print edition 16 വർഷം കഴിഞ്ഞാൽ കേരള ജനസംഖ്യ താഴേക്ക്


വിനോദ് പായം
Published on Dec 15, 2025, 12:01 AM | 1 min read
കണ്ണൂർ: കേരളത്തിലെ ജനസംഖ്യ 2041 വരെമാത്രമേ ഉയരൂവെന്നും പിന്നീട് കുറയുമെന്നും പഠനം. നിലവിലുള്ള ശരാശരി ആയുർദൈർഘ്യം 75.1 ൽനിന്ന് 2051ൽ 82.9 വയസ്സായി ഉയരുമെന്നും പഠനത്തിലുണ്ട്. തിരുവനന്തപുരം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റും (ഐഐഎംഎഡി) പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (പിഎഫ്‌ഐ) പുറത്തിറക്കിയ കേരളത്തിലെ ജനസംഖ്യാ പഠനത്തിലാണ് ഇക്കാര്യമുള്ളത്.
കാൽ നൂറ്റാണ്ടുകൂടി കഴിഞ്ഞാൽ മൊത്തം ജനസംഖ്യയുടെ 12.8ശതമാനം മാത്രമാകും കുട്ടികൾ. ആയുർദൈർഘ്യം 82കടക്കുന്നതോടെ ‘വയസ്സൻ സംസ്ഥാന’മായി കേരളം മാറുമെന്നും ഐഐഎംഎഡി ചെയർമാൻ എസ് ഇരുദയരാജനും സഹഗവേഷകൻ ജെ രത്‌നകുമാറും തയ്യാറാക്കിയ ‘ഇന്ത്യാസ് ഡെമോഗ്രാഫിക് ഫ്യൂച്ചർ അൺറാവലിങ്: പോപ്പുലേഷൻ പ്രൊജക്‌ഷൻസ് ഫോർ സ്റ്റേറ്റ്സ് ആൻഡ് യൂണിയൻ ടെറിട്ടറീസ് 2021-2051’ എന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അടുത്ത വർഷം 3.58 കോടിയാകുന്ന ജനസംഖ്യ 2041ൽ 3.62 കോടിയിലെത്തും. എന്നാൽ, 2051 ആകുമ്പോഴേക്കും 3.55 കോടിയായി കുറയും. മൊത്തം ജനസംഖ്യയിൽ 60വയസ്സിന് മുകളിലുള്ളവർ 30.6 ശതമാനമാകും. നിലവിലിൽ ഇത് 18.6 ശതമാനം മാത്രമാണ്. അതായത്, ഇൗ കാലയളവിൽ കേരളത്തിലെ ശരാശരി പ്രായം 37ൽനിന്ന് 47 ആയി ഉയരും. ദമ്പതികളുടെ കുട്ടികളുടെ എണ്ണം 1.4 ആയി താഴും. 2021ൽ 14 വയസുവരെയുള്ള കുട്ടികളുടെ എണ്ണം കൂടുതലുള്ളത് ബിഹാറിലും(30.3) കുറവ് കേരളത്തിലുമായിരുന്നു(19.3). ഇത് 2051 ആയാൽ കേരളത്തിൽ 12.8 ശതമാനമായി വീണ്ടും താഴും. ദേശീയ ജനസംഖ്യയിൽ 80 കഴിഞ്ഞവരുടെ എണ്ണത്തിൽ 2021 ൽ രണ്ടു ശതമാനമാണ് കേരളത്തിലുള്ളത്. 2051ൽ ഇത് 6.4 ശതമാനമായി വർധിക്കും.
കേരളം അതിവേഗം നഗരമാകുന്നതിന്റെ കണക്കും റിപ്പോർട്ടിലുണ്ട്. 2021ൽ 47.7 ശതമാനം പേരാണ് കേരളത്തിലെ നഗരവാസികൾ. അത് 2051 ആകുമ്പോഴേക്കും 91.1 ശതമാനമാകും. ഗ്രാമവാസികൾ കേവലം 8.9 ശതമാനമായി ചുരുങ്ങും. കാനേഷുമാരി, സാമ്പിൾ, സിവിൽ രജിസ്ട്രേഷൻ സിസ്റ്റം, ദേശീയാരോഗ്യ സർവേ, നാഷണൽ സാമ്പിൾ സർവേ എന്നിവയുൾപ്പെടെ നിരവധി ജനസംഖ്യ ഡാറ്റാ സൈറ്റുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.









0 comments