print edition ഹൃദയം നിലച്ചില്ല, മിടിക്കും അതേ വേഗത്തിൽ

കൊച്ചി ആസ്‌റ്റർ മെഡിസിറ്റി ഹെലിപ്പാഡിൽ ഇറങ്ങിയ ഹെലികോപ്റ്ററിൽനിന്ന് അർജുന്റെ ഹൃദയവുമായി ഡോ. ഭരത് സജിത്ത്, ഡോ. ജോൺസൺ കെ വർഗീസ് എന്നിവർ ആശുപത്രിയിലേക്ക് പോകുന്നു
കൊച്ചി: വാഹനാപകടത്തിൽ മസ്‌തിഷ്‌കമരണം സംഭവിച്ച കണ്ണൂർ ശ്രീകണ്‌ഠപുരം സ്വദേശി അർജുന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയിൽ തുടിക്കും. അർജുന്റെ (23) ഹൃദയം കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം സ്വദേശിയായ നാൽപ്പത്തെട്ടുകാരനിൽ വിജയകരമായി തുന്നിച്ചേർത്തു.
ആസ്റ്റർ മെഡ്‌സിറ്റിയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്. കണ്ണൂരിൽനിന്ന് എയർ ആംബുലൻസിലാണ് ഹൃദയം തിങ്കളാഴ്‌ച കൊച്ചിയിലെത്തിച്ചത്.
കണ്ണൂർ ആസ്റ്റർ മിംസിൽ ചികിത്സയിലിരിക്കെ ഞായർ വൈകിട്ടാണ് അർജുന്റെ മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ചത്. അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. കെ–സോട്ടോ വഴി പ്രക്രിയകൾ ഏകോപിപ്പിച്ചു. അർജുന്റെ ഹൃദയവും വഹിച്ചുള്ള എയർ ആംബുലൻസ് തിങ്കൾ രാവിലെ 10.25ഓടെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയുടെ ഹെലിപ്പാഡിലിറങ്ങി.
ഡോ. ജോൺസൺ കെ വർഗീസ്, ഡോ. ഭരത് സജിത്ത് എന്നിവർ ഏറ്റുവാങ്ങി ഓപ്പറേഷൻ തിയറ്ററിൽ എത്തിച്ചു. പകൽ 11ഓടെ ആരംഭിച്ച ശസ്‌ത്രക്രിയ വൈകിട്ട് 3.30 ഓടെ പൂർത്തിയായി. മലപ്പുറം സ്വദേശിയായ രോഗി ആസ്റ്ററിലെ ഇന്റർവെൻഷണൽ കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. സി രാജീവിന്റെ മേൽനോട്ടത്തിൽ ചികിത്സയിലായിരുന്നു.
ഹൃദയാഘാതത്തെത്തുടർന്ന് ശരീരത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ഹൃദയത്തിന് കഴിയുന്നുണ്ടായിരുന്നില്ല. മരുന്നുകളുടെയും ഇൻട്രാ അയോട്ടിക് ബലൂൺ പമ്പിന്റെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
ലീഡ് സീനിയർ കൺസൾട്ടന്റ് ഡോ. ആർ അനിൽ കുമാർ, ഡോ. ടെൻസി ജോഷു തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ ഏകോപിപ്പിച്ചത്.










0 comments