എസ്എസ്കെ കേന്ദ്ര ഫണ്ട് ലഭിച്ചു; 109 കോടിയിൽ 92.41 കോടി വിദ്യാഭ്യാസാവശ്യങ്ങൾക്ക്: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: രണ്ട് വർഷത്തെ കാലതാമസത്തിന് ശേഷം സമഗ്ര ശിക്ഷാ കേരളത്തിനും സംസ്ഥാന സർക്കാരിനും വിദ്യാർഥികൾക്കും അർഹതപ്പെട്ട കേന്ദ്ര ഫണ്ടിൻ്റെ ആദ്യ ഗഡു ലഭിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആകെ 109 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചതെന്നും, അതിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള 92.41 കോടി രൂപ ഇന്നലെ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ ലഭിച്ച 92.41 കോടി വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുഞ്ഞുങ്ങൾക്ക് അർഹതപ്പെട്ട റിക്കറിങ് ഫണ്ട് ആണ്. നിർമ്മാണ ആവശ്യങ്ങൾക്കായുള്ള 17 കോടി രൂപയുടെ നോൺ-റിക്കറിങ് ഫണ്ട് ഇനിയും ലഭിക്കാനുണ്ട്.
സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ആകെ കുടിശ്ശിക 1158 കോടി രൂപയാണ്. കഴിഞ്ഞ രണ്ട് വർഷത്തെ കുടിശ്ശികയും നിലവിലെ സാമ്പത്തിക വർഷത്തെ വിഹിതവും ചേർത്താണ് ഈ തുക. 22023 - 24 ൽ 188.58 കോടി, 2024-25 ൽ 513.14 കോടി, 2025-26 ൽ 456.1 കോടി രൂപ എന്നിങ്ങനെ ആണ് കുടിശ്ശിക.
ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ, കേരളത്തിനുള്ള സമഗ്ര ശിക്ഷാ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് കേന്ദ്രം ഉടൻ പാലിക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്.
റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശ പ്രകാരം, 1 മുതൽ 5 വരെ ക്ലാസുകളിൽ 10 കുട്ടികൾക്ക് ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററും, 5-ാം ക്ലാസ് മുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ 15 കുട്ടികൾക്ക് ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററും ആവശ്യമാണ്. കേരളത്തിലെ സാഹചര്യത്തിൽ, ഒരു കൂട്ടം സ്കൂളുകളെ ഒരു യൂണിറ്റായി പരിഗണിച്ചായിരിക്കും ഇത് നടപ്പാക്കുക. ഈ ശുപാർശ പ്രാവർത്തികമായാൽ 4000-ത്തിലധികം സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനം വേണ്ടിവരും. സംസ്ഥാനത്തെ 45 ലക്ഷം കുട്ടികളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ, കേന്ദ്രവിഹിതത്തിന്റെ ഭാരം പോലും സംസ്ഥാനം സ്വന്തം നിലയിൽ വഹിക്കുന്നത് കൊണ്ടാണ് കാര്യങ്ങൾ തടസമില്ലാതെ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കാൻ കേരളം ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








0 comments