ad
Deshabhimani

print edition യാത്രക്കൊള്ള; സ്പെഷൽ ട്രെയിനും ടിക്കറ്റുമില്ല, ബസുകളിൽ നാലിരട്ടി നിരക്ക്

bus
വെബ് ഡെസ്ക്

Published on Aug 06, 2026, 01:30 AM | 2 min read

തിരുവനന്തപുരം : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഓണത്തിന്‌ നാട്ടിലെത്താൻ ട്രെയിനില്ലാതെ മലയാളികൾ പാടുപെടും. നിലവിൽ അനുവദിച്ച എട്ട് സ്‌പെഷൽ ട്രെയിനുകളിൽ ആറെണ്ണവും ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് റൂട്ടിലാണ്. ഇതിന്റെ ടിക്കറ്റുകൾ ഇതിനോടകം വിറ്റുതീർന്നു. ആയിരക്കണക്കിന് മലയാളികൾ ആശ്രയിക്കുന്ന മുംബൈ–തിരുവനന്തപുരം, ഡൽഹി–തിരുവനന്തപുരം ഉൾപ്പെടെയുള്ള കൊങ്കൺ റൂട്ടുകളിൽ ഓണം സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടില്ല.

ഉത്സവ സീസണിൽ സ്‌പെഷൽ ട്രെയിനുകളിലെ നിരക്ക് കൂടുതലാണ്‌. ആളുകളെല്ലാം ഉയർന്ന നിരക്കിൽ ബസ് ടിക്കറ്റുകളടക്കം ബുക്ക് ചെയ്ത് കഴിയുമ്പോൾ ഓണത്തലേന്ന്‌ ട്രെയിൻ പ്രഖ്യാപിച്ച്‌ ചടങ്ങ്‌ തീർക്കുന്നതാണ് റെയിൽവേയുടെ പതിവ്. അതും ഉയർന്ന നിരക്കിൽ. ഡൽഹി, മുംബൈ, പുണെ, ഹൈദരാബാദ്‌, ബംഗളൂരു, ചെന്നൈ നഗരങ്ങളിൽനിന്ന്‌ ഓണത്തിന്‌ നാട്ടിലെത്താൻ മലയാളികൾ മറ്റ്‌ മാർഗങ്ങൾ ആലോചിക്കുകയാണ്‌. വിമാന ടിക്കറ്റ്‌ നിരക്കും വൻതോതിൽ ഉയർന്നതോടെ ആ മാർഗവും അടയുന്നു.


കേരളത്തിനകത്തെ ട്രെയിൻ യാത്രയ്‌ക്കും ഓണക്കാലത്ത്‌ ടിക്കറ്റില്ലാത്ത സ്ഥിതിയുണ്ട്. കോച്ചുകളും ട്രെയിനുകളുടെ എണ്ണവും വെട്ടിച്ചുരുക്കിയതോടെ ജനറൽ കോച്ചുകളിൽ ശ്വാസം മുട്ടി യാത്ര ചെയ്‌താണ്‌ പലരും നാട്ടിലെത്തുന്നത്‌. നിലവിൽ പ്രഖ്യാപിച്ച ഭൂരിഭാഗം സ്‌പെഷൽ ട്രെയിനുകളും കോട്ടയം വഴിയാണ്. ആലപ്പുഴ വഴി ഒരു ട്രെയിൻ പോലും പ്രഖ്യാപിക്കാത്തതും യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


ഓണക്കാലത്ത്‌ കൊള്ളലാഭം കൊയ്യാൻ ലക്ഷ്യമിട്ട്‌ ടിക്കറ്റ് നിരക്ക് നാലിരട്ടികൂട്ടി സ്വകാര്യ– അന്തർസംസ്ഥാന ബസ്സുകൾ. കേരളത്തിൽനിന്ന്‌ കൂടുതൽ സ്വകാര്യ ആ--ഡംബര ബസ്‌ സർവീസ്‌ നടത്തുന്ന ബംഗളൂരുവിലേക്ക്‌ ടിക്കറ്റ്‌ നിരക്ക്‌ ഓണക്കാലമായതോടെ 4500 മുതൽ 6000 രൂപവരെയാക്കി. 8000 രൂപയ്ക്ക് വിൽക്കാൻ കരിഞ്ചന്തക്കാരുമുണ്ട്. സാധാരണ നിരക്ക്‌ 1000 രൂപ മുതൽ 1800 വരെയാണ്.


പല ബസുകളിലും വിമാന ടിക്കറ്റിനേക്കാൾ ഉയർന്ന നിരക്കാണ്. കെഎസ്ആർടിസി ബസിൽ 900 മുതൽ 1600 രൂപവരെയാണ് ബം​ഗളൂരുവിലേക്കുള്ള പരമാവധി നിരക്ക്. ആവശ്യത്തിന് ബസില്ലാത്തതിനാൽ ഇത്തവണ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തുന്നില്ല. മലയാളികൾ കൂടുതലുള്ള മൈസൂരു, ചെ​ന്നൈ റൂ​ട്ടിലും സ​മാ​ന സ്ഥി​തി​യാ​ണ്.


ചെന്നൈയിൽനിന്ന് എറണാകുളത്തേക്ക് സ്വകാര്യ ബസുകളിലെ നിരക്ക് സാധാരണ 1200 രൂപ മുതൽ 2000 രൂപ വരെയായിരുന്നെങ്കിൽ ഓണക്കാലത്ത് 2500 മുതൽ 3500 വരെയാണ്. മൈസൂരു–തിരുവനന്തപുരം നിരക്ക് 1500 രൂപയിൽ താഴെയായിരുന്നത്‌ 2800 മുതൽ 3600 രൂപ വരെ വർധിപ്പിച്ചു. യാത്രാനിരക്ക്‌ വർധനയും വാഹന ദ‍ൗർലഭ്യവും കാരണം ഓണക്കാല ടൂറിസത്തിന്റെ ഭാ​ഗമായി വിനോദസഞ്ചാരികൾക്കും എത്താനാകാത്ത അവസ്ഥയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home