Deshabhimani

രോഹിത്തിന്റെ ഉപദേശം വെളിപ്പെടുത്തി ആയുഷ് മാത്രെ; ധോണിയെ സമീപിക്കാൻ ഭയമായിരുന്നെന്ന് താരം

ayush

രോഹിത് ശർമ്മ, ആയുഷ് മാത്രെ, എംഎസ് ധോണി| Photo: Social Media, Ipl.com,Cricfit

വെബ് ഡെസ്ക്

Published on Oct 02, 2026, 02:56 PM | 1 min read

മുംബൈ : ഇന്ത്യൻ അണ്ടർ19 ടീമിന്റെ ക്യാപ്റ്റനായപ്പോൾ രോഹിത് ശർമ നൽകിയ ഉപദേശം വെളിപ്പെടുത്തി ആയുഷ് മാത്രെ. ക്യാപ്റ്റൻസിയെക്കുറിച്ച് വലിയ വ്യക്തതയില്ലായിരുന്നു, അതുകൊണ്ട് രോഹിത് ഭായിക്ക് സന്ദേശമയച്ചു. അദ്ദേഹം എന്നെ വിളിച്ചു. നേരിൽ കാണണമെന്നും സംസാരിക്കണമെന്നും പറഞ്ഞു. വീട്ടിലേക്ക് വരാൻ പറഞ്ഞു. പിന്നീട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു, മാത്രെ പറഞ്ഞു.


മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം. ഐപിഎല്ലിനിടെ എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ വിളിക്കുകയോ സന്ദേശമയക്കുകയോ ചെയ്യാമെന്ന് രോഹിത് നേരത്തെ പറഞ്ഞിരുന്നെന്നും മാത്രെ വ്യക്തമാക്കി.


ക്യാപ്റ്റനെന്ന നിലയിൽ ടീമിനെ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ രോഹിത് വിശദമായി പറഞ്ഞുതന്നെന്നും മാത്രെ കൂട്ടിച്ചേർത്തു. ഏകദേശം അരമണിക്കൂറോളം തന്റെ പിതാവിനോടും രോഹിത് സംസാരിച്ചെന്നും താരം പറഞ്ഞു.


2025ലാണ് ചെന്നൈ സൂപ്പർ കിങ്സിലൂടെ മാത്രെ ഐപിഎൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 13 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 441 റൺസ് നേടി. 94 റൺസാണ് ഉയർന്ന സ്കോർ. 2026ലെ അണ്ടർ19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചു. ഇംഗ്ലണ്ടിനെ ഫൈനലിൽ 100 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ആറാം അണ്ടർ19 ലോകകപ്പ് സ്വന്തമാക്കിയത്.


എംഎസ് ധോണിയെ ആദ്യമായി നേരിൽ കണ്ട അനുഭവവും മാത്രെ പങ്കുവച്ചു. ധോണിയെ സമീപിക്കാൻ ആദ്യം ഭയമായിരുന്നു. മാഹി ഭായിയെ ആദ്യമായി നേരിൽ കണ്ടപ്പോൾ ശരിക്കും പേടിച്ചു. ഇപ്പോഴും അൽപ്പം പേടിയുണ്ട്. വളരെ സ്വതന്ത്രമായി സംസാരിക്കും, അദ്ദേഹം ഒരു ഇതിഹാസമാണ്. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു. എന്നാൽ എങ്ങനെ സമീപിക്കണമെന്ന് അറിയില്ലായിരുന്നു. ഒടുവിൽ ഞാൻ പോയി ഫോട്ടോ എടുത്തു. മാത്രെ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home