സമഗ്ര ശിക്ഷ കേരള പദ്ധതി; കേന്ദ്രം തടഞ്ഞുവെച്ച ഫണ്ടിൽ ഒരു ഗഡു കേരളത്തിന് ലഭിച്ചതായി ഡോ. ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി: സമഗ്ര ശിക്ഷ കേരള (എസ്എസ്കെ) പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കേണ്ടിയിരുന്നതും എന്നാൽ കേന്ദ്രസർക്കാർ തടഞ്ഞുവെച്ചിരുന്നതുമായ ഫണ്ടിൻ്റെ ഒരു ഗഡു സംസ്ഥാനത്തിന് ലഭിച്ചുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി അറിയിച്ചു. തടഞ്ഞുവെച്ച തുക ഉടൻ നൽകുമെന്ന് സുപ്രീം കോടതിയിൽ കേന്ദ്രം ഉറപ്പുനൽകിയതിന് പിന്നാലെയാണ് ഈ നടപടി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് എംപി ഇക്കാര്യം അറിയിച്ചത്.
അർഹതപ്പെട്ട ഈ ഫണ്ട് തടഞ്ഞുവെച്ചതിനെതിരെ സംസ്ഥാനത്ത് വിവിധ തലങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. പാർലമെൻ്റിനകത്ത് താൻ ഈ വിഷയം പലതവണ ഉന്നയിച്ചിരുന്നതായും എംപി ചൂണ്ടിക്കാട്ടി.
അതേസമയം ഫണ്ട് വിഷയം സംബന്ധിച്ച് കേരളത്തിലെ മാധ്യമങ്ങളുടെ നിലപാട് പലരിലും അമ്പരപ്പുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഡൽഹിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോൾ കേട്ട പ്രതികരണം തന്നെ അത്ഭുതപ്പെടുത്തി. "കേരളത്തിലെ മാധ്യമങ്ങളുടെ നിലപാട് എന്നെ പലപ്പോഴും അമ്പരിപ്പിക്കാറുണ്ട്," എന്നായിരുന്നു ആ ഉദ്യോഗസ്ഥൻ്റെ വാക്കുകൾ.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ നിന്ന് കേരള സർക്കാർ പിൻവാങ്ങാൻ തീരുമാനിച്ചതോടെ, 'ഫണ്ട് തടയില്ലേ, തടയില്ലേ' എന്ന് ചോദിച്ചാണ് പല പത്രപ്രവർത്തകരും തൻ്റെ ഓഫീസിലുള്ളവരെ സമീപിച്ചത്. മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങൾ അവരുടെ സംസ്ഥാനത്തിന് എന്തെങ്കിലും കിട്ടുന്നതിനു വേണ്ടിയാണ് സാധാരണയായി വാദിക്കാറുള്ളതെന്നും ആ ഉന്നതൻ അഭിപ്രായപ്പെട്ടതായി ബ്രിട്ടാസ് തൻ്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. ഫണ്ട് തടഞ്ഞുവെക്കൽ വിഷയത്തിൽ സംസ്ഥാന മാധ്യമങ്ങൾ സ്വീകരിച്ച നിലപാടിനോടുള്ള വിമർശനവും എംപി പ്രകടമാക്കി.









0 comments