വിദ്യാഭ്യാസ നിലവാരത്തിൽ കേരള മാതൃക; യുഡയസ് പ്ലസ് റിപ്പോർട്ടിൽ മികച്ച പ്രകടനം

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : രാജ്യത്തെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമഗ്രമായി ശേഖരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിക്കുന്ന യുഡയസ് പ്ലസ് റിപ്പോർട്ടിൽ കേരളം മികച്ച പ്രകടനം കാഴ്ചവച്ചതായി മന്ത്രി വി ശിവൻകുട്ടി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്രശിക്ഷാ സംവിധാനം ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. 2024-25 അക്കാദമിക വർഷത്തെ റിപ്പോർട്ടിലാണ് വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളിൽ കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാളും ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനം കാഴ്ചവെച്ചതായി വ്യക്തമാക്കുന്നത്.
അക്കാദമിക് നിലവാരം, വിദ്യാർഥികളുടെ പഠന തുടർച്ച, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം തുടങ്ങിയ എല്ലാ മേഖലകളിലും കേരളം ഒന്നാം സ്ഥാനത്താണ്. അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ 62.9 ശതമാനമാണ് പത്താം ക്ലാസിൽ എത്തുന്നത്. നൂറ് കുട്ടികൾ ഒന്നാം ക്ലാസിൽ ചേരുമ്പോൾ 37 കുട്ടികൾ പത്താം ക്ലാസ് എത്തുന്നതിന് മുമ്പ് തന്നെ പഠനം നിർത്തുന്നുണ്ട്.
പന്ത്രണ്ടാം ക്ലാസിൽ എത്തുന്നവർ ഒന്നാം ക്ലാസിൽ ചേരുന്നതിന്റെ 47.2 ശതമാനമാണ്. എന്നാൽ കേരളത്തിൽ നൂറ് കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കുമ്പോൾ 99.5 ശതമാനം കുട്ടികൾ പത്താം ക്ലാസിലെത്തുന്നു. 90 ശതമാനം കുട്ടികൾ ഹയർ സെക്കൻഡറിയുടെ ഭാഗമാകുന്നു. എന്നാൽ തൊഴിൽ വിദ്യാഭ്യാസ പഠനത്തിനായി പ്രയോജനപ്പെടുത്തുന്ന ഐടിഐകൾ, പോളിടെക്‌നിക്കുകൾ എന്നിവയിൽ പ്രവേശിക്കുന്ന കുട്ടികളുടെ കണക്ക് യുഡയസ് ഡേറ്റയിൽ ഉൾപ്പെടുന്നില്ല. സ്‌കോൾ കേരളയിൽ പഠിക്കുന്ന കുട്ടികളുടെ കണക്കും റിപ്പോർട്ടിലില്ല.
ഇതു കൂടി പരിഗണിച്ചാൽ ഒന്നാം ക്ലാസിൽ ചേരുന്ന ഭൂരിഭാഗം കുട്ടികൾക്കും പന്ത്രണ്ടാം ക്ലാസ് വരെ സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കാൻ കേരളത്തിന് കഴിഞ്ഞു എന്നത് അഭിമാനിക്കാൻ കഴിയുന്ന വസ്തുതയാണ്. ഗുജറാത്തിൽ സ്‌കൂളിൽ പ്രവേശിക്കുന്ന കുട്ടികളിൽ 71.2 ശതമാനം കുട്ടികളെ പത്താം ക്ലാസിൽ എത്തുന്നുള്ളൂ. പന്ത്രണ്ടാം ക്ലാസിൽ എത്തുന്നവരുടെ എണ്ണം 42.3 ശതമാനം മാത്രമാണ്.
