തിരുവനന്തപുരം മുതൽ കാസർകോട് വരെ അതിവേഗ പാത; അംഗീകാരംനൽകി സംസ്ഥാനമന്ത്രിസഭ

തിരുവനന്തപുരം: കേരളത്തിന്റെ യാത്രാരംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി. തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്ററിൽ നീളുന്ന പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാനത്തിന്റെ താല്പര്യം കേന്ദ്ര സർക്കാരിനെ ഔദ്യോഗികമായി അറിയിക്കും. ഇതിനായുള്ള പ്രാഥമിക ചർച്ചകൾ ആരംഭിക്കാൻ ഗതാഗതവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിപിആർ സമർപ്പിച്ചാൽ പദ്ധതി ഗൗരവമായി പരിഗണിക്കാമെന്ന കേന്ദ്ര നിലപാടിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
ഡൽഹി–മിററ്റ് കോറിഡോർ മാതൃകയിൽ മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാവുന്ന ട്രെയിനുകളാണ് ആർആർടിഎസിന്റെ പ്രത്യേകത. കേരളത്തിന്റെ ജനസാന്ദ്രതയും ഭൂപ്രകൃതിയും പരിഗണിച്ച് തൂണുകൾക്ക് മുകളിലൂടെയുള്ള (ഗ്രേഡ്-സെപ്പറേറ്റഡ്) പാതയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഭൂരിഭാഗവും തൂണുകളിലൂടെയും ആവശ്യമുള്ളിടത്ത് ടണലുകളിലൂടെയും പാത കടന്നുപോകും. ഇതുവഴി ഭൂമിയേറ്റെടുക്കൽ ഗണ്യമായി കുറയ്ക്കാനും പ്രകൃതിദത്ത ജലപ്രവാഹം തടസ്സപ്പെടുന്നത് ഒഴിവാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോയുമായും ഭാവിയിൽ വരാനിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുമായും ആർആർടിഎസ് സ്റ്റേഷനുകളെ ബന്ധിപ്പിക്കും. സംസ്ഥാന-കേന്ദ്ര സർക്കാരുകൾ 20 ശതമാനം വീതം തുകയും ബാക്കി 60 ശതമാനം രാജ്യാന്തര വായ്പയായും കണ്ടെത്തുന്ന ഡൽഹി മാതൃകയാകും സാമ്പത്തിക സ്രോതസ്സിനായി അവലംബിക്കുക.
നാല് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതി 2033 ഓടെ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 284 കിലോമീറ്റർ പാതയുടെ നിർമ്മാണം 2027-ൽ ആരംഭിക്കും. ഇതിനോടൊപ്പം തന്നെ തിരുവനന്തപുരം മെട്രോയും കൊച്ചി മെട്രോയുടെ സംയോജനവും നടക്കും. രണ്ടാം ഘട്ടത്തിൽ കോഴിക്കോട് വരെയും മൂന്നാം ഘട്ടത്തിൽ കണ്ണൂർ വരെയും അവസാന ഘട്ടത്തിൽ കാസർകോട് വരെയുമാണ് പാത നീട്ടുക. ഭാവിയിൽ അയൽ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ കോയമ്പത്തൂർ, കന്യാകുമാരി, മംഗലാപുരം എന്നിവിടങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
സിൽവർ ലൈൻ പദ്ധതിക്ക് റെയിൽവേയുടെ സാങ്കേതിക അനുമതി ലഭിക്കാത്തതും ജനവിരുദ്ധതയുൾപ്പെടെയുള്ള തടസ്സങ്ങളും നേരിട്ട സാഹചര്യത്തിലാണ് ആർആർടിഎസ് എന്ന ബദൽ മാർഗത്തിലേക്ക് സർക്കാർ നീങ്ങുന്നത്. റെയിൽവേയുടെ നിർദ്ദേശങ്ങൾ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങളുമായി ചേർന്നുപോകാത്തതും സിൽവർ ലൈൻ പ്രതിസന്ധിയിലാക്കിയിരുന്നു. കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ഗതാഗതവകുപ്പ് ധാരണാപത്രങ്ങളിൽ ഏർപ്പെടുകയും സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ അന്തിമ തീരുമാനത്തിനായി മന്ത്രിസഭയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്യും.










0 comments