print edition സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി; പഠിക്കാൻ സമിതിയെവച്ച് കൈയൊഴിയാൻ സർക്കാർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പഠിക്കാൻ വിദഗ്‌ധസമിതിയെ നിയോഗിച്ച് കൈയൊഴിയാൻ സർക്കാർ. പ്രതിസന്ധി പഠിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിക്കും. മുൻ ട്രാൻസ്‌പോർട്ട് കമീഷണർ കെ പത്മകുമാർ ചെയർമാനും നാറ്റ്പാക് മുൻ വൈസ് ചെയർമാൻ ഡോ. ശ്രീദേവി വൈസ് ചെയർമാനുമായ അഞ്ചംഗ സമിതിയാണ് രൂപീകരിക്കുക. 45ദിവസത്തിനുള്ളിൽ സമിതി റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കെഎസ്‌ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയശേഷം സ്വകാര്യ ബസ് മേഖല ഗുരുതര പ്രതിസന്ധിയിലായിരുന്നു. പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സ്വകാര്യ ബസുടമകളുമായി ചർച്ചയ്‌ക്ക് ഗതാഗതമന്ത്രി സി പി ജോൺ തയ്യാറായത്. ബസുടമകൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ തിങ്കളാഴ്‌ച നടന്ന ചർച്ചയിൽ അംഗീകരിച്ചില്ല.
ഭാവിപരിപാടികൾ തീരുമാനിക്കാൻ ബസുടമകളുടെ സംഘനകൾ ചൊവ്വാഴ്‌ച യോഗം ചേർന്ന്, പണിമുടക്ക് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.
പ്രിയദർശിനി പദ്ധതി തുടങ്ങിയശേഷം സംസ്ഥാനത്ത് 30 ശതമാനത്തിലേറെ സ്വകാര്യബസുകൾ സർവീസ് നിർത്തി. സർവീസുകളുടെ എണ്ണവും വെട്ടിക്കുറച്ചു. പദ്ധതി ആരംഭിച്ച് ഒരുമാസമാകുമ്പോൾ സ്വകാര്യ ബസ് വ്യവസായത്തിൽ കോടികളുടെ നഷ്‌ടമാണ്.
പഠന റിപ്പോർട്ട് സമർപ്പിച്ച് തീരുമാനം വരുമ്പോഴേയ്‌ക്ക് നഷ്‌ടം കുമിഞ്ഞുകൂടുമെന്ന ആശങ്കയുണ്ട്. സ്വകാര്യബസ് മേഖലയിൽ പ്രതിസന്ധിയുണ്ടെന്ന് യോഗത്തിൽ മന്ത്രി സി പി ജോൺ സമ്മതിച്ചു. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ സ്വകാര്യബസുകൾക്ക് അനുമതി നൽകും. പാഴ്‌സൽ, കൊറിയർ, പരസ്യം തുടങ്ങിയ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചർച്ച തൃപ്‌തികരമല്ലെന്ന് ബസുടമകൾ പറഞ്ഞു. ഡീസൽ അടിക്കാനും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുമാകുന്നില്ല. സ്വകാര്യ ബസ് വ്യവസായം വെന്റിലേറ്ററിലാണ്. സംസ്ഥാന സർക്കാർ അടിയന്തര തീരുമാനമെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.










0 comments