വാക്ക് രാഷ്‌ട്രീയം ; സാഹിത്യം എന്നാൽ രാഷ്‌ട്രീയമാണെന്ന് ഓർമപ്പെടുത്തി സാർവദേശീയ സാഹിത്യോത്സവത്തിന്റെ മൂന്നാം ദിനം

തൃശൂർ
‘സാഹിത്യം പറയേണ്ട രാഷ്‌ട്രീയം’ എന്ന പാനൽ ചർച്ചയിൽ ‘രാഷ്‌ട്രീയം പറയണം. രാഷ്‌ട്രീയം പറഞ്ഞേ തീരൂ. രാഷ്‌ട്രീയം പറയാതെ സാഹിത്യമില്ല. ബോധപൂർവം രാഷ്‌ട്രീയം പറയണം’ എന്ന് പറഞ്ഞാണ് പി എസ് ശ്രീകല സംസാരം അവസാനിപ്പിച്ചത്. നമുക്ക് ചുറ്റുമുള്ളവയോട് പ്രതികരിക്കാതെ സമകാലിക എഴുത്തുകാരായി നമുക്ക് നിലനിൽക്കാൻ കഴിയില്ല എന്ന് പ്രഖ്യാപിച്ചാണ് കന്നട എഴുത്തുകാരി പ്രതിഭ നന്ദകുമാർ ‘സമകാലിക മലയാള കവിത ദക്ഷിണേന്ത്യൻ കവിതാ സന്ദർഭത്തിൽ’ എന്ന സെഷനിൽ സംസാരിച്ചു തുടങ്ങിയത്. ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുമ്പോൾ സാക്ഷിയായ ജീവിതാനുഭവങ്ങൾ വൈശാഖനും ടി ഡി രാമകൃഷ്ണനും ഷിനി ലാലും ഓർത്തെടുത്തപ്പോൾ അതിനകം മുഴുവൻ ഉള്ള് പൊള്ളുന്ന വാക്കുകളായിരുന്നു. ജീവനക്കാരെ ബലിയാടാക്കുന്ന റെയിൽവേയുടെ നിലപാടും പട്ടണിയോട് പോരടിക്കാൻ അരി ഇറക്കിക്കഴിഞ്ഞ ചരക്ക് വാഗണുകളിൽനിന്ന് അടിച്ചുവാരി അരി കൊണ്ടുപോകുന്ന ‘അരിക്കൊള്ളക്കാർ’. വരൾച്ച വിഴുങ്ങിയ വിദർഭ മേഖലയിൽ ട്രെയിനിന്റെ ശുചിമുറിയിൽനിന്ന് വെള്ളം ‘മോഷ്‌ടിച്ച്’ ജീവൻ നിലനിർത്തുന്ന മനുഷ്യർ.
അമിതാധികാരം സാഹിത്യത്തെ ഭയക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് കഴിഞ്ഞ10 വർഷത്തെ മോദി രാജിൽ നിരോധിക്കപ്പെട്ട പുസ്‌തകങ്ങളുടെ എണ്ണമെന്ന് വിനോദ് കൃഷ്ണ പറഞ്ഞു. ആൺ കാഴ്‌ചയുടെ സമൂഹത്തിനെതിരായ പ്രതികരണമായിരുന്നു ‘പെണ്മയുടെ പുതുകാലം’. അരാഷ്‌ട്രീയതയെക്കുറിച്ച് സദസ്സിന്റെ ചോദ്യത്തോട് തനിക്ക് വ്യക്തമായ രാഷ്‌ട്രീയമുണ്ടെന്ന ഉറച്ച മറുപടിയിലൂടെയാണ് ‘എന്താണ് പുതിയത്’ എന്ന സെഷനിൽ സി ആർ പുണ്യ പ്രതികരിച്ചത്. രാഷ്ട്രം കടന്നുപോകുന്ന പാതകളിലെ ഉള്ളുഷ്ണങ്ങൾ അറിഞ്ഞെഴുതുന്ന എഴുത്തുകാർക്കേ കാലത്തെ അതിജീവിക്കാനാകൂ എന്ന് ഐസക് ഇൗപ്പൻ ഓർമപെടുത്തിയ ‘കഥ: എഴുത്തനുഭവങ്ങൾ' ചർച്ച എഴുത്തിന്റെ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നതായിരുന്നു. ഇത്തരത്തിൽ വിവിധ വിഷയങ്ങളിലായി 12 സെഷനുകളാണ് മൂന്നാം ദിനത്തിൽ സാർവദേശീയ സാഹിത്യോത്സവത്തിൽ അരങ്ങേറിയത്.
ഇതുകൂടാതെ മൂന്നു സംഭാഷണ പരിപാടികളും നടന്നു. ‘വികസനം ഒരു ജനകീയ സങ്കൽപ്പം: കേരളത്തിന്റെ അനുഭവത്തെ മുൻനിർത്തി’ എന്നതിനെ അടിസ്ഥാനമാക്കി ടി എം തോമസ് ഐസക്കും ജോയ് എളമണും തമ്മിലുള്ള സംഭാഷണം നടന്നു. കേരളം രാജ്യത്തിന് മുന്നിൽ വയ്‌ക്കുന്ന ബദൽ വികസന കാഴ്‌ചപ്പാടിനെ മുൻനിർത്തിയായിരുന്നു സംഭാഷണം. സുഭാഷ് ചന്ദ്രനും- ദിവ്യ എസ് അയ്യരും തമ്മിലും പി പി രാമചന്ദ്രൻ– അമ്മു ദീപ എന്നിവർ തമ്മിലുമുള്ള സംഭാഷണം നടന്നു. സുനിൽ പി ഇളയിടം ‘ഗാന്ധി, ഗുരു, സമൂഹം’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം ഇൗ കാലത്തിന്റെ രാഷ്‌ട്രീയമായിരുന്നു.









0 comments