്യാപിക്കും.
എക്കോ റണ്ണർ കളിക്കാം, ചുട്ടുപൊള്ളുന്ന ഭൂമിയെ അറിയാം
ആഗോളതാപനത്താൽ ചുട്ടുപൊള്ളുന്ന ഭൂമിയെ ‘എക്കോ റണ്ണർ’ വീഡിയോ ഗെയിമിലൂടെ പരിചയപ്പെടുത്തുകയാണ് കോട്ടയം ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്‌റ്റഡീസ്. ഗെയിമിലെ കഥാപാത്രം സഞ്ചരിക്കുന്ന വഴിയിലുള്ള കാർബൺ ഡയോക്‌സൈഡ് ഒഴിവാക്കി പുനരുപയോഗ ഉൗർജം കൂടുതൽ നേടിയാലേ ഗെയിം വിജയിക്കാൻ കഴിയൂ.
പുനരുപയോഗ ഉൗർജത്തിന്റെ പ്രാധാന്യം പറയുന്ന ഗെയിം, കേരള ശാസ്‌ത്ര കോൺഗ്രസിലെത്തുന്നവർക്ക് കൗതുകമാവുകയാണ്. 1875 മുതൽ ഭൂമിയുടെ ചൂട് വർധിക്കുന്നതിന്റെ ഗ്രാഫും പ്രദർശിപ്പിച്ചിട്ടുണ്ട്. കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വരുംവർഷങ്ങളിൽ മൂന്നുഡിഗ്രിവരെ ചൂട് കൂടുമെന്ന് ഇൻസ്‌റ്റിറ്റ്യൂട്ടിലെ സൂരജ് കൃഷ്‌ണൻ പറയുന്നു. ഇതിന് പരിഹാരമായുള്ള ടൗൺഷിപ്പിന്റെ മാതൃകയും കാണാം. ഇതിൽ ടെറസ് കൃഷിയും സംയോജിതകൃഷിയുമെല്ലാമുണ്ട്. ആഗോളതാപനംമൂലം കടലിലുണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്താനുള്ള സംവിധാനവും ടൗൺഷിപ്പിനെ വേറിട്ടതാക്കുന്നു.
കുറയ്‌ക്കാം മൊബൈൽ സ്‌ക്രീൻ ടൈം, നൽകാം തലച്ചോറിന് വ്യായാമം
എലികളുടെ തലച്ചോറിൽ ഒരു പരീക്ഷണം. അതും 12 മണിക്കൂർ കണ്ണിലേക്ക് നീലവെളിച്ചം അടിച്ചുകൊടുത്തശേഷം. ഓർമക്കുറവും അതിനൊപ്പം സ്വഭാവത്തിലുള്ള മാറ്റവുമായിരുന്നു കണ്ടെത്തൽ. മൊബൈൽഫോൺ സ്‌ക്രീനിൽ ദീർഘനേരം നോക്കിയാൽ ഇതുതന്നെയായിരിക്കും നമ്മുടെ അവസ്ഥയെന്ന് ഇൗ ഉദാഹരണത്തിലൂടെ പറയുകയാണ് കുസാറ്റിലെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ ന്യൂറോ ഡീജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് (സിനാബ്).
തലച്ചോറിന് വ്യായാമം അത്യാവശ്യമാണെന്ന് സിനാബ് ഡയറക്ടർ ഡോ. ബേബി ചക്രപാണി പറയുന്നു. മൊബൈൽഫോണിൽ നോക്കിയിരിക്കുന്നത് കുറച്ചും ശ്വസന വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയുമെല്ലാം തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കാം. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള മാർഗങ്ങൾ നിർദേശിക്കുന്ന മെന്റസി (mentacy) മൊബൈൽ ആപ്പും നിർമിച്ചിട്ടുണ്ട്. ഇതിന്റെ ട്രയൽവേർഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.
എല്ലാം കാണും ‘എഐ’ ടീച്ചർ
ടീച്ചർ ക്ലാസിൽ വന്നില്ലെങ്കിലും ഇനി പഠനം മുടങ്ങില്ല. മലപ്പുറം കക്കോവ് പിഎംഎസ്‌എ പിടിഎച്ച്‌എസ്‌എസിലെ നാലു ചുണക്കുട്ടന്മാർ കൊച്ചിക്ക് വണ്ടികയറിയത് സാരിയുടുത്ത ‘എഐ’ ടീച്ചറുമായാണ്. യഥാർഥ ടീച്ചർക്ക് ലോകത്ത് എവിടെയുമിരുന്ന് ഇൗ എഐ എഡ്യു ബോട്ട് ഓപ്പറേറ്റിങ് സിസ്‌റ്റത്തെ നിയന്ത്രിക്കാം. ഇതിനായി എഡ്യു കണക്ട് മൊബൈൽ ആപ്പാണ് ടീച്ചർ ഉപയോഗിക്കുക.
