print edition ഇരുട്ടത്തിരുത്തും: പവർക്കട്ട് ഡിസംബർവരെ തുടരും

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റതുമുതൽ അടിച്ചേൽപ്പിച്ച പവർക്കട്ട് ഡിസംബർവരെ തുടരും. കാലാവസ്ഥ മാറ്റവും വിപണിയിലെ ഉൗർജ ലഭ്യതയും മുൻകൂട്ടിക്കണ്ട് ക്രമീകരണം ഒരുക്കുന്നത് പാളിയതാണ് ഇതിന് കാരണം. വൻവില നൽകി വൈദ്യുതി വാങ്ങാനുള്ള നീക്കം കെഎസ്‌ഇബി തുടങ്ങി. ഇത് ഉപഭോക്താക്കൾക്ക് ഇരട്ടപ്രഹരമാകും. വൻ വിലയ്‌ക്ക് വൈദ്യുതി വാങ്ങണമെന്ന് റെഗുലേറ്ററി കമീഷനെ കെഎസ്‌ഇബി അറിയിച്ചിട്ടുണ്ട്. ഇതിന് അനുവാദം കിട്ടിയില്ലെങ്കിൽ പവർക്കട്ടിന്റെ സമയം കൂട്ടും.
നിലവിൽ വൈകിട്ട് ആറി-നും രാത്രി 12-നും ഇടയിലാണ് പവർക്കട്ട്. ലോകകപ്പ് ഫുട്‌ബോൾ നടക്കുന്ന സമയത്തുള്ള നിയന്ത്രണം അക്ഷരാർഥത്തിൽ ഇരുട്ടടിയാണ്. നിലവിൽ വൈദ്യുതി വാങ്ങുന്നതിന് യൂണിറ്റിന് 10 രൂപവരെയാണ് പരിധി. ഡീപ് പോർട്ടലിൽ കെഎസ്‌ഇബി നൽകിയ ടെൻഡറിൽ ഒരു കന്പനിയും വന്നിട്ടില്ല. ജൂലൈയിലും ഒക്‌ടോബറിലും വൈദ്യുതി നൽകാൻ താൽപ്പര്യമറിയിച്ച കന്പനിയുമായി ധാരണയിലെത്തിയിട്ടില്ല. സെപ്‌തംബറിൽ 12.98 രൂപയെന്ന കൂടിയ നിരക്കാണ് കന്പനികളുടേത്. ഇതിന് വഴങ്ങിയാൽ നിരക്ക് ഇനിയും കുതിക്കും.
കഴിഞ്ഞ 10 വർഷം എൽഡിഎഫ് സർക്കാർ ഒരുദിവസംപോലും ലോഡ്‌ഷെഡ്‌ഡിങ് ഏർപ്പെടുത്തിയിരുന്നില്ല.
ആസൂത്രണം പാളിയെന്ന് മന്ത്രി
ആസൂത്രണം പാളിയെന്ന് സമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി വാങ്ങാനുള്ള ശ്രമം നടത്തുന്നുണ്ട്. ആവശ്യത്തിന് ലഭ്യതയില്ലാത്തത് പ്രശ്‌നം. ഇത്രയും പ്രതിസന്ധി പ്രതീക്ഷിച്ചില്ല. വായ്‌പയായി വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കേണ്ട സമയമാണിതെന്നതും മഴ കുറഞ്ഞതുമാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.










0 comments