ad
Deshabhimani

print edition പിഎസ്‍സി ചെയർമാനെയോ അംഗങ്ങളെയോ കാരണമില്ലാതെ പിരിച്ചുവിടാനാകില്ല

KERALA PSC
വെബ് ഡെസ്ക്

Published on Aug 24, 2026, 12:36 AM | 1 min read

തിരുവനന്തപുരം: പിഎസ്‍സിയെ അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഗൂഢനീക്കത്തിന് ഗവർണറുടെ പിന്തുണയുണ്ടെങ്കിലും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്കുപോലും നടപടിയെടുക്കാനാകില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. നിയമിക്കുന്നത് ഗവർണർ ആണെങ്കിലും ചെയർമാനെയോ അംഗങ്ങളെയോ നേരിട്ട് നീക്കാനോ സസ്പെൻഡ് ചെയ്യാനോ ആകില്ല.


പെരുമാറ്റദൂഷ്യം പോലുള്ള ഗുരുതര വീഴ്ചയുണ്ടായാൽ രാഷ്ട്രപതിയുടെ നിർദേശപ്രകാരം സുപ്രീംകോടതി അന്വേഷിക്കും. സുപ്രീംകോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയാൽ മാത്രമേ രാഷ്ട്രപതിക്ക് പുറത്താക്കാനാകൂ.


ഇത്‌ മറച്ചുവച്ചാണ്‌ ഗവർണർക്ക് ചെയർമാനെയും അംഗങ്ങളെയും സ‍സ്പെൻഡ് ചെയ്യാം എന്ന്‌ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്‌. രാഷ്ട്രപതിയുടെ നിർദേശപ്രകാരം സുപ്രീംകോടതി അന്വേഷിക്കുന്ന ഘട്ടത്തിൽ മാത്രമേ സസ്പെൻഷൻപോലും നടത്താനാകൂ. ഇതുപോലും സുപ്രീം കോടതിയുടെ അന്വേഷണ കാലയളവിലേക്കുള്ള താൽക്കാലിക നടപടി മാത്രമാണ്. അതിന് സംസ്ഥാന സർക്കാരിന്റെ ശുപാർശ വേണം.


സർക്കാരിന്റെ ഏതെങ്കിലും കരാറുകളിലോ ഇടപാടുകളിലോ ഔദ്യോഗിക പദവിക്കുപുറമേ വ്യക്തിതാൽപ്പര്യമെടുക്കുകയോ ലാഭവിഹിതം കൈപ്പറ്റുകയോ ചെയ്താലാണ് പെരുമാറ്റദൂഷ്യമായി കണക്കാക്കുന്നത്‌. ഈ നിയമവ്യവസ്ഥകളെല്ലാം പിഎസ്‍സി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.


ഇതെല്ലാം അട്ടിമറിക്കാനുള്ള പഴുതാണ് ഇപ്പോൾ യുഡിഎഫ് സർക്കാരും ഗവർണറും തേടുന്നത്. ഇതിന്റെ ഭാഗമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വെള്ളിയാഴ്ച പിഎസ്‍സി സെക്രട്ടറി സാജു ജോർജിനെ ലോക്ഭവനിൽ വിളിച്ചുവരുത്തിയിരുന്നു. സെക്രട്ടറി പിഎസ്‍സി ചെയർമാനെപ്പോലും അറിയിക്കാതെ സന്ദർശനം നടത്തിയതും ദുരൂഹത ഉയർത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home