കേരള അല്ല കേരളം; സർക്കാർ ഓഫീസുകളിൽ പേരുമാറ്റം നടപ്പാക്കാൻ നിർദേശം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഇംഗ്ലീഷിൽ ‘Kerala’ എന്നതിൽനിന്ന് ‘Keralam’ എന്നും മലയാളത്തിൽ ‘കേരള’ എന്നതിൽനിന്ന് ‘കേരളം’ എന്നും മാറ്റിയതിനെ തുടർന്ന് സർക്കാർ ഓഫീസുകളിലും പൊതുസ്ഥാപനങ്ങളിലും പുതിയ പേര് ഘട്ടം ഘട്ടമായി നടപ്പാക്കാൻ സർക്കാർ നിർദേശം. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ആഗസ്റ്റ് 29ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകിയത്. കേന്ദ്രസർക്കാർ പേരുമാറ്റം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സർക്കാർ വകുപ്പുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ, ഫീൽഡ് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നെയിം ബോർഡുകളിലും ഔദ്യോഗിക രേഖകളിലും പുതിയ പേര് ഉപയോഗിക്കണമെന്നാണ് നിർദേശം.
എന്നാൽ പേരുമാറ്റത്തിന്റെ പേരിൽ പഴയ ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ സ്റ്റേഷനറി സാധനങ്ങൾ നശിപ്പിച്ച് പുതിയത് അച്ചടിക്കരുതെന്ന് സർക്കാർ പ്രത്യേകം നിർദേശിച്ചു.
പ്രധാന നിർദ്ദേശങ്ങൾ
ലെറ്റർഹെഡുകളും ഫോമുകളും: നിലവിലുള്ള സ്റ്റോക്ക് പൂർണമായി ഉപയോഗിച്ചുതീർക്കണം. സാധ്യമാകുന്നിടത്ത് ഇംഗ്ലീഷിലെ ‘Kerala’ എന്നതോടൊപ്പം ‘m’ ചേർത്ത് ‘Keralam’ എന്നും മലയാളത്തിലെ ‘കേരള’ എന്നതോടൊപ്പം ‘ം’ ചേർത്ത് ‘കേരളം’ എന്നും തിരുത്തി ഉപയോഗിക്കാം.
റബർ സ്റ്റാമ്പുകൾ: ഓഫീസുകളിലെ നിലവിലുള്ള റബർ സ്റ്റാമ്പുകളും മുദ്രകളും കേടുവരുന്നതുവരെ ഉപയോഗിക്കാം. ആവശ്യമെങ്കിൽ ചെറിയ തിരുത്തലുകൾ വരുത്തിയാൽ മതിയാകും.
ഓഫീസ് ബോർഡുകൾ: നിലവിലുള്ള നെയിം ബോർഡുകളും ദിശാസൂചികകളും ഉടൻ മാറ്റേണ്ടതില്ല. ഇംഗ്ലീഷിൽ 'Kerala' എന്നതിനൊപ്പം 'm' എന്ന് ചേർത്തും, മലയാളത്തിൽ 'കേരള' എന്നതിനൊപ്പം '0' ചേർത്തും തിരുത്താം. ബോർഡുകൾ പെയിന്റ് ചെയ്യുന്ന സമയത്ത് ഇത് മാറ്റിയാൽ മതി.
വാഹനങ്ങളും ഫർണിച്ചറുകളും: ഉപകരണങ്ങൾ, വാഹനങ്ങൾ, ഫർണിച്ചറുകൾ എന്നിവയുടെ കാലാവധി കഴിയുന്നതിന് മുൻപ് പേരുമാറ്റാൻ വേണ്ടി മാത്രം പുതിയവ വാങ്ങരുത്.
പുതിയവയ്ക്ക് പുതിയ പേര്: ഇനി പുതുതായി അച്ചടിക്കുന്ന സ്റ്റേഷനറികളിലും പുതിയ ബോർഡുകളിലും 'കേരളം' എന്ന് തന്നെ ചേർക്കണം.
വെബ്സൈറ്റുകൾ: സർക്കാർ വെബ്സൈറ്റുകളിലും ഐ.ടി സംവിധാനങ്ങളിലും ചെലവില്ലാത്ത രീതിയിൽ പേര് മാറ്റാൻ ഐ ടി വകുപ്പ് നടപടി എടുക്കണം.










0 comments