വമ്പൻ നിരയുമായി തൃശൂർ ടൈറ്റൻസ്; ലക്ഷ്യം ആദ്യ കിരീടം

തൃശൂർ ടൈറ്റൻസ്| Photo:Social Media
തിരുവനന്തപുരം : കഴിഞ്ഞ രണ്ട് സീസണിലെയും സെമി ഫൈനൽ തോൽവിയുടെ നിരാശ അകറ്റാൻ തൃശൂർ ടൈറ്റൻസ് ഇത്തവണ കളത്തിലിറങ്ങുന്നത് കരുത്തുറ്റ യുവനിരയുമായി. കെസിഎൽ മൂന്നാം സീസണിൽ കിരീടം ലക്ഷ്യമിട്ടാണ് ടീമിന്റെ വരവ്. ഓൾറൗണ്ടർ എം എസ് അഖിലാണ് ടൈറ്റൻസിനെ നയിക്കുന്നത്. അഹമ്മദ് ഇമ്രാനും ഷോൺ റോജറും നേതൃത്വം നൽകുന്ന ബാറ്റിങ് നിരയാണ് ടീമിന്റെ കരുത്ത്.
ഏത് മികച്ച ബൗളിങ് നിരയെയും തകർത്ത് ടീമിന് മികച്ച തുടക്കം നൽകാൻ ശേഷിയുള്ള താരമാണ് അഹമ്മദ് ഇമ്രാൻ. കഴിഞ്ഞ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതായിരുന്ന ഇമ്രാൻ, ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയുമടക്കം 437 റൺസ് സ്വന്തമാക്കിയിരുന്നു.
ഇമ്രാന് പുറമെ ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഷോൺ റോജറും കഴിഞ്ഞ സീസണിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇത്തവണ മികച്ച യുവതാരങ്ങളുടെ വമ്പൻ നിര തന്നെ ടൈറ്റൻസിനുണ്ട്. ഇന്ത്യൻ അണ്ടർ19 ടീമംഗം മാനവ് കൃഷ്ണയാണ് കൂട്ടത്തിലെ പ്രധാന ആകർഷണം. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ അണ്ടർ19 ടീമിനായി സെഞ്ചുറി നേടിയ മാനവ്, കൂച്ച് ബെഹാർ ട്രോഫിയിൽ രണ്ട് സെഞ്ചുറിയടക്കം 590 റൺസ് നേടി മികച്ച ഫോമിലായിരുന്നു. സംസ്ഥാന അണ്ടർ19 ടീമിൽ മാനവിനൊപ്പം കളിച്ച കെആർ രോഹിത്, അമയ് മനോജ്, മൊഹമ്മദ് ഇനാൻ എന്നിവരും കൂടി ചേരുന്നതോടെ തൃശൂർ ടൈറ്റൻസിന്റെ യുവനിര എതിരാളികൾക്ക് ഭീഷണിയാകും.








0 comments