ആപ്പ് ഉപയോഗിച്ച് ഇൗ സംവിധാനത്തിന്റെ മുന്നിലുള്ള സ്‌ക്രീനിൽ നോട്ടുകൾ അപ്‌ലോഡ് ചെയ്യാം. ഇത് പ്രൊജക്ടറുമായി ഘടിപ്പിച്ചാൽ നോട്ടുകൾ ഡിജിറ്റൽ വൈറ്റ് ബോർഡിൽ കാണിക്കാം. വീട്ടിലിരുന്ന് മൊബൈൽ ആപ്പിൽ എഴുതിയാൽ അതും ഡിജിറ്റൽ വൈറ്റ് ബോർഡിൽ തെളിയും. ഹാജരെടുക്കാനും എഐ ടീച്ചർക്ക് കഴിയും. കുട്ടികളുടെ സ്‌കൂൾ ഐഡി കാർഡ് റേഡിയോ ഫ്രീക്വൻസി ഐഡിയാക്കി സ്‌കാൻ ചെയ്‌താണ് ഹാജരെടുക്കുക. സംശയം ചോദിച്ചാലും ഉടൻ മറുപടി നൽകും. പത്താം ക്ലാസ് വിദ്യാർഥികളായ എ ആഗ്‌നേയ്, പി സി ഹസീഫ് മുഹമ്മദ്, എ നിരഞ്‌ജൻ, കെ അർചിത് പ്രകാശ് എന്നിവരാണ് ‘എഐ’ ടീച്ചറെ നിർമിച്ചത്.
വനംകൊള്ളക്കാരെ ഡിഎൻഎ പരിശോധനയിൽ പൂട്ടും
വനത്തിൽനിന്ന് മരംമുറിക്കുന്നവർക്കെതിരെ കോടതിയിൽ ശക്തമായ തെളിവൊരുക്കാൻ ഡിഎൻഎ ഫിംഗർ പ്രിന്റ് വിദ്യ. മുറിച്ച മരക്കുറ്റി കണ്ടെത്തിയെന്ന് കരുതുക. കുറച്ച് തടിയും പിടിച്ചു. ഇത് രണ്ടും ഒന്നാണെന്ന് തെളിയിക്കാനുള്ള ശാസ്‌ത്രവിദ്യയെ പരിചയപ്പെടുത്തിയത് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലെ (കെഎഫ്‌ആർഎ) എം കൃഷ്‌ണജയാണ്. മരക്കുറ്റിയിൽനിന്ന് പിടിച്ചെടുത്ത തടിയിൽനിന്ന് ഒരു കഷ്‌ണമെടുത്ത് നേർത്ത പൊടിയാക്കും. ഇതിൽനിന്ന് ഡിഎൻഎ വേർതിരിച്ചെടുക്കും. നാലുദിവസത്തിനുള്ളിൽ മരക്കുറ്റിയും തടിയും ഒന്നുതന്നെയാണോയെന്ന റിപ്പോർട്ട് ലഭിക്കും.
ആഞ്ഞിലിയിൽ നടത്തിയ പരീക്ഷണത്തെക്കുറിച്ചാണ് കൃഷ്‌ണജ കേരള ശാസ്‌ത്ര കോൺഗ്രസിൽ ‘ഫോറസ്‌ട്രി ആൻഡ് വൈൽഡ് ലൈഫ്’ സെഷനിൽ സംസാരിച്ചത്. ചന്ദനം, തേക്ക്, ഇൗട്ടി തുടങ്ങിയവയടക്കം നിരവധി മരങ്ങളുടെ ഡിഎൻഎ വിവരങ്ങളും കെഎഫ്‌ആർഎ ഡാറ്റബേസിലുണ്ട്. കെഎഫ്‌ആർഎയിലെ സി ഡി ശ്രീദേവി, രേഷ്‌മ ഭാസ്‌കർ എന്നിവരും ഒപ്പമെത്തിയിരുന്നു.
ആർത്തവകാല വെല്ലുവിളികൾക്ക് വാഴനാരിലൂടെ പരിഹാരം
കേരള സയൻസ് കോൺഗ്രസിൽ വാഴനാര് നാപ്കിനുമായി വിദ്യാർഥിനികൾ. കാസർകോട് ജിവിഎച്ച്എസ്എസിലെ പ്ലസ്‌വൺ വിദ്യാർഥിനികളായ അവ്വമ്മ റഫീന, ഫാത്തിമത്ത് ഇസ്സ, ഷിസ്സ എന്നിവരുടേതാണ് കണ്ടുപിടിത്തം. എട്ടിൽ പഠിക്കുമ്പോൾ അധ്യാപിക ഉന്നയിച്ച ചോദ്യത്തിൽനിന്നാണ് ആർത്തവകാല പ്രയാസങ്ങൾക്ക് പരിഹാരമായി ‘വാഴനാരിൽനിന്നുള്ള നാപ്കിൻ' ആശയം രൂപപ്പെട്ടത്. ഒരുവർഷത്തെ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കുമൊടുവിൽ ഇവർ പരിസ്ഥിതിസൗഹൃദ നാപ്കിൻ വികസിപ്പിച്ചു.
വാഴനാരിന് ഈർപ്പം വേഗത്തിൽ വലിച്ചെടുക്കാനുള്ള സ്വാഭാവികശേഷിയുണ്ടെന്നും ഇതിലടങ്ങിയിരിക്കുന്ന ചാരം നാപ്കിനെ അണുവിമുക്തമാക്കാൻ സഹായിക്കുമെന്നും ഇവർ പറയുന്നു.
രാസവസ്തുക്കൾ ചേർക്കാതെ വാഴനാര്, കോട്ടൻതുണി, ഓർഗാനിക് കോട്ടൻ എന്നിവ ഉപയോഗിച്ചാണ് ഈ ബയോഡിഗ്രേഡബിൾ നാപ്കിനുകൾ നിർമിച്ചിരിക്കുന്നത്. വിപണിയിൽ ലഭ്യമായ പ്ലാസ്റ്റിക് നാപ്കിനുകളിൽനിന്ന് വ്യത്യസ്തമായി ഇവ ദുർഗന്ധം ഇല്ലാതാക്കുമെന്നും പുനരുപയോഗസാധ്യത ഉണ്ടെന്നുള്ളതും പ്രത്യേകതയാണ്.










0 comments