താൽക്കാലിക വിസി ; ഹൈക്കോടതി ഉത്തരവിൽ വ്യക്തത തേടി രാജ്‌ഭവൻ

തിരുവനന്തപുരം
സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നുമാത്രമേ താൽക്കാലിക വിസിമാരെ നിയമിക്കാവൂ എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ രാജ്‌ഭവന് നിയമോപദേശം. എന്നാൽ, അപ്പീൽ നൽകുന്നത് സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ല. തിങ്കളാഴ്‌ച ഗോവയിലേക്ക് പോയ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ 19നേ മടങ്ങിയെത്തൂ.
മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ കാലത്തുനടന്ന നിയമനവും കേസുമാണ് സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലേത്.
താൽക്കാലിക വിസി നിയമനത്തിന് യുജിസി മാനദണ്ഡം ബാധകമാക്കേണ്ടതില്ലെന്ന് ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ ഉണ്ടെന്നും ഇത് നിയമപരമാണോ എന്ന് പരിശോധിക്കണമെന്നുമാണ് നിയമോപദേശം. സർവകലാശാലകളിലെ ഏത് പ്രശ്നങ്ങളുടെയും അന്തിമ ഉത്തരവാദി ചാൻസലർ ആണെന്നതിനാൽ താൽക്കാലിക വിസി നിയമനത്തിലടക്കം അവസാനവാക്കും ചാൻസലറാണെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും നിയമോപദേശത്തിലുണ്ട്.
എന്നാൽ, ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കുമ്പോൾത്തന്നെ വിശദമായ ഇത്തരം വിഷയങ്ങളിൽ വാദപ്രതിവാദം നടന്നിരുന്നു. എല്ലാ നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച ശേഷമാണ് താൽകാലിക വിസി നിയമനം സർക്കാർ നൽകുന്ന പാനലിൽനിന്നേ നടത്താവൂ എന്ന അന്തിമ തീരുമാനത്തിലേക്ക് കോടതി എത്തിയതെന്നും നിയമവിദഗ്ധർ പറയുന്നു.
അതേസമയം, മറ്റ് മാർഗങ്ങളൊന്നുമില്ലാത്തതിനാൽ സർക്കാർ നൽകുന്ന പാനലിൽനിന്ന് താൽക്കാലിക വിസി നിയമനം നടത്താനാണ് ഗവർണറുടെ തീരുമാനമെന്നും അറിയുന്നു. സർക്കാർ നൽകിയ പാനലിൽനിന്നാണ് മലയാളം സർവകലാശാലയിലും കുഫോസിലും ഗവർണർ താൽക്കാലിക വിസിയെ നിയമിച്ചത്.









0 comments