അപൂർവ രേഖകളുമായി പിഎസ്‍സി മ്യൂസിയം; ഉദ്ഘാടനം മാർച്ച് മൂന്നിന്

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷന്റെ ആസ്ഥാന ഓഫിസിൽ രാജ്യത്തെ ആദ്യത്തെ സംസ്ഥാന പിഎസ്‍സി മ്യൂസിയം ഒരുങ്ങുന്നു. കേരള പിറവിക്ക് മുൻപുള്ള മദിരാശി പ്രവിശ്യയിലേയും കൊച്ചി, തിരുവിതാംകൂർ നാട്ടുരാജ്യങ്ങളിലേയും ഉദ്യോഗസ്ഥ നിയമന രീതികളും കേരളപിറവിക്കു ശേഷമുള്ള കേരള പിഎസ്‍സിയുടെ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളും പരിചയപ്പെടുത്തുന്ന അപൂർവ രേഖകളാണ് മ്യൂസിയത്തിന്റെ പ്രത്യേകത.
യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ കേരളാ പിഎസ്‍സിക്ക് സമ്മാനിച്ച ഇന്ത്യൻ ഭരണഘടനയുടെ ആധികാരിക പുസ്തകവും തിരു- കൊച്ചി സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന സി കേശവൻ ആദ്യ പബ്ലിക് സർവീസ് കമ്മീഷണറായ ഡോ. ജെ ഡി നോക്‌സിന് നൽകിയ കത്തും അടക്കം അപൂർവങ്ങളായ രേഖകൾ മ്യൂസിയത്തിലുണ്ട്. പഴക്കംകൊണ്ടും രാജകീയപ്രൗഢി കൊണ്ടും ശ്രദ്ധേയമായ പട്ടം തുളസിഹിൽ ബംഗ്ലാവിലാണ് മ്യൂസിയം സജ്ജമാക്കിയിരിക്കുന്നത്. വിശാലമായ റഫറൻസ് ലൈബ്രറിയും റീഡിംഗ് റൂമും ഈ മന്ദിരത്തിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ സിവിൽ സർവ്വീസ് റിക്രൂട്ട്‌മെന്റുകളെപ്പറ്റി ഗവേഷണം നടത്തുന്നവർക്ക് ഏറെ പ്രയോജനപ്രദമായിരിക്കും മ്യൂസിയം. ഡൽഹിയിലെ യൂണിയൻ പബ്ലിക് സർവീസ് കമീഷൻ ആസ്ഥാനത്ത് മാത്രമാണ് നിലവിൽ പിഎസ്‍സി മ്യൂസിയമുള്ളത്. സംസ്ഥാന പിഎസ്‍സികളിലെ ആദ്യ മ്യൂസിയമാണ് കേരളത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
മാർച്ച് മൂന്നിന് വൈകുന്നേരം നാലു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. അതോടൊപ്പം 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി പതിനാല് ജില്ലാ പിഎസ്‍സി ഓഫീസുകളും മൂന്ന് മേഖലാ ഓഫീസുകളും ആസ്ഥാന ഓഫീസും സമ്പൂർണ്ണ ഹരിത ക്യാമ്പസായി മാറുന്നതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവ്വഹിക്കും. ചടങ്ങിൽ ചെയർമാൻ ഡോ. എം ആർ ബൈജു അധ്യക്ഷത വഹിക്കും. യുപിഎസ്‍സി മ്യൂസിയം കൺസൾട്ടന്റ് ഡോ. വി കെ മാത്തൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. മേയർ ആര്യാ രാജേന്ദ്രൻ, ഡോ. ശശി തരൂർ എം പി, വി കെ പ്രശാന്ത് എംഎൽഎ, കമ്മീഷനംഗങ്ങളായ ഡോ. ശ്രീകുമാർ എസ്, എസ് വിജയകുമാരൻ നായർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാർ, ഡെപ്യൂട്ടി മേയർ പി കെ രാജു, നവകേരളം മിഷൻ കോ-ഓർഡിനേറ്റർ ഡോ. ടി എൻ സീമ എന്നിവർ ആശംസകൾ അർപ്പിക്കും. സെക്രട്ടറി സാജു ജോർജ്ജ് സ്വാഗതം പറയും. അഡീഷണൽ സെക്രട്ടറി സംഗീതാദേവി നന്ദി പറയും.









0 comments