മോദി നടപ്പിലാക്കുന്ന മാധ്യമവേട്ട സതീശൻ സർക്കാരും പിന്തുടരുന്നു: പിണറായി വിജയൻ

പിണറായി വിജയന്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘപരിവാറും നടപ്പിലാക്കുന്ന മാധ്യമവേട്ട തന്നെയാണ് മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് സർക്കാരും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡിജിറ്റൽ മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദേഹം. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ യുഡിഎഫ് സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് നോക്യാപിന് (NOCAP) നേരിടേണ്ടി വന്ന ഫേസ്ബുക്ക് വിലക്ക്.
സമൂഹമാധ്യമങ്ങളിലെ സെൻസർഷിപ്പിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് സർക്കാർ നിരന്തരം കൈമലർത്തുമ്പോഴും, സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണ് ഈ വിലക്കിന് പിന്നിലെന്ന് മെറ്റ തന്നെ തുറന്നുകാട്ടുന്നു. ഐടി നിയമത്തിലെ സെക്ഷൻ 79(3)(b) ഉപയോഗിച്ച് സർക്കാർ നൽകിയ നിർദ്ദേശപ്രകാരമാണ് പേജ് പൂട്ടിയതെന്ന് മെറ്റ വിശദീകരിക്കുമ്പോഴും, യഥാർത്ഥത്തിൽ എന്ത് നിയമലംഘനമാണ് നോക്യാപിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് വ്യക്തമാക്കാൻ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ല.
വിമർശനങ്ങളോടും മാധ്യമസ്വാതന്ത്ര്യത്തോടുമുള്ള സർക്കാരിന്റെ കടുത്ത അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെടുന്നത്.
എതിർക്കുന്നവരെ മുഴുവൻ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങൾ അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട ദിനങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുന്നു. അക്കാലത്തെ ഫാസിസ്റ്റ് അടിച്ചമർത്തലുകളെ പോരാടി തോൽപ്പിച്ച പാരമ്പര്യമുള്ള കേരളത്തിൽ ഇത്തരം നടപടികൾ ഒരിക്കലും വെച്ചുപൊറുപ്പിക്കാനാകില്ല.
ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക എന്നത് ഒരു കുറ്റകൃത്യമല്ല; മറിച്ച്, ഏതൊരു മാധ്യമത്തിന്റെയും കടമയാണ്. അതുകൊണ്ട്, എതിർസ്വരങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ മറുപടി നൽകാൻ ജനങ്ങൾ തയ്യാറാകണമെന്ന് പിണറായി വിജയൻ പറഞ്ഞു. വിലക്കുകളെ മറികടന്ന് മാധ്യമപ്രവർത്തനം തുടരാൻ തീരുമാനിച്ച നോക്യാപ് ടീമിനെ അദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.









0 comments