പുതിയ യുഗത്തിന്റെ തുടക്കം; രാജ്യത്താദ്യമായി വയോജനങ്ങൾക്ക് കമീഷൻ; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമീഷൻ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി. വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിലെ മുതിർന്ന പൗരന്മാർക്ക് വയോജന കമീഷൻ ഒരു പുതിയ യുഗത്തിന്റെ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.
പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് കമീഷൻ നിലവിൽ വരുന്നത്.
അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് കമ്മീഷൻ. വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കാനും അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് വയോജന കമ്മീഷന്‍ നിലവിൽ വരിക. അർധ ജുഡീഷ്യൽ അധികാരങ്ങളോടെയാണ് കമീഷൻ രൂപീകരിക്കപ്പെടുക. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നൽകാൻ കമീഷന് ചുമതലയുണ്ടാവും.
കമീഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പേഴ്സണും നാലിൽ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കും. ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതികളിലോ പട്ടികഗോത്ര വര്‍ഗങ്ങളിലോ ഉള്ളയാളും മറ്റൊരാള്‍ വനിതയും ആയിരിക്കും.
ചെയര്‍പേഴ്സണ് ഗവണ്‍മെന്റ് സെക്രട്ടറിയുടെ പദവിയുണ്ടാകും.കമീഷന്റെ ദൈനംദിന കാര്യങ്ങളുടെ പൊതുവായ മേല്‍നോട്ടം, മാര്‍ഗനിര്‍ദ്ദേശം, ഭരണനിര്‍വഹണം എന്നിവ ചെയര്‍പേഴ്സണില്‍ നിക്ഷിപ്തമായിരിക്കും. ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് അദ്ദേഹത്തെ മറ്റംഗങ്ങള്‍ സഹായിക്കും. നിര്‍ണയിക്കപ്പെടുന്ന പ്രകാരമുള്ള ശമ്പളത്തിനും ബത്തകള്‍ക്കും അര്‍ഹത ഉണ്ടായിരിക്കും. കമീഷന്‍ അംഗങ്ങള്‍ക്ക് നിര്‍ണയിക്കപ്പെടുന്ന പ്രകാരമുളള ഓണറേറിയത്തിനും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനുളള ബത്തകള്‍ക്കോ അല്ലെങ്കില്‍ സിറ്റിംഗ് ഫീസിനോ അര്‍ഹതയുണ്ടായിരിക്കും.
സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളാവും കമ്മീഷന്‍ സെക്രട്ടറി. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമീഷന്‍ രജിസ്ട്രാറായും സര്‍ക്കാര്‍ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമീഷന്‍ ഫിനാന്‍സ് ഓഫീസറായും നിയമിക്കും.കമീഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും. ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി അവര്‍ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മൂന്നു വർഷം വരെ ആയിരിക്കും.
കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നായി കമ്മീഷൻ മാറും.വയോജന ക്ഷേമത്തിലും സംരക്ഷണത്തിലും രാജ്യത്ത് ഉയർന്നുനിൽക്കുന്ന കേരളത്തെ ഇനിയും കൂടുതൽ വയോജനസൗഹൃദപരമാക്കാനുള്ള സുപ്രധാന തീരുമാനമാണ് നിയമമായിരിക്കുന്നതെന്ന് - മന്ത്രി പറഞ്ഞു.










0 comments