പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനം
എന്നും ഇന്ത്യ ഒപ്പമുണ്ടാവണം: പലസ്‌തീൻ അംബാസിഡർ

സ്വന്തം ലേഖിക
Published on Oct 03, 2025, 12:15 AM | 1 min read
കോഴിക്കോട്: പൊരുതുന്ന പലസ്‌തീന് കരുത്തായി ഇന്ത്യൻ ജനത എന്നും കൂടെ നിൽക്കണമെന്ന് പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷാവേസ്. പതിനായിരങ്ങൾ മരിച്ചുവീഴുന്പോഴും ആശുപത്രികളും വീടുകളും തകർക്കുന്പോഴും ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ഐക്യദാർഢ്യമാണ് പലസ്‌തീൻ ജനതയുടെ പ്രതിരോധത്തിന് കരുത്തുപകരുന്നത്. പലസ്‌തീനായുള്ള കേരളത്തിന്റെ ശബ്ദം അതിർത്തികൾക്കപ്പുറത്ത് ഞങ്ങളിലെത്തുന്നുണ്ട്. ഞങ്ങൾ ഒറ്റയ്‌ക്ക് അല്ലെന്ന് ഓർമിപ്പിച്ച് കൂടെ നിൽക്കുന്നതിന് നന്ദിയുണ്ട്– എൽഡിഎഫ് സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ അംബാസിഡർ പറഞ്ഞു.
പലസ്‌തീനിനൊപ്പംനിന്ന ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. പലസ്‌തീൻ ലിബറേഷൻ ഓർഗനൈസേഷനൊപ്പവും യുഎൻ ജനറൽ അസംബ്ലിയിലുമെല്ലാം ഇന്ത്യ പലസ്‌തീനൊപ്പമായിരുന്നു. അതിനെല്ലാം നന്ദിയുണ്ട്. ഇനിയും ആ പിന്തുണ പ്രതീക്ഷിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങൾ പലസ്‌തീന്റെ യഥാർഥ അവസ്ഥ കാണിക്കുന്നില്ല. ഇസ്രയേലിന്റെ നാവായാണ് അവർ പ്രവർത്തിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴി നിങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കണം. പലസ്‌തീനായി സംസാരിക്കണം. ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ സമൂഹമാധ്യമ അക്കൗണ്ടിലെ പലസ്‌തീൻ സംബന്ധിച്ച പോസ്‌റ്റുകൾക്കെതിരെ ശബ്ദിക്കണം. ഞങ്ങളുടെ പോരാട്ടത്തിൽ അത് നിർണായകമാണ്.
ജൂതരുടെ മതഗ്രന്ഥത്തിൽപോലും പലസ്‌തീനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ അസ്ഥിത്വം ആർക്കും നിഷേധിക്കാനാവില്ല. ബ്രിട്ടീഷുകാരാണ് ജൂതന്മാരെ ആയുധം നൽകി ശാക്തീകരിക്കുകയും ഇൗ മണ്ണിന്റെ യഥാർഥ അവകാശികളായ പലസ്‌തീൻകാരെ ക്ഷയിപ്പിക്കുകയുംചെയ്‌തത്. ബ്രിട്ടീഷ് സഹായത്തിൽ തീവ്രവാദ പ്രവർത്തനം നടത്തി ജൂതന്മാർ പലസ്‌തീൻ ജനതയെ സ്വന്തം നാട്ടിൽനിന്ന് തുരത്തി. 1967ൽ ഇസ്രയേൽ ഗാസയിൽ അധിനിവേശം നടത്തുകയായിരുന്നു. രണ്ടുവർഷമായി ഇസ്രയേൽ ഗാസയിൽ നടത്തുന്നത് വംശഹത്യയാണ്.
ഐക്യരാഷ്‌ട്രസംഘടനയാണ് ഇത് പറയുന്നത്. ലോകത്തിന്റെ ശബ്ദം നിരന്തരം ഉയരണം. പലസ്‌തീൻ അറബ് ജനതയുടേതാണെന്ന് പറഞ്ഞ ഗാന്ധിജിയുടെ ഓർമദിനത്തിൽ നടക്കുന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കാനായതിൽ വലിയ സന്തോഷമുണ്ട്. അടിച്ചമർത്തപ്പെടുന്നവർക്കൊപ്പം നിൽക്കുന്ന ചരിത്രമാണ് കേരളത്തിന്. കേരളം കൂടെയുണ്ട് എന്ന സന്തോഷം പലസ്‌തീൻ ജനതയോട് പങ്കുവയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.









0 comments