print edition റവന്യുവകുപ്പിലെ അന്യായ സ്ഥലംമാറ്റം; ഉത്തരവ് ചട്ടവിരുദ്ധമെന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ

കൊച്ചി: റവന്യൂ വകുപ്പിലെ സ്ഥലംമാറ്റങ്ങൾ പൊതുമാനദണ്ഡം പാലിക്കാതെ നടപ്പാക്കിയ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കേണ്ടിവരുമെന്ന് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (കെഎടി). ഉത്തരവിലെ പിഴവ് തിരുത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ലാൻഡ് റവന്യൂ കമീഷണർ എച്ച് ദിനേശൻ, എറണാകുളം കലക്ടർ ജി പ്രിയങ്ക എന്നിവരെ എതിർകക്ഷികളാക്കിയുള്ള കോടതിയലക്ഷ്യ ഹർജിയിൽ കെഎടി എറണാകുളം ബെഞ്ച് ഉത്തരവിട്ടു. റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷനും എറണാകുളം കലക്ടറേറ്റിലെ ജീവനക്കാരുമാണ് ട്രിബ്യൂണലിനെ സമീപിച്ചത്.
വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെയും ഓഫീസ് അറ്റൻഡന്റുമാരെയും എച്ച്ആർഎം സോഫ്റ്റ്‌വെയറിന്റെ പരിധിയിൽ കൊണ്ടുവരാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ക്ലർക്കുമാരെ കൂടി സോഫ്റ്റ്‌വെയറിലേക്ക് ഉൾപ്പെടുത്താൻ സമയം ആവശ്യമാണെന്നും സർക്കാർ നേരത്തെ ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. കൂടാതെ സ്ഥലംമാറ്റങ്ങൾ മാർഗനിർദേശങ്ങൾക്കനുസരിച്ചുമാത്രം നടത്താമെന്നും ഉറപ്പ് നൽകിയിരുന്നു.
എന്നാൽ 2026 ജൂലൈ 16ന് പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവിൽ ഈ നിർദേശങ്ങളിലെ നിർബന്ധിത നടപടിക്രമം പാലിച്ചിട്ടില്ലെന്ന് ട്രിബ്യൂണൽ വിലയിരുത്തി. ഉത്തരവിൽ അപ്പീൽ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് മാത്രം മതിയായ മറുപടിയല്ലെന്നും ബെഞ്ച് വ്യക്തമാക്കി. കേസ് സെപ്‌തംബർ 15ന് വീണ്ടും പരിഗണിക്കും.










0 comments