print edition വീണ്ടും വിവാദ നിയമനം; മന്ത്രി റോജിയുടെ സ്‌റ്റാഫിൽ ജമാഅത്തെ ഇസ്ലാമിക്കാരൻ

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫ് അളിയനെ പേഴ്‌സണൽ സ്റ്റാഫാക്കി നിയമിച്ചതിനുപിന്നാലെ വീണ്ടും വിവാദം. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമിക്കാരനെ നിയമിച്ചതാണ് ഇപ്പോൾ വിവാദമായത്.
ജമാഅത്തെ നേതൃത്വത്തിന്റെ വിശ്വസ്‌തനും വെൽഫയർപാർടി പ്രവർത്തകനുമായ യു ഷൈജുവിനെയാണ് മന്ത്രിയുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാക്കിയത്.
കായംകുളം സ്വദേശിയായ ഷൈജു മീഡിയ വൺ ചാനലിലെ മാധ്യമപ്രവർത്തകനായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ച ഷൈജുവിന്റെ നിയമനത്തിനെതിരെ കെപിസിസിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകി.
കായംകുളം ഒന്നാംവാർഡിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിക്കെതിരെ വെൽഫയർ പാർടിക്കുവേണ്ടി ഷൈജു പ്രചാരണം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു. ഷൈജുവിനെ സ്‌റ്റാഫിലെടുത്തത് ഏത് മാനദണ്ഡമനുസരിച്ചാണെന്നും ഇവർ ചോദിക്കുന്നു.
ഡിസിസി നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതോടെയാണ് കെപിസിസിയെ സമീപിച്ചത്. പേഴ്‌സണൽ സ്റ്റാഫിൽനിന്ന് ഷൈജുവിനെ നീക്കണമെന്നാണ് ആവശ്യമെന്ന് യൂത്ത് കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് അഫ്‌സൽ പ്ലാമൂട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.










0 comments