കേന്ദ്രം വെട്ടിമാറ്റിയ ഭാഗങ്ങളെല്ലാം ഉള്‍പ്പെടുത്തി കേരളം നാല് വിഷയത്തില്‍ ആറ് അധിക പുസ്‌തകങ്ങള്‍ പുറത്തിറക്കി
print edition ഹിന്ദുത്വ അജൻഡ തടഞ്ഞത് കേരളംമാത്രം ; ഗാന്ധിവധവും മുഗള്‍ചരിത്രവും പാഠപുസ്‌തകത്തില്‍

ആന്‍സ് ട്രീസ ജോസഫ്
Published on Oct 26, 2025, 04:32 AM | 1 min read
തിരുവനന്തപുരം
പാഠപുസ്‌തകങ്ങളിലൂടെ ഹിന്ദുത്വ അജൻഡ നടപ്പാക്കാനുള്ള സംഘപരിവാർ ശ്രമത്തെ ചെറുത്തുതോൽപ്പിച്ചത് കേരളം മാത്രം. ആര്‍എസ്എസ് താല്‍പര്യം സംരക്ഷിക്കാന്‍ പാഠപുസ്‌തകത്തില്‍നിന്ന് ചരിത്രവസ്‌തുതകൾ കേന്ദ്രം വെട്ടിയപ്പോള്‍ അവ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ബദല്‍ പാഠപുസ്‌തകങ്ങള്‍ പുറത്തിറക്കി. എന്‍സിഇആര്‍ടി ഒഴിവാക്കിയ ജനാധിപത്യവും മതനിരപേക്ഷതയും എന്ന പാഠഭാഗവും പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തി. 2023–24 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, സോഷ്യോളജി പുസ്‌തകങ്ങളിലായിരുന്നു കേന്ദ്രത്തിന്റെ വെട്ടിമാറ്റല്‍. എന്നാൽ വെട്ടിമാറ്റിയ ഭാഗങ്ങളെല്ലാം ഉള്‍പ്പെടുത്തി കേരളം നാല് വിഷയത്തില്‍ ആറ് അധിക പുസ്‌തകങ്ങള്‍ പുറത്തിറക്കി. ചരിത്രത്തില്‍ ഇന്ത്യാവിഭജനം, മുഗള്‍ ചരിത്രം, വ്യവസായ വിപ്ലവം എന്നിവയും പൊളിറ്റിക്കല്‍ സയന്‍സില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വം, അടിയന്തരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തി. ഇതിനായി എസ്-സിഇആര്‍ടിയെയാണ് ചുമതലപ്പെടുത്തിയത്. തുടർന്ന് 2023 ആഗസ്‌തിൽ സര്‍ക്കാര്‍ പാഠപുസ്‌തകങ്ങൾ വിതരണം ചെയ്‌തു.
ജനാധിപത്യസർക്കാരിനുനേരെയുള്ള ഗവർണറുടെ കടന്നാക്രമണങ്ങൾ തുറന്നുകാണിക്കാനും ഗവര്‍ണറുടെ അധികാരങ്ങൾ എന്തെല്ലാമെന്ന് പഠിപ്പിക്കാനും പത്താംക്ലാസിലെ സാമൂഹ്യശാസ്‌ത്രം രണ്ടാം ഭാഗത്തില്‍ ‘ജനാധിപത്യം; ഒരു ഇന്ത്യന്‍ അനുഭവം' എന്ന പാഠം ഉൾപ്പെടുത്തി. അടിയന്തരാവസ്ഥ, ഇലക്‌ടറൽ ബോണ്ട് എന്നിവയും പുസ്‌തകത്തിലുണ്ട്. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) വന്നശേഷം ഒന്ന് മുതൽ 10 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും പരിഷ്‌കരിച്ച ഏക സംസ്ഥാനവും കേരളമാണ്.
പിഎം ശ്രീയില്‍ ഒപ്പുവച്ചാൽ എൻഇപി പ്രകാരമുള്ള എൻസിഇആർടി പുസ്‌തകങ്ങൾ പഠിപ്പിക്കണമെന്ന പ്രചാരണം വ്യാപകമാണ്. എന്നാല്‍, അങ്ങനെയൊരു വ്യവസ്ഥയില്ല. പദ്ധതിയിലുള്‍പ്പെടുന്ന സ്‌കൂളുകളിൽ എസ്-സിഇആർടി സിലബസ് പഠിക്കാനാകും.










0 comments