ചിരിച്ചും ചിരിപ്പിച്ചും നമ്മുടെ പൊലീസ് '200 K'

തിരുവനന്തപുരം: ചിരിച്ചും ചിരിപ്പിച്ചുമാണ് കേരളാ പൊലീസ് 20 ലക്ഷം ഫോളോവേഴ്സ് എന്ന റെക്കോർഡിലേക്ക് എത്തിയത്. ലോകത്ത് ആദ്യമായാണ് ഒരു സംസ്ഥാന പൊലീസ് ഇൻസ്റ്റാഗ്രാം പേജ് 2 മില്യൺ സ്വന്തമാക്കുന്നത്. ചിരിയിലൂടെയും ചിന്തയിലൂടെയും, സമയോചിതമായ ബോധവൽക്കരണങ്ങളിലൂടെയും സുരക്ഷാ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേരള പോലീസ് സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുവരുന്നത്.
സെലബ്രിറ്റികൾക്കും പ്രമുഖ ബ്രാൻഡുകൾക്കും മാത്രമാണ് സാധാരണയായി ഇത്രയും ഫോളോവേഴ്സിനെ ലഭിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ പൊതുജനങ്ങളുമായുള്ള ക്രിയാത്മകമായ ആശയവിനിമയത്തിലൂടെയാണ് കേരളാ പൊലീസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.
പരമ്പരാഗതമായി പോലീസ് നൽകുന്ന ഗൗരവകരമായ മുന്നറിയിപ്പുകളിൽ നിന്നും ഔദ്യോഗിക ഭാഷയിൽ നിന്നും മാറി ചിന്തിച്ചതാണ് കേരള പൊലീസിന്റെ വിജയത്തിന്റെ പ്രധാന കാരണം. ലളിതവും രസകരവുമായ ശൈലിയിൽ ലഹരിവിരുദ്ധ സന്ദേശങ്ങളും ട്രാഫിക് ബോധവൽക്കരണവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനോടൊപ്പം ഓരോ അഭിപ്രായങ്ങൾക്കും പൊലീസ് രസകരമായ മറുപടിയും നൽകിയിരുന്നു.
ജനപ്രിയ സിനിമകളിലെ രംഗങ്ങൾ, ട്രെൻഡിംഗ് വരികൾ, തമാശകൾ എന്നിവ സമയോചിതമായി ഉപയോഗിച്ച് സന്ദേശങ്ങൾ നൽകുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇൻസ്റ്റാഗ്രാം റീലുകളും ഹ്രസ്വ വീഡിയോകളും ഉപയോഗിച്ച് ചെറുപ്പക്കാരെ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണം കാര്യക്ഷമമായി നടത്താൻ പൊലീസിന് കഴിഞ്ഞിരുന്നു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കേവലം അറിയിപ്പുകൾ നൽകാനുള്ള ഇടം മാത്രമല്ല. ജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറയ്ക്കാനും സൗഹൃദപരമായ ബന്ധം സ്ഥാപിക്കാനുമുള്ള മാധ്യമമാണെന്ന് പൊലീസ് തെളിയിച്ചു. ഇൻസ്റ്റാഗ്രാമിന് പുറമെ ഫെയ്‌സ്ബുക്കിലും മില്യണിലധികം ഫോളോവേഴ്‌സുള്ള കേരള പൊലീസിന്റെ ഡിജിറ്റൽ മോഡൽ ഇന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾക്കും മാതൃകയാണ്.










0 comments