Deshabhimani

ഇടുക്കി മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ; സ്കാനിങ് നിഷേധിച്ചെന്ന് പരാതി

idukki medical college
വെബ് ഡെസ്ക്

Published on Oct 02, 2026, 02:55 PM | 1 min read

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ. അഞ്ചരവയസ്സുകാരിക്ക് അടിയന്തര സ്കാനിങ് നിഷേധിച്ചതായി പരാതി. കുടുംബം പ്രതിഷേധിച്ചതിനെ തുടർന്ന് ഒടുവിൽ സ്കാനിങ് നടത്തിയെങ്കിലും ജീവനക്കാർ തങ്ങളോട് കയർത്തതായി കുട്ടിയുടെ അച്ഛൻ ആരോപിച്ചു. രോഗശമനം ഉണ്ടാകാത്തതിനെ തുടർന്ന് കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


​ഇടുക്കി തടിയമ്പാട് സ്വദേശി മടത്തികണ്ടത്തിൽ അരുൺ ചാക്കോയുടെ അഞ്ചരവയസ്സുകാരിയായ മകൾക്കാണ് സ്കാനിങ് നിഷേധിച്ചത്‌. നാലഞ്ച് ദിവസമായി അസുഖബാധിതയായിരുന്ന കുട്ടിക്ക് അലർജിയാണോ തക്കാളിപ്പനിയാണോ എന്ന് വ്യക്തമായി കണ്ടെത്താനായിരുന്നില്ല. തുടർന്ന് തിങ്കളാഴ്ച എമർജൻസി അടിസ്ഥാനത്തിൽ അടിയന്തര സ്കാനിങ്ങിന് ഡോക്ടർ നിർദേശിച്ചെന്നാണ് കുടുംബം പറയുന്നത്.


​എന്നാൽ, സ്കാനിങ് ശനിയാഴ്ച മാത്രമേ നടത്താനാകൂ എന്ന് പറഞ്ഞ് കുട്ടിയെയും വല്യമ്മയെയും ജീവനക്കാർ തിരിച്ചയക്കാൻ ശ്രമിച്ചു. തുടർന്ന് കുടുംബം ആശുപത്രി അധികൃതരെ ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചതോടെയാണ് കുട്ടിയെ സ്കാനിങ്ങിന് പ്രവേശിപ്പിക്കാൻ ജീവനക്കാർ തയ്യാറായതെന്നും അരുൺ പറയുന്നു.


​ഇതിനുപിന്നാലെ, ജോലി കളയിക്കാനാണോ പരാതി നൽകിയതെന്ന് ചോദിച്ച് ജീവനക്കാർ കുടുംബത്തോട് കയർത്തതായും അരുൺ ചാക്കോയുടെ പരാതിയിലുണ്ട്‌. ഇടുക്കി മെഡിക്കൽ കോളേജിൽ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന പരാതിക്ക് പിന്നാലെയാണ് സ്കാനിങ് നിഷേധിച്ച സംഭവം.


​നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന പരാതിയിൽ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് മെഡിക്കൽ കോളേജിൽനിന്ന് രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച മറ്റൊരു പരാതി കൂടി പുറത്തുവരുന്നത്. അതേസമയം, അസുഖത്തിന് ശമനമില്ലാത്തതിനെ തുടർന്ന് കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home