പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധന: കേരള പ്രവാസി സംഘം സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്
തിരുവനന്തപുരം: പ്രവാസികൾക്ക് ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ കുത്തനെ വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. മാർച്ച് കേരളത്തിൽ പ്രവാസി സംഘം സംസ്ഥാന ട്രഷറർ കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു.
നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവ് പിൻവലിച്ച് പ്രവാസികൾക്ക് ചികിത്സാ പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ചികിത്സാ പരിരക്ഷയ്ക്ക് 51–60 പ്രായവിഭാഗത്തിൽ 21,722 രൂപയും 61–70 വിഭാഗത്തിൽ 28,326 രൂപയും 71–80 വിഭാഗത്തിൽ 48,279 രൂപയുമാണ് പ്രീമിയം. കുടുംബ ചികിത്സാ പരിരക്ഷയ്ക്ക് ഇതേ പ്രായവിഭാഗങ്ങളിൽ യഥാക്രമം 35,664, 44,718, 77,773 രൂപയും നൽകേണ്ടതായി വരും. രോഗാവസ്ഥയിൽ പ്രവാസികൾക്ക് ആശ്വാസമാകുന്നതിലേക്കായി എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതി നിരക്ക് വർധനവിലൂടെ യുഡിഎഫ് സർക്കാർ പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യതയായി മാറ്റുകയാണെന്നും സജീവ് തൈക്കാട് പറഞ്ഞു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി എൽ അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം നാസർ പൂവച്ചൽ, നാസർ പാപ്പനംകോട്, വി ജോബോയ് തുടങ്ങിയവർ സംസാരിച്ചു.









0 comments