print edition പരീക്ഷ പടിവാതിൽക്കൽ; പഠനം പാതിവഴിയിൽ

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: പാഠഭാഗം പൂർത്തിയാകാതെ ഓണപ്പരീക്ഷ എഴുതാൻ നിർബന്ധിതരായി വിദ്യാർഥികൾ. 13ന് പരീക്ഷ തുടങ്ങും. അവശേഷിക്കുന്ന മൂന്ന് പ്രവൃത്തിദിനത്തിനുള്ളിൽ എങ്ങനെ പാഠങ്ങൾ പഠിപ്പിച്ചുതീർക്കുമെന്നതാണ് ആശങ്ക. സെൻസസ് ഡ്യൂട്ടിക്ക് കൂട്ടത്തോടെ അധ്യാപകരെ നിയോഗിച്ചപ്പോൾ പകരം സംവിധാനം ഒരുക്കാത്തതും തുടർച്ചയായ മഴ അവധിയും അധ്യയനദിനം കവർന്നു.
സെപ്‌തംബറിലേക്ക് പരീക്ഷ മാറ്റണമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം. മേയിലെ വിരമിക്കൽ ഒഴിവിലേക്ക് സ്ഥാനക്കയറ്റം നടത്താത്തതും ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാത്തതും സ്ഥിതി രൂക്ഷമാക്കി. ഇപ്പോഴും 3000 അധ്യാപക ഒഴിവ് നികത്താനുണ്ട്.
പുസ്‌തക വിതരണവും വൈകി. ഇതിനൊപ്പം സെൻസസ് ഡ്യൂട്ടിക്കായി അധ്യാപകർക്ക് സ്‌കൂളിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നതോടെ പഠനം താളംതെറ്റി. ഏതൊക്കെ ഭാഗമാണ് പരീക്ഷയ്‌ക്ക് ഉണ്ടാകുക എന്ന് വ്യക്‌തത വരുത്തണമെന്ന് കഴിഞ്ഞ അക്കാദമിക് ഗുണനിലവാര സമിതി (ക്യുഐപി) യോഗത്തിൽ അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല.
സംസ്ഥാനത്ത് സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ 48,086 അധ്യാപകരെയാണ് സെൻസസ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. ജൂലൈ ഒന്നു മുതൽ 30 വരെ നടന്ന സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകർക്ക് 20 ദിവസം പകുതി ദിനം, അല്ലെങ്കിൽ പത്ത് ദിവസം മുഴുവനും ഡ്യൂട്ടി ലീവ് അനുവദിച്ചു.
പലയിടത്തും പ്രധാനാധ്യാപകർ ഒഴികെ എല്ലാവർക്കും ഡ്യൂട്ടിയുണ്ടായിരുന്നു. ഇതോടെ പല സ്കൂളുകളും അനാഥമായി. ഇപ്പോൾ പല സ്‌കൂളുകളിലും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാൽ അവിടെയും അധ്യയനം മുടങ്ങും.










0 comments