'ഗുഡ് ലക്ക് ചിക്കോ'; വരുന്നു കരിക്ക് ടീമിന്റെ ആദ്യ സിനിമ

കൊച്ചി: മലയാളത്തിലെ ഏറ്റവും ജനപ്രിയരായ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്സിൽ ഒന്നായ കരിക്ക് ടീം ആദ്യമായി ഒരുക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. ഗുഡ് ലക്ക് ചിക്കോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കരിക്ക് സ്റ്റുഡിയോക്ക് ഒപ്പം ചേർന്ന് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് ബാനറിൽ ഡോക്ടർ അനന്തു ആണ് നിർമിക്കുന്നത്. തിരുവോണം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടത്. നിഖിൽ ജി പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കരിക്ക് ടീം ബിഗ് സ്ക്രീനിലേക്ക് എത്തുന്നു എന്ന വാർത്ത വന്നത് മുതൽ കരിക്ക് ആരാധകരും സിനിമാ പ്രേമികളും ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന പ്രൊജക്റ്റ് ആണ് ഗുഡ് ലക്ക് ചിക്കോ. കരിക്ക് വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ അഭിനേതാക്കളും മലയാള സിനിമയിലെ ശ്രദ്ധേയരായ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.
2018ൽ നിഖിൽ പ്രസാദ് സ്ഥാപിച്ച കരിക്ക് യൂട്യൂബ് ചാനൽ ഇതിനോടകം 10 മില്യണോളം സബ്സ്ക്രൈബേർസ് നേടിയെടുത്ത ഡിജിറ്റൽ കണ്ടെൻറ് പ്ലാറ്റ്‌ഫോമാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ചെറുതും വലുതുമായ വെബ് സീരീസുകളിലൂടെ വമ്പൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ കരിക്ക് പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അപ്പുറം നിൽക്കുന്ന സിൽവർ സ്ക്രീൻ അരങ്ങേറ്റം നടത്താനുള്ള ഒരുക്കത്തിലാണ്. അതിനു പൂർണ്ണ പിന്തുണയുമായാണ് ഡോക്ടർ അനന്തുവും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ബാനറും അവർക്കൊപ്പം കൈകോർക്കുന്നത്. മികച്ചതും രസകരവുമായ കണ്ടൻ്റുകൾ സമ്മാനിച്ചിട്ടുള്ള കരിക്ക് ടീമിനൊപ്പം, മലയാളത്തിലെ യുവ സംരഭകനായ ഡോക്ടർ അനന്തുവിന്റെ പ്രൊഡക്ഷൻസ് ബാനർ കൂടിയെത്തുമ്പോൾ വലിയ പ്രതീക്ഷകളാണ് ഈ ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്.
ഛായാഗ്രഹണം- അഖിൽ സേവ്യർ, ഗാനങ്ങൾ, പശ്ചാത്തല സംഗീതം- യാക്‌സൻ ഗാരി പെരേര, നേഹ നായർ, സൗണ്ട് ഡിസൈനർ - നിക്‌സൺ ജോർജ്, പ്രൊഡക്ഷൻ ഡിസൈനർ - അനീറ്റ അബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സിദ്ധാർഥ് കെ ടി, എക്സികുട്ടീവ് പ്രൊഡ്യൂസർ- അമൽ സേവ്യർ മനക്കത്തറയിൽ, കോസ്റ്റും ഡിസൈനർ- ഗായത്രി കിഷോർ, ആക്ഷൻ - സ്റ്റീവൻ കുമാർ, ഫെലിക്സ് ഫുകുയോഷി , മേക്കപ്പ്- അർഷാദ് വർക്കല, അഡീഷണൽ സ്റ്റണ്ട് - റോബിൻ ടോം, വിഎഫ്എക്സ്- മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോ, പ്രൊഡക്ഷൻ കൺട്രോളർ- ജീബു ഗോപാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - നിഖിൽ ജോർജ്, പോസ്റ്റർ ഡിസൈൻ - ബിനോയ് ജോൺ, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.









0 comments