സാഹിത്യോത്സവത്തിന് തിരിതെളിഞ്ഞു 4 നാൾ അക്ഷരലോകം

തൃശൂർ
കേരള സാഹിത്യഅക്കാദമി സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന് (ഐഎൽഎഫ്കെ) ഞായറാഴ്‌ച വേദിയുണർന്നു. സാംസ്‌കാരിക നഗരിയായ തൃശൂരിന്റെ അക്കാദമി കാമ്പസ് ഇനി നാലുനാൾ അക്ഷരങ്ങളുടെ ലോകമാണ്. ചർച്ചകളും വർത്തമാനങ്ങളും കവിത വായനയും അനുഭവങ്ങളൂം നിറയുന്ന ലോകമായി ഇവിടം മാറും.
സാഹിത്യ അക്കാദമി ബഷീർ വേദിയിൽ മന്ത്രി കെ രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. അക്കാദമി ഓഡിറ്റോറിയം ‘കേരള സാഹിത്യഅക്കാദമി എംടി ഓഡിറ്റോറിയം’ എന്ന് പുനർനാമകരണം ചെയ്‌തു.
അതിവൈവിധ്യം നിറഞ്ഞ കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരം അംഗീകരിക്കാൻ രാജ്യത്ത് പലരും തയ്യാറാകുന്നില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. നാടിന്റെ മുന്നേറ്റത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകുന്നത്. ഇൗ സാഹചര്യത്തിൽ എഴുത്തുകാർക്ക് നോക്കുകുത്തിയായി ഇരിക്കാനാകില്ല. സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന സാഹിത്യോത്സവം ആ അർഥത്തിൽ ചെറുത്തുനിൽപ്പാണെന്നും മന്ത്രി പറഞ്ഞു.
ഫെസ്റ്റിവൽ ബുക്ക് കലക്ടർ അർജുൻ പാണ്ഡ്യന് നൽകി മന്ത്രി ആർ ബിന്ദു പ്രകാശിപ്പിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഫെസ്റ്റിവൽ പരിപ്രേക്ഷ്യം അവതരിപ്പിച്ചു. എഴുത്തുകാരൻ വൈശാഖൻ പതാക ഉയർത്തി. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്തിന് നൽകി ഫെസ്റ്റിവൽ ബുള്ളറ്റിൻ പ്രകാശിപ്പിച്ചു.
പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, സംഗീത നാടക അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി, സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, ജനറൽ കൗൺസിൽ അംഗം വിജയരാജമല്ലിക, വി എസ് ബിന്ദു എന്നിവർ സംസാരിച്ചു.
ബഷീർ, എംടി, ചങ്ങമ്പുഴ വേദികളിലായി എഴുപതോളം സെഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
സമാപന സമ്മേളനം വ്യാഴം വൈകിട്ട് അഞ്ചിന് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനംചെയ്യും. സാഹിത്യഅക്കാദമി ലൈബ്രറിക്ക് ‘ലളിതാംബിക അന്തര്‍ജനം സ്മാരക ലൈബ്രറി’ എന്ന് പുനർനാമകരണം ന ടത്തും.









0 comments