print edition എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനെ തകർക്കാനുള്ള ശ്രമത്തിൽനിന്ന് പിന്മാറണം

എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിനുമുന്നിൽ കേരള എൻജിഒ യൂണിയന്റെ പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം : എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനെ തകർക്കാനുള്ള നീക്കങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കേരള എൻജിഒ യൂണിയൻ എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിനും ജില്ലാ ഓഫീസുകൾക്കും മുന്നിൽ പ്രകടനം നടത്തി. ഭിന്നശേഷിക്കാർക്കായി എംപ്ലോയ്‌മെന്റ് വകുപ്പ് നടപ്പാക്കുന്ന സമഗ്ര, സ്വയംതൊഴിൽ, പുനരധിവാസത്തിനുള്ള കൈവല്യം, മുതിർന്നവർക്ക് സ്വയംതൊഴിൽ ഉറപ്പാക്കുന്ന നവജീവൻ, പട്ടികജാതി വർഗ വിഭാഗങ്ങളുടെ തൊഴിൽവളർച്ചയ്ക്കുള്ള സമന്വയ ഉൾപ്പെടെ അടുത്ത സാമ്പത്തിക വർഷംമുതൽ വകുപ്പ് നടപ്പാക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. എൽഡിഎഫ് സർക്കാർ ആരംഭിച്ച ഈ പദ്ധതികളെല്ലാം നിർത്തലാക്കി സ്വകാര്യ ഏജൻസികളുമായി കരാർ ഉറപ്പിക്കാനാണ് നീക്കം. സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി 55 തസ്തിക വകുപ്പിലുണ്ട്. ഇവ നിർത്തലാക്കിയാൽ തസ്തികകൾ നഷ്ടമാകും. യുവാക്കളെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുന്ന നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി പി കെ വിനു കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എസ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.









0 comments