"കലഹ’ശാലകളാക്കുന്നത് രാജ്‌ഭവൻ ; അക്കാദമിക അന്തരീക്ഷം തകർക്കുന്ന നടപടികളിൽനിന്ന് പിൻമാറാതെ ഗവർണർ.


സി കെ ദിനേശ്
Published on Jul 15, 2025, 02:41 AM | 1 min read
തിരുവനന്തപുരം
കോടതികളിൽനിന്ന് തുടർച്ചയായി തിരിച്ചടികൾ കിട്ടിയിട്ടും കേരളത്തിലെ സർവകലാശാലകളിലെ അക്കാദമിക അന്തരീക്ഷം തകർക്കുന്ന നടപടികളിൽനിന്ന് പിൻമാറാതെ ഗവർണർ. കേരളത്തിലെ ജനങ്ങളുടെ പിന്തുണയോടെ രാഷ്‌ട്രീയമായും നിയമപരമായുമുള്ള ചെറുത്തുനിൽപ് മൂലമാണ് പല സർവകലാശാലകളും ആർഎസ്‌എസ് കാര്യാലയങ്ങളായി മാറാതിരിക്കുന്നത്.
സർവകലാശാലകളിലെ അക്കാദമിക അന്തരീക്ഷം തകർക്കുന്നത് സംഘർഷം വിളിച്ചുവരുത്തുന്ന രാജ്‌ഭവന്റെ തീരുമാനങ്ങളാണെന്ന് ഏറ്റവും പുതിയ കോടതിവിധിയും തെളിയിക്കുന്നു. നാലുവർഷത്തിനിടെ പത്തിലധികം വിധികളാണ് ഗവർണറുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് വിവിധ കോടതികളിൽ നിന്നുണ്ടായത്.
താൽകാലിക വിസിയെന്ന നിലയിൽ കേരള സർവകലാശാലയിലേക്ക് കേറാൻ പോലും പറ്റാത്തത്ര കലുഷിതമാക്കിയിട്ടും പിന്നെയും വെല്ലുവിളിക്കുകയാണ് മോഹനൻ കുന്നുമ്മൽ. ഗവർണർ നൽകുന്ന പിന്തുണയാലാണ് ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നത്.
ഗവർണർ രൂപീകരിച്ച സാങ്കേതിക സർവകലാശാല, കുഫോസ് സെർച്ച് കമ്മിറ്റികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേരള സെനറ്റിലേക്ക് എബിവിപി പ്രവർത്തകരെ നാമനിർദേശം ചെയ്തത് റദ്ദാക്കി. സാങ്കേതിക സർവകലാശാലയിൽ ചട്ടവിരുദ്ധമായാണ് സിസ തോമസ് താൽകാലി വിസിയായി ഇരിക്കുന്നതെന്ന് 2023 മാർച്ചിൽ ഹൈക്കോടതി വിധിച്ചതാണ്. 11 വിസിമാരെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കവും കോടതി തടഞ്ഞിരുന്നു. തീരുമാനങ്ങളെല്ലാം അസാധുവാണെന്ന് പല വിധികളിലൂടെ തെളിഞ്ഞിട്ടും, രാജ്‌ഭവൻ ആവർത്തിച്ച് വെല്ലുവിളിച്ച് സർവകലാശാലകളെ കലഹങ്ങളിലേക്ക് നയിക്കുന്നു.
ഫണ്ട് നൽകുന്ന സംസ്ഥാന സർക്കാർ സ്വന്തം അധികാരം ഉപയോഗിച്ച് സർവകലാശാലകളെ നവീകരിക്കാൻ ശ്രമിക്കുന്നത് തടയുകയാണ് ആർഎസ്‌എസ്. ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രതിസന്ധിയും മറ്റൊന്നല്ല.









0 comments