ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ നിരോധനം; 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ 7.5 ലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

പ്രതീകാത്മക ചിത്രം
സിഡ്നി : പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ നിയമം നിലവിൽ വന്നതിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ 7.5 ലക്ഷത്തിലധികം അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ. 4,62,000 ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും 2,94,000 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുമാണ് നീക്കം ചെയ്തത്. കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നുവെന്ന ആശങ്കയെ തുടർന്നാണ് കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചുകൊണ്ടുള്ള നിയമം ഓസ്‌ട്രേലിയൻ സർക്കാർ നടപ്പിലാക്കിയത്.
നിയമത്തിന് പിന്നാലെ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ തുടങ്ങിയെങ്കിലും ആദ്യ മാസങ്ങളിൽ 80 ശതമാനത്തിലധികം കുട്ടികളും ഇപ്പോഴും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കമ്പനികൾ നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തുകയാണെന്ന് ആരോപിച്ച് ഓസ്‌ട്രേലിയൻ സർക്കാർ നടപടികൾ കർശനമാക്കി. നിയമലംഘനം നടത്തുന്ന കമ്പനികൾക്കുള്ള പിഴത്തുക 9.9 കോടി ഓസ്‌ട്രേലിയൻ ഡോളറായി (ഏകദേശം 600 കോടി രൂപ) വർധിപ്പിക്കാൻ സർക്കാർ നിയമനിർമാണം നടത്തി.
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സർക്കാരുമായി സഹകരിക്കുന്നുണ്ടെന്നും നിയമപ്രകാരമുള്ള ബാധ്യതകൾ നിറവേറ്റുന്നുണ്ടെന്നും മെറ്റ വ്യക്തമാക്കി. പ്രൊഫൈലുകൾ, ജന്മദിനാഘോഷ ചിത്രങ്ങൾ, സ്കൂൾ ക്ലാസുകളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ സൂചനകൾ എഐ ഉപയോഗിച്ച് പരിശോധിച്ചാണ് കുട്ടികളുടെ അക്കൗണ്ടുകൾ തിരിച്ചറിയുന്നത്. ഒരിക്കൽ നീക്കം ചെയ്തവർ വീണ്ടും പുതിയ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് തടയാനുള്ള സാങ്കേതിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മെറ്റ ചൂണ്ടിക്കാട്ടി.









0 comments