ad
Deshabhimani

print edition ‘എൽനിനോ’ എന്ന്‌ ആവർത്തിച്ച് മന്ത്രി സണ്ണി ജോസഫ്

sunny joseph
വെബ് ഡെസ്ക്

Published on Jul 02, 2026, 12:46 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ്‌ സർക്കാർ വന്നതോടെ സംസ്ഥാനത്ത്‌ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന്‌ സമ്മതിച്ച്‌ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്‌. പവർകട്ട്‌ തുടരുമെന്ന സൂചനയും നൽകി. നിയമസഭയിൽ ചട്ടം 330 പ്രകാരം നടത്തിയ പ്രസ്‌താവനയിലാണ്‌ തുറന്നുപറച്ചിൽ.


വൈദ്യുതി പ്രതിസന്ധിക്ക്‌ കാരണം ‘എൽനിനോ’ ആണെന്നാണ്‌ മന്ത്രിയുടെ വാദം. ആവശ്യത്തിനനുസരിച്ച്‌ വൈദ്യുതി ഉറപ്പാക്കാൻ ഒരുമാസമായിട്ടും സർക്കാർ നടപടിയെടുത്തില്ല എന്ന കുറ്റസമ്മതംകൂടിയാണിത്‌.


ദുർബലമായ തെക്കുപടിഞ്ഞാറൻ മൺസൂൺ കാരണമാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നത്. എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട ഉഷ്ണതരംഗം ആവശ്യകത ഉയർത്തിയത് വൈദ്യുതി വിപണിയിൽ ക്ഷാമമുണ്ടാക്കി.


പ്രതിദിന ആവശ്യകത 4,100 മെഗാവാട്ട് ആയിരിക്കുമെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും 4,900 മെഗാവാട്ടായി. കേന്ദ്ര ജനറേറ്റിങ്‌ സ്റ്റേഷനുകളിൽനിന്ന് 1,701 മെഗാവാട്ടും ദീർഘകാല കരാറുകളിൽ നിന്ന് 612 മെഗാവാട്ടും പൂർണമായി ലഭിക്കുന്നുണ്ടെങ്കിലും 900 മെഗാവാട്ട്‌ കുറവാണ്‌.


വേനൽക്കാലത്തെ ആവശ്യം നിറവേറ്റാൻ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വാങ്ങിയ വൈദ്യുതി സെപ്‌തംബർ വരെ കേരളം തിരികെ നൽകണം. ദിവസം 6.58 ദശലക്ഷം യൂണിറ്റ് (എംയു) വൈദ്യുതി തിരികെനൽകണം.


ജലവൈദ്യുത സംഭരണികളിലെ ജലനിരപ്പ് 21 ശതമാനമായി കുറഞ്ഞിട്ടുണ്ട്, ഇത് 870 ദശലക്ഷം യൂണിറ്റിന് തുല്യമാണ്. സംസ്ഥാനത്തെ ശരാശരി പ്രതിദിന ഉപഭോഗം 88 ദശലക്ഷം യൂണിറ്റുമുതൽ 90 ദശലക്ഷം യൂണിറ്റ് വരെയാണ്.


ആഭ്യന്തര ഉൽപ്പാദനം 15 ദശലക്ഷം മുതൽ 19 ദശലക്ഷം യൂണിറ്റ് വരെയാണ്‌. പ്രതിദിന ഉപഭോഗത്തിന്റെ 82 മുതൽ 83 വരെശതമാനം പുറത്തുനിന്ന് എത്തിക്കുന്ന വൈദ്യുതി വഴിയാണ് നിറവേറ്റുന്നത്– മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home