ad
Deshabhimani

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാക്കുമാറ്റം; അവസാനനിമിഷം വോട്ട് ചെയ്യാനാകാതെ ആയിരങ്ങൾ

Voters List
വെബ് ഡെസ്ക്

Published on Mar 24, 2026, 08:20 AM | 1 min read

തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള സമയപരിധിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വരുത്തിയ അപ്രതീക്ഷിതമാറ്റത്തെ തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാതെ ആയിരങ്ങൾ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വരെ അപേക്ഷിക്കാമെന്ന കമ്മീഷന്റെ മുൻ ഉറപ്പാണ് ഇതോടെ പാഴായത്.


മാർച്ച് 15 വരെ അപേക്ഷിച്ചവർക്ക് മാത്രമേ സപ്ലിമെന്ററി വോട്ടർപട്ടികയിൽ ഇടം ലഭിക്കൂ എന്നതാണ് പുതിയ ഉത്തരവ്. ഇതോടെ മാർച്ച് 16 മുതൽ 23 വരെ അപേക്ഷ നൽകിയ വലിയൊരു വിഭാഗം അർഹരായ വോട്ടർമാർ പട്ടികയ്ക്ക് പുറത്തായി.


അർഹരായ ഒരാൾ പോലും വോട്ടർപട്ടികയ്ക്ക് പുറത്താകില്ലെന്നും നാമനിർദേശ പത്രിക സമർപ്പിക്കുന്ന അവസാന നിമിഷം വരെ അപേക്ഷകൾ പരിഗണിക്കുമെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ നേരത്തെ അറിയിച്ചിരുന്നത്.


നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 10 ദിവസം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാർച്ച് 15 അവസാന തീയതിയായി നിശ്ചയിച്ചത്. യാതൊരു മുൻകൂർ മുന്നറിയിപ്പുമില്ലാതെയായിരുന്നു ഈ നീക്കം. ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ നിന്ന് ഏകദേശം 8.9 ലക്ഷം വോട്ടർമാർ പുറത്തായിരുന്നു.


ഇവരിൽ പലരും വീണ്ടും അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് കമ്മീഷന്റെ ഈ തിരിച്ചടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെറ്റായ അറിയിപ്പ് മൂലം നിരവധി പേർക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. മാർച്ച് 15ന് ശേഷം ലഭിച്ച അപേക്ഷകളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ നടപടിയുണ്ടാകൂ.


ഇത് ജനാധിപത്യപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു. നടപടിക്രമങ്ങളിൽ അടിയന്തരമായി മാറ്റം വരുത്തി, മാർച്ച് 23 വരെ അപേക്ഷ സമർപ്പിച്ച മുഴുവൻ അർഹരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും ഉന്നയിക്കുന്നുണ്ട്.


ജനാധിപത്യത്തിന്റെ കാതലായ വോട്ടവകാശത്തിൽ പോലും കടുംവെട്ട് നടത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home