ഗതാഗത നിയമങ്ങൾക്ക് പുല്ലുവില, ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് എംവിഡി നോട്ടീസ്

ഗതാഗത നിയമലംഘനങ്ങളും അശ്രദ്ധമായ ഡ്രൈവിംഗും നിരന്തരം പരാതിയായതോടെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് മോട്ടോർ വാഹന വകുപ്പ് (എംവിഡി) നോട്ടീസ്.
ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്‌റ്റോ, ബിഗ്ബാസ്‌ക്കറ്റ് എന്നിവയുൾപ്പെടെയുള്ള പ്രധാന ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോട് ഡെലിവറി നയങ്ങൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു.
അപകടങ്ങൾ തടയുന്നതിനും ജീവൻ സംരക്ഷിക്കുന്നതിനും ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തമുള്ള ബിസിനസ്സ് രീതികളും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നതും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ഏഴ് മുതൽ 20 മിനിറ്റ് വരെ പരിധി നിശ്ചയിച്ച് അതിവേഗ ഡെലിവറികൾ വാഗ്ദാനം ചെയ്യുന്ന സംവിധാനം നിരത്തുകളിൽ വലിയ വെല്ലുവിളി തീർക്കുന്നു. സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് പെരുമാറ്റം നിരന്തരം ആവർത്തിക്കുന്ന സാഹചര്യമാണ്. മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും വഴി നടക്കുന്നവർക്കും വരെ ഇത്തരം അതിവേഗ ഡെലിവറി വാഹനങ്ങൾ ഭീഷണി തീർക്കുന്നു.
കമ്പനികളുടെ ഡാർക്ക് സ്റ്റോറുകൾക്കും പ്ലാറ്റ്‌ഫോം ഓപ്പറേറ്റർമാർക്കും അടുത്ത 15 ദിവസത്തിനുള്ളിൽ അവരുടെ ആന്തരിക നയങ്ങൾ പുനപരിശോധിക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. റോഡ് സുരക്ഷാ ചട്ടങ്ങളുമായി ബന്ധപ്പെടുത്തി നയങ്ങൾ കാര്യക്ഷമമാക്കാനും യോജിപ്പിക്കാനും ആവശ്യപ്പെട്ടു.
വീഴ്ച വരുത്തിയാൽ കൂടുതൽ നിയമനടപടികൾക്ക് കാരണമാകുമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി.വേഗത, അശ്രദ്ധമായ റൈഡിംഗ്, ഹെൽമെറ്റ് പോലുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിക്കാത്തത് എന്നിവ ഡെലിവറി റൈഡർമാർക്കിടയിൽ ഏറ്റവും സാധാരണമായ ചില ലംഘനങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പറയുന്നു.
അപകടങ്ങളെക്കുറിച്ചുള്ള ഭയം കാരണം മറ്റ് റോഡ് ഉപയോക്താക്കൾ പലപ്പോഴും ഈ റൈഡർമാരെ ഒഴിവാക്കാൻ നിർബന്ധിതരാകുന്നു.
പരമാവധി വരുമാനം നേടുന്നതിനും അടുത്ത അസൈൻമെന്റിലേക്ക് പോകുന്നതിനുമായി ഓർഡറുകൾ വേഗത്തിൽ പൂർത്തിയാക്കാൻ റൈഡർമാർ പലപ്പോഴും സമ്മർദ്ദത്തിലാണെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി.
പല കേസുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ നിശ്ചയിക്കുന്ന അപ്രായോഗികമായ സമയപരിധികൾ വെല്ലുവിളിയായതായി കണ്ടു. ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള ഡെലിവറി സമയപരിധി വാഗ്ദാനം ചെയ്യുന്ന ആക്രമണാത്മക മാർക്കറ്റിംഗ് തന്ത്രങ്ങൾ റോഡ് സുരക്ഷയിൽ വിട്ടുവീഴ്ചയ്ക്ക് കാരണമാകുന്നു.










0 comments