print edition അധ്യാപക തസ്‌തിക നിർണയം; ജൂലൈ 14 വരെ യുഐഡി ലഭിക്കുന്നവരും എണ്ണത്തിലുണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2026–-27 അധ്യയന വർഷത്തെ തസ്‌തിക നിർണയത്തിൽ, ആറാം പ്രവൃത്തിദിനത്തിന് ശേഷം യുഐഡി (ആധാർ) ലഭിച്ച കുട്ടികളെയും പരിഗണിക്കും.
ജൂൺ എട്ടിന് സ്‌കൂളിലെ രജിസ്റ്റർ റോളിൽ ഉൾപ്പെട്ടതും എന്നാൽ യുഐഡിക്ക് അപേക്ഷിച്ചിട്ട് ലഭിക്കാതിരിക്കുകയും ചെയ്തവർക്കായി സമയം ദീർഘിപ്പിച്ചു. ഇവർ ജൂലൈ 14നകം യുഐഡി ഹാജരാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.
കുട്ടികളുടെ എണ്ണം കൃത്യമാക്കാനും ഇരട്ടിപ്പ് ഒഴിവാക്കാനുമാണ് യുഐഡി സംവിധാനം ഉപയോഗിക്കുന്നത്. ആധാർ ഡാറ്റാബേസിലെ വിവരങ്ങളുമായി കുട്ടിയുടെ പേര്, ജനനതീയതി എന്നിവ പൊരുത്തപ്പെടുന്നവയെ ‘വാലിഡ്' എന്നും അല്ലാത്തവയെ ‘ഇൻവാലിഡ്' എന്നും കണക്കാക്കും.
സാധുവല്ലാത്ത യുഐഡി ഉള്ള കുട്ടികളുടെ സമന്വയയിൽ ബന്ധിപ്പിക്കാൻ 25വരെയും സമയം അനുവദിച്ചു. ഇൗ വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി 2026–27 അധ്യയന വർഷത്തെ തസ്‌തിക നിർണയം പൂർത്തിയാക്കണമെന്നാണ് നിർദേശം.
പൊതുവിദ്യാഭ്യാസ മേഖലയിൽ ഇൗ അധ്യയനവർഷം കഴിഞ്ഞവർഷത്തേക്കാൾ 1,23,508 വിദ്യാർഥികൾ കുറഞ്ഞു. സർക്കാർ, എയ്‌ഡഡ്, അൺഎയ്‌ഡഡ് സ്‌കൂളുകളിലായി ആകെ 34,11,194 കുട്ടികളുണ്ട്. ഒന്നാംക്ലാസിൽ ഇത്തവണ എത്തിയത് 2,50,858 പേർ. കഴിഞ്ഞ വർഷത്തേക്കാൾ 31,481 കുട്ടികൾ കുറഞ്ഞു.










0 comments