print edition മില്ലുടമകളുടെ സമ്മർദം; ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി നെല്ലുസംഭരണം അട്ടിമറിക്കുന്നു

പ്രതീകാത്മക ചിത്രം
പാലക്കാട്: പാഡി പ്രൊക്യുർമെന്റ് ഓഫീസർമാരെ സർക്കാർ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത് നെല്ലുസംഭരണം അട്ടിമറിക്കുന്നു. സ്വകാര്യ മില്ലുടമകളുടെ സമ്മർദമാണ് ഇതിന് പിന്നിലെന്ന ആക്ഷേപം ശക്തം. കോട്ടയം ജില്ലയിലെ ഓഫീസറെയാണ് പാലക്കാട്ടേക്ക് മാറ്റിയത്. പാലക്കാട് ജില്ലയിലെ ഓഫീസറെ ഡെപ്യൂട്ടേഷൻ പുതുക്കി നൽകാതെ തിരിച്ചയച്ചു. ആലപ്പുഴ, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിലും സ്ഥലംമാറ്റം നടന്നു.
ജില്ലയിൽ പതിനായിരത്തിലധികം പിആർഎസ് (പാഡി റസീപ്റ്റ് ഷീറ്റ്) വെരിഫിക്കേഷൻ പൂർത്തിയാക്കാനുണ്ട്. 31 ആണ് അവസാന തീയതി. ഇൗ സമയത്തുള്ള സ്ഥലംമാറ്റം നെല്ലുസംഭരണം അനിശ്ചിതത്വത്തിലാക്കും. പുതിയ ഓഫീസർമാർ ചുമതലയെടുക്കാൻ സമയമെടുക്കും. ഇത് മില്ലുകാർക്ക് യഥേഷ്ടം നെല്ല് തിരിമറി നടത്താനും ആറുമാസ കാലാവധിക്കുപുറമേ കൂടുതൽ സമയം നേടിയെടുക്കാനും വഴിയൊരുക്കും.
തങ്ങൾക്ക് അനുകൂലമല്ലാത്ത ഉദ്യോഗസ്ഥരെ മാറ്റി ജില്ലയിലെ പാടശേഖരങ്ങൾ വരുതിയിലാക്കാൻ മില്ല് ലോബികൾ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്ന് കർഷകർ പറയുന്നു. കർഷകരിൽനിന്ന് സംഭരിക്കുന്ന ഗുണനിലവാരമുള്ള മട്ടനെല്ലിന്റെ അരി ഉയർന്ന വിലയ്ക്ക് പൊതുവിപണിയിൽ വിൽക്കുകയും ഒഡിഷ, ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് 12 മുതൽ 15 രൂപവരെ നിരക്കിൽ ലഭിക്കുന്ന നിലവാരം കുറഞ്ഞ അരി പോളിഷ് ചെയ്‌ത് സപ്ലൈകോ വഴി എഫ്സിഐ ഗോഡൗണുകളിലേക്ക് കൈമാറാനുമാണ് ലോബികളുടെ ശ്രമം.
സംഭരണം വൈകുമ്പോൾ കെട്ടിക്കിടക്കുന്ന നെല്ല് സർക്കാർ സംഭരണ വിലയേക്കാൾ കുറവിൽ വിൽക്കാൻ ഇടയാകുന്നു. ഇത്തരത്തിൽ സ്വകാര്യ മില്ലുടമകൾക്ക് കർഷകരെ ചൂഷണം ചെയ്യാൻ കളമൊരുക്കുകയാണ് സർക്കാർ. നെല്ലുസംഭരണം പാരമ്യത്തിലെത്തുന്പോൾ ചുമതലയുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ചെറുത്തിരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്ന ഓഫീസറെ അന്ന് സസ്‌പെൻഡ് ചെയ്‌തു.










0 comments