സ്‌റ്റാർട്ടപ് രംഗത്ത് വൻകുതിപ്പുമായി കേരളം: പോയവർഷം 1074 സ്‌റ്റാർട്ടപ്പുകൾ


മിൽജിത് രവീന്ദ്രൻ
Published on Jan 13, 2025, 03:30 AM | 1 min read
തിരുവനന്തപുരം: സ്‌റ്റാർട്ടപ് രംഗത്ത് വൻകുതിപ്പുമായി കേരളം. 2024ൽമാത്രം സംസ്ഥാനത്ത് 1074 സ്‌റ്റാർട്ടപ്പുകൾ പുതുതായി ആരംഭിച്ചു. കേരള സ്‌റ്റാർട്ടപ് മിഷനിൽ രജിസ്‌റ്റർ ചെയ്‌ത സ്‌റ്റാർട്ടപ്പുകളുടെ കണക്കാണിത്. എറണാകുളത്ത് 359, തിരുവനന്തപുരത്ത് 149 എന്നിങ്ങനെയാണ് പുതിയ സ്‌റ്റാർട്ടപ്പുകൾ എണ്ണം. സംസ്ഥാനത്തെ ആകെ സ്‌റ്റാർട്ടപ്പുകളുടെ എണ്ണം 6261 ആയി. 62,000ലധികം തൊഴിലവസരമാണ് സ്‌റ്റാർട്ടപ്പുകളിലൂടെ ഇതുവരെ സൃഷ്ടിച്ചത്. രാജ്യത്തെ മികച്ച സ്‌റ്റാർട്ടപ് ആവാസ വ്യവസ്ഥയ്‌ക്കുള്ള ‘സ്‌റ്റാർട്ടപ് ഇന്ത്യ ബെസ്‌റ്റ് പെർഫോമർ’ പുരസ്‌കാരവും പോയവർഷം കേരളം സ്വന്തമാക്കി.
ലോക നിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളുമായി ലോകശ്രദ്ധയാകർഷിക്കാനും കഴിഞ്ഞു. ഇരുനൂറിലധികം സ്‌റ്റാർട്ടപ്പുകൾക്കാണ് കഴിഞ്ഞ വർഷം സ്‌റ്റാർട്ടപ് മിഷൻ സഹായം നൽകിയത്. 100 കോടിയിലധികം രൂപയാണ് ഈ സംരംഭങ്ങൾ സമാഹരിച്ചത്. സ്‌റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ഹഡിൽ ഗ്ലോബൽ സംഘടിപ്പിച്ചു. നൂറിലധികം ശിൽപ്പശാലകളും 10 ഫൗണ്ടേഴ്‌സ് മീറ്റും അഞ്ച് ഉച്ചകോടികളും സംഘടിപ്പിച്ചു.
സംസ്ഥാനത്ത് 10.43 ലക്ഷം ചതുരശ്രയടിയിലാണ് സ്‌റ്റാർട്ടപ്പുകൾക്ക് അടിസ്ഥാനസൗകര്യം ഒരുക്കിയിട്ടുള്ളത്. 63 ഇൻകുബേറ്ററുകളും 522 മിനി ഇൻകുബേറ്ററുകളും പ്രവർത്തിക്കുന്നു. ലോകത്തിനു വേണ്ട ഉൽപ്പന്നങ്ങളും ആശയങ്ങളും ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സ്‌റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു.
സ്‌റ്റാർട്ടപ്പ് മേഖലയ്‌ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിൽ ഒരുങ്ങിക്കഴിഞ്ഞു. ലോകനിലവാരത്തിലേക്കുള്ള ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും മനസ് പാകപ്പെടുത്തുകയും വലിയ സ്വപ്‌നങ്ങളിലേക്ക് കടക്കുകയുമാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Tags
Related News

0 comments