57 കുട്ടികൾ പന്ത്രണ്ടാം ക്ലാസിൽ എത്താതെ തള്ളിപ്പോകുന്നു. ഉത്തർപ്രദേശിൽ ചേരുന്ന കുട്ടികളുടെ 49.6 ശതമാനം കുട്ടികളെ പത്തിലെത്തുന്നുള്ളൂ. പന്ത്രണ്ടിൽ എത്തുന്നവർ 42.8 ശതമാനമാണ്. വിദ്യാഭ്യാസ കാര്യത്തിൽ മുന്നിലാണ് എന്ന് പലപ്പോഴും പറയുന്ന പഞ്ചാബിൽ ഒന്നാം ക്ലാസിൽ പ്രവേശിക്കുന്ന കുട്ടികളുടെ 78.2 ശതമാനം മാത്രമേ പത്തിലെത്തുന്നുള്ളൂ. പന്ത്രണ്ടിൽ എത്തുന്നവർ 67.8 ശതമാനമാണ്. ജാർഖണ്ഡിൽ സ്‌കൂളിൽ പ്രവേശിക്കുന്ന കുട്ടികളുടെ 52.3ശതമാനം പത്തിലെത്തുമ്പോൾ 35.1 ശതമാനം കുട്ടികൾ പന്ത്രണ്ടിലെത്തുന്നു.
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും റിപ്പോർട്ടിൽ കേരളം ബഹുദൂരം മുന്നിലാണ്. അക്കാദമിക കാര്യങ്ങളിൽ കമ്പ്യൂട്ടർ ലഭ്യമായ സ്‌കൂളുകൾ ഇന്ത്യയിൽ 57.9 ശതമാനമാണ്. അതിൽ സർക്കാർ മേഖലയിൽ 52.7 ശതമാനം വിദ്യാലയങ്ങളിൽ മാത്രമേ ആധുനിക സൗകര്യങ്ങൾ ഉള്ളൂ. എന്നാൽ കേരളത്തിൽ 99.1 ശതമാനം സ്‌കൂളുകളിലും ഈ സൗകര്യം ഉണ്ട്. സർക്കാർ സ്‌കൂളുകളിൽ 99.3 ശതമാനം സ്‌കൂളിലും ആധുനിക സൗകര്യങ്ങൾ ഉണ്ട്.
കേരളത്തിൽ 91.7 ശതമാനം സ്‌കൂളിലും തടസമില്ലാത്ത ഇന്റർനെറ്റ് സൗകര്യങ്ങളുണ്ട്. എന്നാൽ ഉത്തർപ്രദേശിൽ 45.9 ശതമാനം സ്‌കൂളിൽ മാത്രമേ ഇന്റർനെറ്റ് സൗകര്യമുള്ളൂ. ഇതിൽ സർക്കാർ സ്‌കൂളുകൾ 35.6 ശതമാനമാണ്.
ലിംഗസമത്വ സൂചികയായ ജെൻഡർ പാരിറ്റി ഇൻഡെക്‌സ് സ്‌കൂൾ വിദ്യാഭ്യാസത്തിൽ എല്ലാ തലങ്ങളിലും കേരളം മുകളിലാണ്. ഇത് പെൺകുട്ടികളുടെ പഠന പങ്കാളിത്തം ആൺകുട്ടികളുടേതിന് തുല്യമോ അതിൽ കൂടുതലോ ആണെന്ന് കാണിക്കുന്നു. അധ്യാപകരുടെ ഗുണമേന്മയിലും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലും കേരളം മുൻപന്തിയിലാണ്. ലൈബ്രറി, കളിസ്ഥലം, ടോയ്‌ലറ്റുകൾ, വൈദ്യുതി കണക്ഷൻ, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിൽ കേരളത്തിലെ സ്‌കൂളുകൾ മികച്ച നിലവാരം പുലർത്തുന്നു.
ഈ കാര്യങ്ങളിൽ കേരളത്തിലെ സ്‌കൂളുകൾ ദേശീയതലത്തിൽ മുൻനിരയിലാണ്. പരിശീലനം ലഭിച്ച അധ്യാപകരുടെ ശതമാനം എല്ലാ തലങ്ങളിലും ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നതാണ്. പ്രീ- പ്രൈമറിയിൽ 87.4 ശതമാനം, പ്രൈമറിയിൽ 98.4 ശതമാനം, അപ്പർ പ്രൈമറിയിൽ 97.1 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ. ഈ നേട്ടങ്ങൾ കൈവരിക്കുന്നതിന് പിന്നിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും
രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമുണ്ടെന്നും കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.









0 comments