ad
Deshabhimani

മുഖ്യമന്ത്രി നല്‍കുന്ന സന്ദേശമെന്ത്? വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന്‌ നിയമമില്ല: പി രാജീവ്

p rajeev.jpg
വെബ് ഡെസ്ക്

Published on Aug 13, 2026, 09:48 PM | 1 min read

കൊച്ചി: വന്ദേമാതരം മുഴുവനായി പാടണമെന്നതിൽ ആർഎസ്എസിന്റെ അഭിപ്രായമാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ചതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്‌ പറഞ്ഞു. വന്ദേമാതരം മുഴുവനായി പാടണമെന്നും അങ്ങനെ ചെയ്‌തില്ലെങ്കിൽ മൂന്നുവര്‍ഷംവരെ തടവ്‌ ലഭിക്കുമെന്നും വ്യവസ്ഥ ചെയ്യുന്ന ഒരു ബില്ലും പാർലമെന്റ്‌ പാസാക്കിയിട്ടില്ലെന്നും രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ആര്‍എസ്എസ് അജൻഡ നിഷ്‌കളങ്കമെന്ന രീതിയിൽ കേരളത്തിൽ നടപ്പാക്കാനും അതിന്‌ പൊതുസ്വീകാര്യതയുണ്ടാക്കാനുമാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നത്. വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2026-ലെ മാർഗനിർദേശം ഉപദേശ സ്വഭാവത്തിലുള്ളത് മാത്രമാണെന്നും അതുകൊണ്ട് ഇടപെടുന്നില്ലെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എല്ലാവരും വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്നും പ്രസിഡന്റ് ഒപ്പുവച്ചെന്നും ഭരണഘടന ചുമതലയിലിരുന്ന്‌ പറയുന്ന മുഖ്യമന്ത്രി നല്‍കുന്ന സന്ദേശമെന്താണ്?


കേന്ദ്രനിര്‍ദേശം ചീഫ് സെക്രട്ടറി താഴേക്ക്‌ നല്‍കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചീഫ് സെക്രട്ടറിക്ക് വരുന്ന കേന്ദ്രനിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്യാതെ താഴേക്ക്‌ അയക്കുമോ?. പൂര്‍ണമായും ആര്‍എസ്എസിന് കീഴടങ്ങുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്‌.


എംഡിഎംഎയുമായി തന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ അറസ്റ്റിലായതിലും മുഖ്യമന്ത്രി നുണകൾ ആവർത്തിക്കുകയാണ്. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിനെ 2023-ല്‍ പരിചയപ്പെട്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, എംഡിഎംഎ-യുമായി അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവും വി ഡി സതീശനും തമ്മിലുള്ള, 2021 മുതലുള്ള നിരവധി ചിത്രങ്ങള്‍ പുറത്തുവന്നു. അഞ്ചുവർഷമായി സതീശന്റെ സമൂഹമാധ്യമ ടീം അംഗമാണെന്ന് അവകാശപ്പെടുന്ന പോസ്റ്റുകളുമുണ്ട്. മുഖ്യമന്ത്രിയുടെ നുണ പ്രതികളെ രക്ഷപ്പെടുത്താനുള്ള സന്ദേശമായി മാറുമോയെന്ന്‌ സംശയിക്കേണ്ടതുണ്ട്‌–രാജീവ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home