ഇന്തോനേഷ്യയിൽ അനക് ക്രാകറ്റോവയ്ക്ക് സമീപം പുതിയ രണ്ട് ദ്വീപുകൾ

ജക്കാർത്ത: ഇന്തോനേഷ്യയിലെ അനക് ക്രാകറ്റോവ അഗ്നിപർവതത്തിന് സമീപം രണ്ട് പുതിയ ദ്വീപുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. അഗ്നിപർവതം പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് കടലിൽ പുതിയ ഭൂഭാഗങ്ങൾ രൂപപ്പെട്ടത്. കഴിഞ്ഞമാസം 25 മണിക്കൂറോളം തുടർച്ചയായി അനക് ക്രാകറ്റോവ പൊട്ടിത്തെറിച്ചിരുന്നു. ഇന്തോനേഷ്യൻ ജിയോളജിക്കൽ ഏജൻസിയാണ് ഉപഗ്രഹ ദൃശ്യങ്ങളിലൂടെ പുതിയ ദ്വീപുകൾ കണ്ടെത്തിയത്.
അനക് ക്രാകറ്റോവയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ഏകദേശം 760 മീറ്റർ അകലെയും, തെക്കുകിഴക്ക് ഭാഗത്ത് 495 മീറ്റർ അകലെയുമായി രണ്ട് പുതിയ ഭൂഭാഗങ്ങളാണ് രൂപപ്പെട്ടത്. അഗ്നിപർവതത്തിന്റെ ഗർത്തത്തിന് ഏകദേശം നേർരേഖയിൽ ഇരുവശത്തുമായി സ്ഥിതിചെയ്യുന്നതായാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ.
അഗ്നിപർവതത്തിൽനിന്ന് പുറത്തുവന്ന മാഗ്മയും മറ്റ് അഗ്നിപർവത വസ്തുക്കളും കടലിനടിയിലെ നീണ്ട വിള്ളലിലൂടെ ഉപരിതലത്തിലെത്തി നിക്ഷേപിക്കപ്പെട്ടതാകാം പുതിയ ഭൂഭാഗത്തിന്റെ രൂപീകരണത്തിന് കാരണമെന്നാണ് ശാസ്ത്രീയമായ വിലയിരുത്തൽ. എന്നാൽ, ഈ ഭൂഭാഗങ്ങളുടെ വലുപ്പവും സമുദ്രനിരപ്പിന് മുകളിലുള്ള ഉയരവും കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല.
പുതിയ ഭൂഭാഗങ്ങളെ സ്ഥിരമായ ദ്വീപുകളാകുമോ എന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്നാണ് അധികൃതർ പറയുന്നത്. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് രൂപപ്പെടുന്ന ഭൂഭാഗങ്ങൾ കടൽക്ഷോഭവും മണ്ണൊലിപ്പും മൂലം പിന്നീട് അപ്രത്യക്ഷമാകാനും സാധ്യതയുണ്ട്. അനക് ക്രാകറ്റോവ പോലും 1883ലെ ക്രാകറ്റോവ അഗ്നിപർവതം സ്ഫോടനത്തിന് പിന്നാലെ രൂപപ്പെട്ട പ്രദേശത്താണ് പിന്നീട് വളർന്നുവന്നത്. 1927 മുതൽ പല തവണ പുതിയ ഭൂഭാഗങ്ങൾ അവിടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അവ പ്രളയത്തിലും മറ്റും അപ്രത്യക്ഷമായി. 1930ലാണ് അനക് ക്രകറ്റോവ ദ്വീപ് രൂപപ്പെട്ടത്.









0 comments