ad
Deshabhimani

print edition സിനിമാ തൊഴിൽസമയം 
12 മണിക്കൂറാക്കി ; പുതിയ സേവനവേതന കരാറായി

kerala movie set workers salary agreement
വെബ് ഡെസ്ക്

Published on Feb 10, 2026, 01:50 AM | 1 min read


കൊച്ചി

സിനിമാ സാങ്കേതിക തൊഴിലാളികളുടെ കോൾഷീറ്റ്‌ സമയം 16 മണിക്കൂറിൽനിന്ന്‌ 12 മണിക്കൂറായി കുറച്ച്‌ പുതിയ സേവനവേതന കരാർ. അധികജോലിയെടുക്കേണ്ടിവരുന്ന ഓരോ മണിക്കൂറിനും നിശ്ചിത ഓവർടൈം ബാറ്റയും നൽകും. ഫെഫ്കയും ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനുമാണ്‌ കരാറിലെത്തിയത്‌. ചൊവ്വമുതൽ കരാർ പ്രാബല്യത്തിലാകും.


​അടുത്ത മൂന്നുവർഷത്തേക്ക്‌ പ്രാബല്യത്തിലുള്ള കരാർ ഒരുവർഷത്തിനുശേഷം പരിശോധിക്കാനും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താനും ധാരണയുണ്ട്‌. ഫെഫ്‌കയ്‌ക്കുവേണ്ടി ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്‌ണനും പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനുവേണ്ടി പ്രസിഡന്റ്‌ ബി രാകേഷ്‌, സെക്രട്ടറി ലിസ്‌റ്റിൻ സ്‌റ്റീഫൻ എന്നിവരുമാണ്‌ കരാറൊപ്പിട്ടത്‌.


നിർമാണച്ചെലവ്‌ കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ നിർമാതാക്കൾ കൊണ്ടുവരാനുദ്ദേശിക്കുന്ന കരാറിൽ താരങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവും ഫെഫ്‌ക ഉന്നയിച്ചു. സംവിധായകർ, പ്രൊഡക്ഷൻ കൺട്രോളർ എന്നിവരുൾപ്പെട്ട കരാറാണ്‌ നിർമാതാക്കൾ മുന്നോട്ടുവച്ചത്‌.


ഫെഫ്‌ക നിർമാതാക്കളുമായി ഒപ്പിട്ട കരാർ ഫെഡറേഷനിൽ ഉൾപ്പെട്ട 13 സംഘടനയിലെ ആറായിരത്തോളം തൊഴിലാളികൾക്ക്‌ നേട്ടമാകുമെന്ന്‌ വർക്കിങ് ജനറൽ സെക്രട്ടറി സോഹൻ സീനുലാൽ പറഞ്ഞു. രാവിലെ ആറുമുതൽ രാത്രി 9.30 വരെ പതിനാറര മണിക്കൂറായിരുന്നു നേരത്തേ കോൾഷീറ്റ്‌ സമയം. പുലർച്ചെ രണ്ടുവരെ നീളുന്ന പകുതി കോൾഷീറ്റാണ്‌ ഓവർടൈമായി കണക്കാക്കിയിരുന്നത്‌. പുതിയ കരാറിൽ ഓരോ അധികമണിക്കൂറിനും നിശ്ചിത ബാറ്റയാകും. ആവശ്യമായ സമയംമാത്രം തൊഴിലെടുത്താൽ മതിയെന്ന സ‍ൗകര്യവുമുണ്ട്‌. ഒരു ഷെഡ്യൂൾ കഴിഞ്ഞാൽ എട്ടുമണിക്കൂർ വിശ്രമമെന്ന വ്യവസ്ഥയും പുതിയതാണ്‌. സംസ്ഥാന സർക്കാർ നടത്തിയ സിനിമാ കോൺക്ലേവിൽ ഉയർന്ന ചർച്ചകളും ഇടപെടലുകളും തൊഴിലാളികൾക്ക്‌ ഗുണകരമായ കരാർ രൂപീകരിക്കുന്നതിന്‌ സഹായകരമായതായും സോഹൻ സീനുലാൽ പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home