print edition കൊടുംചൂട്; 400 മെഗാവാട്ട് വൈദ്യുതികൂടി ലഭ്യമാക്കാൻ ശ്രമം

തിരുവനന്തപുരം: കനത്ത ചൂടിനെതുടർന്ന് വൈദ്യുതി ഉപഭോഗത്തിലുണ്ടായ വർധനയും പ്രതിസന്ധിയും നേരിടാൻ കേന്ദ്രവിഹിതത്തിൽനിന്ന് 200 മെഗാവാട്ട് വൈദ്യുതികൂടി വാങ്ങും. ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമീഷൻ അനുമതി നൽകിയ 250 മെഗാവാട്ട് വാങ്ങാൻ കമ്പനികളെ തേടുന്ന നടപടിയും തുടങ്ങും. കെഎസ്‌ഇബി മാനേജ്‌മെന്റിന്റെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗം ഇക്കാര്യം ചർച്ചചെയ്‌തു. നിലവിലുള്ള സ്ഥിതി പരിശോധിക്കാനും പരിഹാരമാർഗങ്ങൾ തേടാനുമുള്ള യോഗം ചൊവ്വാഴ്‌ച വിളിച്ചിട്ടുണ്ട്.
600 മെഗാവാട്ട് വൈദ്യുതിയുടെ കുറവായിരുന്നു ഉണ്ടായിരുന്നത്. വർധിച്ച ഉപഭോഗവും ചില ഡാമുകളിൽ വെള്ളം കുറഞ്ഞതും പ്രതിസന്ധിയാകുമായിരുന്നു. 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷൻ ഞായറാഴ്‌ചയാണ് അനുമതി നൽകിയത്. കേന്ദ്രവിഹിതത്തിൽനിന്ന് 200 മെഗാവാട്ട് വൈദ്യുതി മെയ് ഒന്നുമുതൽ ലഭ്യമാകുമെന്നാണ് കെഎസ്‌ഇബിയുടെ പ്രതീക്ഷ. പുറമേ 200 മെഗാവാട്ട് കൂടി കണ്ടെത്താനാണ് നീക്കം. അതോടെ പ്രതിസന്ധി അയയും.
വേനൽ മഴ ശക്തമായാൽ ചൂടു കുറയുകയും ഉപഭോഗം കുറയുകയും ചെയ്യും. പവർ കട്ടും ലോഡ് ഷെഡ്ഡിങ്ങും വേണ്ടിവരില്ല. നിലവിൽ രാജ്യത്ത് മറ്റു പലയിടത്തും അപ്രഖ്യാപിത പവർകട്ടും ലോഡ് ഷെഡ്ഡിങ്ങുമുണ്ട്. മണിക്കൂറുകളോളമാണ് ലോഡ് ഷെഡ്ഡിങ്ങ്. എന്നാൽ കേരളത്തിൽ അതു വേണ്ടിവന്നില്ല. എന്നാൽ ലോഡ് കൂടുന്നതിനാൽ ലൈനുകളിലുണ്ടാകുന്ന നാശനഷ്ടം ഒഴിവാക്കാൻ പീക്ക് സമയത്ത് 15 മിനിട്ട് നിയന്ത്രണമുണ്ട്. വൈദ്യുത ബോർഡിനു കീഴിലുള്ള 18 ഡാമുകളിൽ ഒമ്പതെണ്ണത്തിൽ മാത്രമാണ് ജലനിരപ്പ് 30 ശതമാനത്തിൽ താഴെയുള്ളത്. എല്ലാ ഡാമുകളിലുമായി ശരാശരി 30.3 ശതമാനമാണ് ജലനിരപ്പ്.










0 comments