print edition വില കേട്ടാൽ ഞെട്ടും; കൈയൊഴിഞ്ഞ് സർക്കാർ

ഞായറാഴ്ച തിരുവനന്തപുരം പത്മതീർഥം റോഡിലെ തിരക്ക്|ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം: സർക്കാർ കൈയൊഴിഞ്ഞതോടെ കേരളത്തിന് ഇത് ഇല്ലായ്‌മയുടെ ഓണക്കാലം. വിലക്കയറ്റത്തിൽ നട്ടംതിരിയുകയാണ് ജനം. പ്രഖ്യാപിച്ച ആനുകൂല്യങ്ങളില്ല. കഴിഞ്ഞ ഓണത്തിന് 20,000 കോടി രൂപയാണ് ആനുകൂല്യങ്ങൾക്ക് എൽഡിഎഫ് സർക്കാർ ചെലവിട്ടത്. രണ്ടുമാസത്തെ ക്ഷേമപെൻഷൻ 3200 രൂപ ഒരുമിച്ചുനൽകി. ഇത്തവണ വിതരണംചെയ്‌തത് ഒരുമാസത്തേത് മാത്രം.
ഇൗ മാസാന്ത്യത്തോടെ വഴിയാധാരമാകുന്ന കുടുംബശ്രീ, എൻഎച്ച്‌എം എന്നിവിടങ്ങളിലെ താൽക്കാലിക ജീവനക്കാർക്കും സ്ഥലംമാറ്റത്തിൽ നെട്ടോട്ടമോടുന്ന ജീവനക്കാർക്കും ആശങ്കയുടെ ഓണം. പിരിച്ചുവിടപ്പെട്ട ഡിജിറ്റൽ സർവേ താൽക്കാലിക ജീവനക്കാർക്ക് സങ്കടകാലം.
പരമ്പരാഗത മത്സ്യബന്ധനത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിലെ ഒരുഗഡു മാത്രം നൽകിയ സർക്കാർ, പ്രതിഷേധമുയർന്നപ്പോൾ പ്രഖ്യാപിച്ച തുക ഓണത്തിനുമുമ്പ് കൈയിലെത്തില്ല. കടലിൽ കാണാതായ മൂന്നു മത്സ്യത്തൊഴിലാളികൾക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.
പ്രവാസി ക്ഷേമനിധി പെൻഷൻ മൂന്നുമാസം കുടിശ്ശിക. കേരള പ്രവാസി സംഘം തിരുവോണനാളിൽ പട്ടിണിസമരം പ്രഖ്യാപിച്ചതോടെ ഞായറാഴ്‌ച 32 കോടി പ്രഖ്യാപിച്ചെങ്കിലും പണം അക്കൗണ്ടിലെത്തുമ്പോൾ ഓണം കഴിയും.
60 വയസ്സു കഴിഞ്ഞ പട്ടികവർഗക്കാർക്കുള്ള 1,000 രൂപ നിർത്തിയ സർക്കാർ പകരം ഓണക്കോടി നൽകാനാണ് ആദ്യം ഉത്തരവിട്ടത്. വിവാദമായപ്പോൾ തീരുമാനം മാറ്റി. ഇതും അക്കൗണ്ടിലെത്താൻ വൈകും.
കഴിഞ്ഞ തവണ റേഷൻകട വഴി കിലോയ്‌ക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി നൽകിയിരുന്നു. ഇത്തവണ വില 26 രൂപയാക്കി വർധിപ്പിച്ചു. ഇത് പൊതുവിപണിയിൽ അരിവില കുത്തനെ കൂട്ടാനിടയാക്കി.
അഞ്ചുമുതൽ 10 രൂപവരെയാണ് കൂടിയത്. പഞ്ചസാരയ്‌ക്ക് ഒരുമാസംകൊണ്ട് 10 രൂപ കൂടി. 70 രൂപയായിരുന്ന ശർക്കരയ്‌ക്ക് 110 രൂപയായി. ഹോർട്ടികോർപ്പ് ഇടപെടാത്തതിനാൽ പച്ചക്കറിക്കും പഴത്തിനും പൊള്ളുംവില.










0 comments