Deshabhimani

print edition കാലത്തിനൊപ്പം കേരള പൊതുമേഖല

kppl
avatar
പി രാജീവ്

Published on Dec 15, 2025, 12:02 AM | 4 min read

മലയാള മനോരമയിൽ ‘വെറുതെ പോറ്റുന്ന വെള്ളാനകൾ' എന്ന ലേഖനത്തിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ടി നന്ദകുമാർ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ട്. അദ്ദേഹം ഉന്നയിക്കുന്നതിന് എത്രയോ മുമ്പ്‌ തന്നെ ഉത്തരം ലഭിച്ചവയാണ് ഈ ചോദ്യങ്ങൾ എന്നതാണ് രസകരമായ കാര്യം. ലേഖനത്തിൽ പറഞ്ഞ കാര്യങ്ങൾ ഒന്നുംതന്നെ വസ്തുതാപരമല്ല. ഒന്നുകിൽ കണ്ണടച്ച് ഇരുട്ടാക്കുകയോ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ സർക്കാർ കൊണ്ടുവന്ന അത്ഭുതകരവും കാലത്തിനു മുമ്പേ സഞ്ചരിക്കുന്നതുമായ മാറ്റങ്ങൾ ഗ്രഹിക്കാതിരിക്കുകയോ ആണ് ലേഖകൻ എന്നു പറയാതെ വയ്യ.


വെള്ളാനകളാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ എന്ന പരാമർശം വസ്തുതാപരമായും രാഷ്ട്രീയമായും ശരിയല്ല. ദേശീയതലത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ കൈയൊഴിയുന്ന നയമാണ് കേന്ദ്ര സർക്കാരും ഏതാനും സംസ്ഥാന സർക്കാരുകളും പിന്തുടരുന്നത്. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായി പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും മത്സരാധിഷ്ഠിതമാക്കി മാറ്റുകയും ചെയ്യുന്നതിലൂടെ കേരളം പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. വ്യവസായ വകുപ്പിനു കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയരുകയാണ് ചെയ്തിട്ടുള്ളത്. 2025–26 സാമ്പത്തിക വർഷത്തെ അർധ വാർഷിക അവലോകനപ്രകാരം പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾകൂടി ലാഭത്തിലായി. ഏഴ്‌ പൊതുമേഖലാ സ്ഥാപനങ്ങൾ അവയുടെ ലാഭം വർധിപ്പിച്ചു. പ്രവർത്തന ലാഭത്തിലും 82.09 കോടി രൂപയുടെ വർധനയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റുവരവ് 2440.14 കോടി ആയി വർധിക്കുകയും ചെയ്തു.


പ്രവർത്തന മികവിലൂടെ രാജ്യത്തിനുതന്നെ മാതൃകയായ പ്രകടനമാണ് പൊതുമേഖലാ സ്ഥാപനങ്ങൾ കാഴ്ചവച്ചത്. പ്രതിരോധ മേഖല, എയ്റോസ്പേസ്, ഇലക്ട്രോണിക്സ്, നിർമിത ബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യ എന്നിവയിൽ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച പൊതുമേഖലാ സ്ഥാപനമായി കെൽട്രോൺ മാറി. ഐഎൻഎസ് തമാൽ യുദ്ധക്കപ്പൽ നിർമാണത്തിൽ വലിയ പങ്ക് കെൽട്രോൺ വഹിക്കുന്നുണ്ട്. ആയിരം കോടിയിലേറെ വിറ്റുവരവ് നേടാനും കെൽട്രോണിന് കഴിഞ്ഞു. ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് സംയുക്ത സംരംഭവുമായി കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് പ്രവേശിച്ചു. ഗുണനിലവാരമുള്ള മരുന്നുകൾ ഉറപ്പുവരുത്തുന്നതിനായി കെഎസ്ഡിപി വിപണന കേന്ദ്രം തുറന്നു. കെഇഎല്ലിന് കർണാടക സർക്കാരിൽനിന്ന് ലഭിച്ച ഓർഡറുകൾ ഉൾപ്പെടെ ബിസിനസ് വിപുലപ്പെടുത്താനായി. കെസിസിപിഎൽ ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിലേക്ക് കടന്നു. ലുലു മാൾ ഉൾപ്പെടെ വിവിധ പ്രീമയം കേന്ദ്രങ്ങളിൽ വിപണനശാലകൾ തുറന്ന് കയർ കോർപറേഷൻ ലാഭം വർധിപ്പിച്ചു. 60 ലക്ഷം രൂപയുടെ വിറ്റുവരവും നേടി. 32 പൊതുമേഖലാ സ്ഥാപനങ്ങൾ സുരക്ഷ ഓഡിറ്റ് നടപ്പാക്കി.


വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡുകളിൽ വിദഗ്ധ/ സ്വതന്ത്ര അംഗങ്ങളെ ഉൾപ്പെടുത്തി 2022 ൽ തന്നെ സർക്കാർ ഡയറക്ടർ ബോർഡുകൾ പുനഃസംഘടിപ്പിച്ചു. കമ്പനി നിയമം നിഷ്‌കർഷിക്കുന്നില്ലെങ്കിലും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പ്രൊഫഷണൽ സമീപനമാണ് കൈക്കൊണ്ടത്. ഓരോ സ്ഥാപനങ്ങളുടെയും പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട വിഷയ വിദഗ്ധരെയാണ് ബോർഡ് അംഗങ്ങളായി ഉൾപ്പെടുത്തിയത്. 26 പൊതുമേഖലാ സ്ഥാപനങ്ങളിൽ 34 ഡയറക്ടർമാരെ ഇപ്രകാരം നിയമിച്ചു. കെഎംഎംഎൽ, കെൽ, ടെൽക്, കെഎസ്ഐഇ, കെഎസ്ഡിപി എന്നിവിടങ്ങളിൽ ഒന്നിലധികം വിഷയ വിദഗ്ധരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി.


ഇൻകം ടാക്സ് വകുപ്പ് മുൻ ഡയറക്ടർ ജനറൽ പി കെ വിജയകുമാർ (കെഎംഎംഎൽ), മുംബൈ രത്നഗിരി റിഫൈനറി മുൻ ജനറൽ മാനേജർ വി വേണുഗോപാലക്കുറുപ്പ് (കെഎംഎം എൽ), ബാംഗ്ലൂർ റിഫൈനറി മുൻ ഡയറക്ടർ എം വിനയകുമാർ (കെഎംഎംഎൽ), നബാർഡ് ഫിൻ സർവീസ് മുൻ എംഡി ഡോ. ബി എസ് സുരൻ ( കാഷ്യൂ ഡെവലപ്പ്മെന്റ് കോർപറേഷൻ), ബിപിസിഎൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി മുരളീ മാധവൻ (മലബാർ സിമന്റ്സ്), എച്ച്ഒസിഎൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ കെ കുഞ്ഞുമോൻ (ടിസിസി), കുസാറ്റ് ഇലക്ട്രിക്കൽ എൻജിനിയറിങ്‌ വകുപ്പ് മുൻ മേധാവി പ്രൊഫ. സി എ ബാബു, ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിപ്സ് കമ്പനി മുൻ ജിഎം ഫിലിപ്പ് ജോൺ (കെൽ), പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ജോൺ എബ്രഹാം (ടെൽക് ) ടോക് എച്ച് കോളേജ് സിവിൽ എൻജിനിയറിങ്‌ വകുപ്പ് മുൻ മേധാവി പ്രൊഫ. ലതികുമാരി (മലബാർ സിമന്റ്സ് ) തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ധരെയാണ് ഡയറക്ടർ ബോർഡുകളിൽ ഉൾപ്പെടുത്തിയത്. പൊതുമേഖലാ മേൽനോട്ട സംവിധാനമായ ബിപിടി അപേക്ഷ ക്ഷണിച്ച് തയ്യാറാക്കിയ പട്ടികയനുസരിച്ചാണ് ഈ നിയമനം. ഡയറക്ടർ ബോർഡിലെ വ്യവസായ, ധനവകുപ്പ് പ്രതിനിധികൾക്ക് പരിശീലനം നൽകുകയും സബ് കമ്മിറ്റികൾ രൂപീകരിച്ച് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്തു.


ഇതിനുപുറമേ വിവിധ മേഖലകളിലെ വിദഗ്ധരുടെ സേവനം പൊതുമേഖലയുടെ മികവിനായി ഉപയോഗപ്പെടുത്താൻ സർക്കാർ നിരന്തരം ശ്രമിക്കുന്നുണ്ട്. ഇലക്ട്രോണിക്സ്, പ്രതിരോധ ഉപകരണ രംഗത്തെ വിദഗ്ധനും കേന്ദ്ര പ്രതിരോധ സ്ഥാപനമായ എന്‍പിഒഎല്‍ മുന്‍ ഡയറക്ടറുമായ ഡോ. എസ് വിജയന്‍പിള്ളയെ കെൽട്രോൺ ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചതും ഇതിന്റെ ഭാഗമായാണ്. ഡയറക്ടർ ബോർഡുകൾക്ക് സ്വയംഭരണാവകാശവും സർക്കാർ നൽകി.


വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് സർക്കാർ രൂപീകരിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ മുതൽ എംഡി വരെയുള്ളവരുടെ നിയമനം പൂർണമായും മെറിറ്റും യോഗ്യതയും പാലിച്ചാണ് നടക്കുന്നത്. ബാഹ്യ ഇടപെടലുകൾ ഒഴിവാക്കി അതത് മേഖലയിൽ നൈപുണ്യമുള്ള ആളുകളെ തെരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിൽ സ്വയംഭരണാധികാരത്തോടെയാണ് ബോർഡ് പ്രവർത്തിക്കുന്നത്. പൊതുമേഖലയുടെ കാര്യക്ഷമത ഉയർത്തുന്നതിൽ പുതിയ റിക്രൂട്ട്മെന്റ് ബോർഡ് വലിയ പങ്ക്‌ വഹിക്കുന്നുണ്ട്. മുൻ ചീഫ് സെക്രട്ടറി വി പി ജോയ് അധ്യക്ഷനായുള്ള റിക്രൂട്ട്മെന്റ്‌ ബോർഡ് മികച്ച പ്രവർത്തനമാണ് നടത്തുന്നത്.


​സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന റിയാബ് പുനഃസംഘടിപ്പിച്ച് ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷന് സർക്കാർ രൂപം നൽകി. പൊതുമേഖലയെ കാലാനുസൃതമായി നവീകരിക്കുന്നതിൽ പ്രധാന ചുവടുവയ്പാണ് ബിപിടിയുടെ രൂപീകരണം. ബിപിടി എക്സിക്യൂട്ടീവ് ചെയർമാനായി ഭാരത് പെട്രോളിയം കോർപറേഷൻ ഇ ഡി യായിരുന്ന അജിത്കുമാറിനെ നിയമിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പ്രവർത്തന സ്വയംഭരണം നൽകാനുള്ള പോൾ ആന്റണി കമ്മിറ്റി ശുപാർശകൾ നടപ്പാക്കി വരികയുമാണ്.


​പൊതുമേഖലാ സ്ഥാപനങ്ങളുടെ വാർഷിക ഓഡിറ്റ് പൂർത്തിയാക്കുന്നതിൽ വൻ പുരോഗതിയാണ് കൈവരിച്ചത്. വ്യവസായ വകുപ്പിനു കീഴിലുള്ള 41 സ്ഥാപനങ്ങളും 2023–24 വരെയുള്ള ഓഡിറ്റ് പൂർത്തിയാക്കി. സ്ഥാപനങ്ങളുടെ വാർഷിക പ്രവർത്തന റിപ്പോർട്ടും കാലാനുസൃതമാക്കി മാറ്റാൻ കഴിഞ്ഞു.


​പുതിയ ഓർഡറുകൾ കണ്ടെത്തുന്നതിനും വിപണി വിപുലീകരിക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലയിലേതുൾപ്പെടെ പ്രധാന സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുകയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്ന വിപണനത്തിനായി കെ - ഷോപ്പി ഡിജിറ്റൽ പ്ലാറ്റ്ഫോമിന് രൂപം നൽകിയിട്ടുണ്ട്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചെയർമാൻമാർ രാഷ്ട്രീയ നേതാക്കളല്ല എന്നതും ലേഖകൻ വിസ്മരിച്ചു. പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളായ കെഎംഎംഎൽ, കെൽട്രോൺ, ടിടിപി, ടിസിസി, മലബാർ സിമന്റ്‌സ്‌ തുടങ്ങിയവയുടെ ചെയർമാൻ പദത്തിൽ സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥരോ സാങ്കേതിക വിദഗ്ധരോ ആണുള്ളത്. ചെയർമാൻ പദവിയിലുള്ള രാഷ്ട്രീയ പ്രവർത്തകർ അതത് സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ പ്രൊഫഷണൽ മികവോടെ തന്നെ നേതൃത്വം നൽകുന്നതും കാണാതിരുന്നുകൂടാ. മാത്രമല്ല, ചെയർമാൻ പദവിയിലുള്ളവർക്ക് എക്സിക്യൂട്ടീവ് അധികാരങ്ങൾ പ്രയോഗിക്കാനുമാകില്ല. ഇവർക്ക് നാമമാത്ര പ്രതിഫലം മാത്രമാണ് നിശ്ചയിച്ചിട്ടുള്ളതും.


രാജ്യത്തിനു തന്നെ മാതൃകയാകുംവിധം പൊതുമേഖലയിൽ സംഭവിച്ച മാറ്റങ്ങളെ കാണുന്നില്ല എന്നതാണ് ടി നന്ദകുമാറിന്റെ ലേഖനത്തിന്റെ മറ്റൊരു പോരായ്മ. കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞ വെള്ളൂർ എച്ച്എൻഎൽ ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ച് കെപിപിഎൽ രൂപം നൽകി. കാസർകോട് ഭെൽ ഏറ്റെടുത്ത് കെൽ - ഇഎംഎൽ രൂപീകരിച്ചു. പുതുതായി കേരളാ റബർ ലിമിറ്റഡ് രൂപീകരിച്ചു. കയർ കോർപറേഷനും ഫോം മാറ്റിങ്‌സും ലയിപ്പിക്കുകയും ചെയ്തു. ഓരോ പൊതുമേഖലാ സ്ഥാപനങ്ങൾക്കും വെവ്വേറെ മാസ്റ്റർ പ്ലാനുകളും തയ്യാറാക്കി.

​സംസ്ഥാന പൊതുമേഖലയുടെ കാര്യക്ഷമത ഗണ്യമായി വർധിക്കുകയും നടത്തിപ്പിൽ പ്രൊഫഷണൽ മികവ് കൈവരിക്കുകയും ചെയ്ത കാലയളവാണിത്. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഈ മാറ്റത്തിന് നിദാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home