ad
Deshabhimani

സംസ്ഥാനത്ത് മഴ തുടരും: കണ്ണൂരും കാസർകോടും നാളെ ഓറഞ്ച് അലേർട്ട്; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ

heavy rain alert
വെബ് ഡെസ്ക്

Published on Jul 02, 2026, 07:16 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വടക്കൻ കേരളത്തിലെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയോടെ മഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം.


തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ (വെള്ളിയാഴ്ച) രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഇതിന് പുറമെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 9 ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.


അടുത്ത ഏതാനും ദിവസങ്ങളിൽ (നാലാം തീയതി വരെ) സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. ജനലും വാതിലും അടച്ചിടണം.


വാതിലിനും ജനലിനും ഭിത്തിക്കും അരികിൽ നിൽക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ളപ്പോൾ ടെലഫോൺ ഉപയോഗിക്കരുത് (മൊബൈൽ ഫോൺ ഉപയോഗിക്കാം). ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക.


അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ തുറസായ സ്ഥലത്തോ ടെറസിലോ കളിക്കാൻ വിടരുത്. തുണി എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. ഇടിമിന്നലുള്ള സമയത്ത് മരച്ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്. കാറിനോ ബസ്സിനോ ഉള്ളിൽ ആണെങ്കിൽ അതിൽ തന്നെ തുടരുക.


ബൈക്ക്, സൈക്കിൾ, ട്രാക്ടർ യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറുക. ഇടിമിന്നൽ സമയത്ത് ജലാശയങ്ങളിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. കാർമേഘം കാണുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് എന്നിവ നിർത്തിവെച്ച് കരയിലേക്ക് മടങ്ങണം. പട്ടം പറത്തുന്നത് ഒഴിവാക്കുക.


വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. മഴമേഘം കാണുമ്പോൾ അവയെ മാറ്റിപ്പാർപ്പിക്കാൻ പോകുന്നത് ഒഴിവാക്കുക. മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതിനാൽ അവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. ഉടൻ വൈദ്യസഹായം എത്തിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home